ന്യൂഡൽഹി: പുരാന നങ്കലിൽ ഒൻപതുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മകളുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെ സംസ്‌കരിക്കുന്നത് തടയാൻ പൊലീസ് തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
ചിത വെള്ളമൊഴിച്ചുകെടുത്താനുള്ള നാട്ടുകാരുടെ ശ്രമം പൊലീസ് തടഞ്ഞെന്നും കുടുംബം പറയുന്നു. കേസിലെ പ്രതികളെ പൊലീസ് സഹായിച്ചു. ഷോക്കേറ്റാണ് മകൾ മരിച്ചതെന്ന് പറയാൻ തങ്ങളെ നിർബന്ധിച്ചു. പരാതി പറയാൻ ചെന്നപ്പോൾ പൊലീസ് ശാരീരികമായും, മാനസികമായും പീഡിപ്പിച്ചുവെന്നും മാതാപിതാക്കൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒൻപതുവയസുകാരിയാണ് കൊല്ലപ്പെട്ടത്. ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളം കൊണ്ടുവരാനായി പോയ പെണ്‍കുട്ടി മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
കൂളറിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ വൈദ്യുതാഘാതമേറ്റതാണെന്നാണ് പൂജാരി പറഞ്ഞത്. കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. സംഭവം പൊലീസില്‍ അറിയിക്കരുതെന്നും, പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ അവര്‍ കുട്ടിയുടെ ആവയവങ്ങള്‍ മോഷ്ടിക്കുമെന്നും അമ്മയെ തെറ്റിദ്ധരിപ്പിച്ച ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ ദഹിപ്പിച്ചതിനാൽ തെളിവുകൾ കണ്ടെത്തൽ എളുപ്പമാകില്ല.സംഭവത്തില്‍ ശ്മശാനത്തിലെ പൂജാരി ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അതേസമയം പരാതി പറയാൻ പോയ പെൺകുട്ടിയുടെ മാതാപിതാക്കളെ ഒരു ദിവസം മുഴുവൻ സ്റ്റേഷനിലിരുത്തിയ പൊലീസ് നടപടിയ്‌ക്കെതിരെ എംഎൽഎ അജയ് ദത്ത് രംഗത്തെത്തി.പൊലീസിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഒരു മാസത്തിനിടെ രണ്ട് പെൺകുട്ടികൾ സമാന രീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |