ന്യൂഡൽഹി: അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഡൽഹിയിലെ ഒരു വിദ്യാർത്ഥി സ്‌കൂൾ തുറക്കാൻ കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. വിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഉചിതമായ തീരുമാനങ്ങൾ അവരെടുക്കട്ടെയെന്നും സുപ്രീംകോടതി അറിയിച്ചു.
പല സംസ്ഥാനങ്ങളിലും ഗുരുതര രോഗ സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്‌കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം. കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണം. മഹാരാഷ്‌ട്രയിലെയും കേരളത്തിലെയും കൊവിഡ് സാഹചര്യങ്ങൾ ഹർജിക്കാരൻ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേരളത്തിൽ നവംബർ ഒന്നുമുതൽ സ്‌കൂളുകൾ തുറക്കുന്നതിന് സർക്കാർ തീരുമാനിച്ചിരുന്നു. ഒക്‌ടോബർ മാസം മുതൽ ഡിഗ്രി തലത്തിൽ പഠനം തുടങ്ങാനും തീരുമാനമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |