SignIn
Kerala Kaumudi Online
Thursday, 19 September 2024 3.01 PM IST

എല്ലാം കഴിക്കാം,​ പക്ഷെ എപ്പോഴാണെന്ന് അറിയണം..

Increase Font Size Decrease Font Size Print Page

grapes

എന്തെങ്കിലും കഴിച്ചുകൂടെന്ന് പറഞ്ഞാൽ അത് ജീവിതകാലം മുഴുവൻ കഴിച്ചുകൂടെന്ന് മനസിലാക്കുന്ന ചിലരുണ്ട്. അങ്ങനെ ഒരിക്കലും കഴിച്ചുകൂടാത്തവയുടെ ലിസ‌്‌റ്റിലെ ആഹാരസാധനങ്ങൾ വളരെ കുറവാണ്. രോഗാവസ്ഥ,​ കാലാവസ്ഥ,​ കഴിക്കുന്ന മരുന്നുകൾ എന്നിവയനുസരിച്ച് ചിലപ്പോൾ ചിലത് ഒഴിവാക്കേണ്ടതുണ്ട് എന്നത് സത്യമാണ്. അല്ലാത്തപ്പോൾ അവയെല്ലാം ഉപയോഗിക്കുകയും ചെയ്യാം. എല്ലാ ആഹാര പദാർത്ഥങ്ങളും എല്ലാർക്കും ഉപയോഗിക്കാവുന്നതാണോ എന്ന് ചോദിക്കുന്നവരോട് 'ചിലർക്ക് ചിലതെല്ലാം ചിലകാലമൊത്തിടും' എന്ന് പറയാനാണ് തോന്നുന്നത്.

ചില രോഗാവസ്ഥകളിൽ മരുന്നിന്റെ പഥ്യമനുസരിച്ച് കഴിക്കാവുന്നവയുടെ ലിസ്റ്റ് കാണുന്നവർ,​ അന്നുവരെ കഴിച്ചിരുന്ന പലതും ഒഴിവാക്കണമെന്ന് കൂടി കേൾക്കുമ്പോൾ വളരെ വിഷമത്തോടെയും ദേഷ്യത്തോടെയും ഡോക്‌ടറെ നോക്കി ഇരിക്കാറുണ്ട്. അത് ഒഴിവാക്കാനായി ഏതൊക്കെ കഴിക്കാൻ പാടില്ലെന്ന് പറയുന്നതിനെക്കാൾ എന്തൊക്കെ കഴിക്കാം എന്നുപറയുന്നതായിരിക്കും കൂടുതൽ ഉചിതം.

ആഹാരത്തിന് രുചി തോന്നാത്തവർക്ക് പ്രത്യേകിച്ചും ധാന്യാഹാരം കഴിക്കണമെന്ന് തോന്നുമ്പോൾ അതിനൊപ്പം തൈര് ചേർത്ത് കഴിക്കാവുന്നതാണ്. നെഞ്ചെരിച്ചിലുള്ളവർക്ക് മധുരമുള്ള ചെറിയ വാഴപ്പഴങ്ങൾ കഴിക്കാം.

ഹൃദയാരോഗ്യത്തിന്

കറുത്ത മുന്തിരി


മലശോധന ലഭിക്കുന്നതിന് നാരുകൾ ധാരാളമടങ്ങിയ ധാന്യങ്ങളോ പഴമോ ഇലക്കറിയോ കഴിക്കുന്നത് നല്ലതാണ്. ജലദോഷത്തിന് ഇഞ്ചിനീരിൽ തേൻ ചേർത്ത് കഴിക്കുകയോ ചിക്കൻ സൂപ്പ് ചൂടോടെ കുടിക്കുകയോ ചെയ്യാം. ശരീരബലവും വണ്ണവും കുറഞ്ഞവർ മാംസാഹാരം കഴിക്കുന്നത് ഗുണം ചെയ്യും.
തലവേദനയുള്ളവർ ധാരാളം വെള്ളം കുടിക്കണം. അർശസും ദഹനക്കുറവുമുള്ളവർ മോര്, മോരുകറി, ചുവന്നുള്ളി തുടങ്ങിയവ ഉപയോഗിക്കണം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പുളിയുള്ള പഴങ്ങൾ അഥവാ സിട്രസ് ഫ്രൂട്ട്സ് ആഹാരത്തിന്റെ ഭാഗമാക്കണം. ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കുന്നതിന് അവക്കാഡോ എന്ന പഴം അഥവാ ബട്ടർഫ്രൂട്ട് നല്ലതാണ്. അസ്ഥിതേയ്‌മാനം കുറയ്‌ക്കുന്നതിന് ഉപയോഗപ്പെടുന്ന ഒമേഗാ 3 ഫാറ്റി ആസിഡ്, ഫ്ലാക്‌സ് സീഡിൽ (ചണവിത്ത്) ധാരാളം അടങ്ങിയിട്ടുണ്ട്. ചണവിത്ത്, പാൽക്കട്ടി എന്നിവ ഉപയോഗിക്കുന്നവർക്ക് കാൽസ്യത്തിന്റെ കുറവുണ്ടാകില്ല. ആവശ്യത്തിന് നെയ്യ് ഉപയോഗിക്കുന്നവർക്ക് ഓർമ്മശക്തി വർദ്ധിക്കും. പടവലങ്ങയും ഉണക്ക കറുത്ത മുന്തിരിയും ഉപയോഗിക്കുന്നവരുടെ ഹൃദയാരോഗ്യം വർദ്ധിക്കും.
ചുക്ക് വെള്ളം കുടിക്കുന്നത് വേദനയെ കുറയ്‌ക്കും. മാതളത്തോട്, ചുക്ക്, ഗ്രാമ്പു എന്നിവ തിളപ്പിച്ചാറ്റി കുടിച്ചാൽ വയറിളക്കം കുറയും.

വണ്ണം കുറയാൻ

മുതിര വെള്ളം


മാതളം കഴിക്കുന്നത് പ്രോസ്ട്രേറ്റ് രോഗത്തിനും വയറിളക്കം നിറുത്തുന്നതിനും നല്ലതാണ്. മലശോധന വർദ്ധിപ്പിക്കാൻ വാഴക്കൂമ്പ്, മുരിങ്ങയിലത്തോരൻ, പാൽ, പപ്പായ എന്നിവ നല്ലതാണ്.
മലശോധന കുറയ്‌ക്കുന്നതിന് തേൻ നല്ലത്. ശരീരബലം വർദ്ധിപ്പിക്കുന്നതിന് പച്ചത്തക്കാളി കറിവച്ചതും മുട്ടയും കഴിക്കണം.
ശ്വാസവൈഷമ്യമുള്ളവർ ചുക്ക്കാപ്പിയോ തുളസിയിലയിട്ട കാപ്പിയോ കുടിക്കണം.
സന്ധികളിലെ നീര് കുറയുന്നതിന് തഴുതാമ തോരൻവച്ച് കഴിക്കണം. രക്തസമ്മർദ്ദം കുറയ്‌ക്കാൻ മുരിങ്ങയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രി കിടക്കുന്നതിനുമുമ്പ് തിളപ്പിച്ചാറ്റിയ എരുമപ്പാൽ കുടിക്കണം. വാതരോഗം കുറയ്‌ക്കുന്നതിന് പോത്തിറച്ചി കഴിക്കാം. വണ്ണം കുറയ്‌ക്കുന്നതിന് മുതിര തിളപ്പിച്ച് വെള്ളം ഊറ്റി കുടിക്കുകയോ വേവിച്ച് കഴിക്കുകയോ ചെയ്യാം.
മൂത്രരോഗങ്ങളും വെള്ളപോക്കും ശമിക്കുന്നതിന് കൊത്തമല്ലി ചതച്ചിട്ട് വച്ച കഞ്ഞിവെള്ളം പിറ്റേന്ന് രാവിലെ കുടിക്കണം. മൂത്രച്ചൂട് കുറയുന്നതിന് വാഴപ്പിണ്ടിനീര് കുടിക്കാം. മൂത്രത്തിലെ അണുബാധ കുറയ്‌ക്കുന്നതിന് കരിക്കിൻവെള്ളത്തിൽ ഏലത്തരി ചേർത്ത് കുടിക്കണം.

നെല്ലിക്ക കഴിക്കാം

വാർദ്ധക്യത്തെ മറക്കാം


ഉന്മേഷത്തിന് ചായയോ കാപ്പിയോ കുടിക്കാം. അലർജി രോഗങ്ങൾ കുറയുന്നതിന് മഞ്ഞളിന്റെ ഉപയോഗം വർദ്ധിപ്പിക്കണം. പെട്ടെന്ന് വാർദ്ധക്യം ബാധിക്കാതിരിക്കാൻ നെല്ലിക്ക കഴിക്കണം. ധാന്യപ്പൊടി കൊണ്ടുണ്ടാക്കുന്ന പുട്ടും അവലോസുപൊടിയും എളുപ്പത്തിൽ ദഹിക്കുന്നതിന് ചൂടുവെള്ളം കുടിക്കണം. മാംസാഹാരം കഴിക്കുമ്പോഴുള്ള ദോഷം കുറയ്‌ക്കുന്നതിന് പച്ചക്കറികൾ കൂടി സാലഡായി ഉൾപ്പെടുത്തണം .
ആഹാരം കഴിച്ചാലുടൻ ദഹനം ത്വരിതപ്പെടുത്തുന്നതിന് പെരുംജീരകം ചവച്ചു നീരിറക്കണം.
ശരീരം തടി വയ്‌ക്കുന്നതിന് ഈത്തപ്പഴം, ഏത്തപ്പഴം പായസം, ഉഴുന്ന് തുടങ്ങിയവ ഉൾപ്പെടുത്തണം. ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകളുള്ളവർ ഫിഗ് അഥവാ അത്തിപ്പഴം കഴിക്കണം.
തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നവരുടെ ദേഹത്ത് ചൂട് വർദ്ധിപ്പിക്കുന്നതിന് കാഷ്യൂനട്ട് നല്ലതാണ്. ചൂട് കൂടുതലുള്ള ദേഹം തണുപ്പിക്കുന്നതിന് ശതാവരിക്കിഴങ്ങ് പാലിൽ കാച്ചി കുടിക്കാം.

അസ്ഥിബലത്തിന്

ചെറിയ മീൻ കറിവച്ചത്


അസ്ഥികൾക്ക് ബലം ലഭിക്കണമെങ്കിൽ ചെറിയ മീൻ കറിവച്ചത് മുള്ളോടെ കഴിക്കണം. രക്തസമ്മർദ്ദമുള്ളവർ കറിയുപ്പിനു പകരം ഇന്തുപ്പ് കഴിക്കണം. സ്ത്രൈണ ഹോർമോൺ കുറവുള്ളവർ സോയാബീൻ കഴിക്കണം.

ഇവിടെ പറഞ്ഞ ഓരോ ആഹാരവസ്‌തുവും മരുന്നുപോലെ ഉപകാരപ്പെടുന്നവയാണ്. ഇതുപോലെയുള്ള നിരവധി അവസ്ഥകൾക്ക് യോജിക്കുന്ന ആഹാരവസ്‌തുക്കൾ ഇനിയുമേറെ പറയുവാനുമുണ്ട്. അതുകൂടി മനസിലാക്കി ഉപയോഗിക്കുന്ന ഒരാളിന് 'മരുന്ന് ചികിത്സ' കുറയ്‌ക്കാൻ സാധിക്കും. മരുന്നുകൊണ്ട് മാത്രമല്ല ചികിത്സ എന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കും വിധമുള്ള ആയുർവേദ ചികിത്സയുടെ ഭാഗമായി ഇത്തരം ചികിത്സകളും നമ്മുടെ നിത്യജീവിതത്തിൽ ഇടം പിടിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, FOOD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.