ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ ആദ്യ ബാച്ചുകൾ ശരിയായ ഗുണനിലവാരം ഉളളവയല്ലെന്ന് ദേശീയ വാക്സിൻ അഡ്മിനിസ്ട്രേഷൻ വിദഗ്‍ദ്ധ സമിതി തലവൻ പറഞ്ഞതായി റിപ്പോർട്ട്. പ്രാരംഭ ബാച്ചുകൾ ശരിയായ നിലവാരത്തിലായിരുന്നില്ല. പക്ഷേ മൂന്നാമത്തെയും-നാലാമത്തെയും ബാച്ചുകൾ മുന്നേറി. അടുത്ത നാല്-ആറ് ആഴ്ചകളിൽ ഭാരത് ബയോടെക് അവരുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും ഡോ. എൻ.കെ. അറോറ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊവാക്സിന്റെ പ്രാരംഭ ബാച്ചുകൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും അറോറ വ്യക്തമാക്കി. പ്രാരംഭ ബാച്ചുകളിലെ ഗുണനിലവാര പ്രശ്നങ്ങൾ ഉത്പാദനത്തെ ബാധിച്ചതായും കൊവാക്സിൻ വിതരണം മദ്ധഗതിയിലാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കാമ്പെയ്നുകളിൽ ഒന്നാണ് ഇന്ത്യയിൽ നടക്കുന്നത്. ഈ വേളയിൽ കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയുടെ ഡോസുകളുടെ കുറവ് രാജ്യത്തെ വാക്സിനേഷൻ ഡ്രെെവിന് വലിയ തടസമായിരുന്നുവെന്നും അറോറ പറഞ്ഞു.
ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ, സെറം തയ്യാറാക്കിയ ഇന്ത്യയുടെ കൊവിഷീൽഡ്, റഷ്യയുടെ സ്‌പുട്‌നിക്ക് 5 എന്നിവയാണ് നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്‌സിനുകൾ. ഇതിൽ സ്‌പുട്‌നിക്ക് വളരെ കുറവ് എണ്ണമേ നൽകുന്നുളളു. ഹൈദരാബാദിലെ ബയോളജിക്കൽ-ഇ കമ്പനിയുടെ വാക്‌സിൻ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഇവയ്‌ക്കായി 1500 കോടി രൂപയുടെ 30 കോടി ഡോസുകൾ സർക്കാർ ബുക്ക് ചെയ്‌ത് കഴിഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |