SignIn
Kerala Kaumudi Online
Thursday, 19 February 2026 1.34 AM IST

വിഴിഞ്ഞത്ത് പുതിയ ഉറപ്പ്: 2023ൽ കപ്പൽ അടുക്കും

Increase Font Size Decrease Font Size Print Page
vizinjam

ഏകോപനത്തിന് സ്പെഷ്യൽ ഓഫീസർ

തിരുവനന്തപുരം: സ്വപ്‌നം യാഥാർത്ഥ്യമാക്കി, 2023 അവസാനം വിഴിഞ്ഞത്ത് കപ്പൽ അടുപ്പിക്കുമെന്ന് സർക്കാരിന് അദാനിയുടെ ഉറപ്പ്. രണ്ട് പ്രളയങ്ങൾ, രണ്ട് ചുഴലിക്കാറ്റുകൾ, പാറക്ഷാമം, കൊവിഡ് എന്നിങ്ങനെ പ്രതിസന്ധികൾ കാരണം കരാർ കാലാവധി നീണ്ടെങ്കിലും ഇതിനപ്പുറം സമയമെടുക്കില്ലെന്നാണ് അദാനിയുടെ ഉറപ്പ്. 50ലക്ഷം ടൺ പാറ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ നിന്നെത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ആവശ്യമെങ്കിൽ മറ്റ് വികസന പദ്ധതികൾക്കായി ശേഖരിച്ച പാറയും നൽകും. നിർമ്മാണം ഏകോപിപ്പിക്കാൻ തിരുവനന്തപുരം മുൻ കളക്ടർ കെ. ഗോപാലകൃഷ്‌ണനെ സ്പെഷ്യൽഓഫീസറായി നിയമിച്ചു. പദ്ധതിപ്രദേശത്ത് ഓഫീസും അനുവദിച്ചു.

1460 ദിവസം കൊണ്ട്, 2019 ഡിസംബർ 3ന് തുറമുഖപദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും പകുതിപോലും തീർക്കാനായിട്ടില്ല. നീട്ടിനൽകിയ 9മാസത്തെ സമയപരിധി കഴിഞ്ഞ സെപ്തംബറിൽ തീർന്നു. പിന്നീടുള്ള ഓരോദിവസത്തിനും പ്രതിദിനം 12ലക്ഷം രൂപ അദാനി സർക്കാരിന് പിഴയടയ്ക്കണമെന്നാണ് വ്യവസ്ഥ. ഈ കടുത്ത നടപടിയിലേക്ക് കടക്കാൻ സർക്കാരിനും താത്പര്യമില്ല.

പ്രതിസന്ധി തീർക്കാൻ തുറമുഖമന്ത്രി ഇന്നലെ വിഴിഞ്ഞത്തെത്തി അദാനി ഗ്രൂപ്പുമായി ചർച്ചനടത്തി. തമിഴ്നാട്ടിൽ നിന്ന് റോഡുമാർഗ്ഗം പാറയെത്തിക്കാൻ തടസ്സമായത് കന്യാകുമാരി കളക്ടറുടെ ഉത്തരവായിരുന്നു. തമിഴ്നാട് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം പരിഹരിച്ചെന്നും പാറയെത്തുന്നത് മുടങ്ങില്ലെന്നും മന്ത്രി ദേവർകോവിൽ അറിയിച്ചു.

ഇതോടെ കൂടുതൽ ബാർജുകൾ എത്തിച്ച് കടൽ-കര മാർഗം പുലിമുട്ടു നിർമ്മാണം വേഗത്തിലാക്കുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനൽകി. 2024വരെ സാവകാശം കിട്ടണമെന്ന് ആർബിട്രേഷൻ ട്രൈബ്യൂണലിൽ അദാനി ആവശ്യപ്പെട്ടിരുന്നു. 2015 ഡിസംബറിലാണ് പണിതുടങ്ങിയത്.

അദാനിയും സർക്കാരും

 റോഡ്-റെയിൽ കണക്ടിവിറ്റിയൊരുക്കാനും അതിർത്തി മതിൽ നിർമ്മിക്കാനും പാറലഭ്യത ഉറപ്പാക്കാനും സർക്കാരിന് കഴിഞ്ഞില്ലെന്ന് അദാനി. ക്വാറി അനുവദിക്കുന്നതിൽ കാലതാമസം. പാറ പൊട്ടിച്ചെടുക്കാൻ നിയമതടസ്സം.

 അദാനി പല കാരണങ്ങൾ പറഞ്ഞ് സമയം നീട്ടുകയാണ്. സർക്കാ‌ർ ഇടപെട്ട് തമിഴ്നാട്ടിൽ നിന്ന് പാറയെത്തിച്ചു. അദാനിയുടെ എല്ലാ പരാതികളും അപ്പപ്പോൾ പരിഹരിക്കുന്നുണ്ട്. ഇനി സമയം വൈകിക്കാനാവില്ല.

എങ്ങനെ വൈകി

പാറദൗർലഭ്യം

3100 മീറ്റർ പുലിമുട്ടുണ്ടാക്കാൻ 20 ലക്ഷം ടൺ പാറ തൂത്തുക്കുടി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നെത്തിച്ചു.

50 ലക്ഷം ടൺ ഇനിയും വേണം. പൂർത്തിയായത് 20%

ചുഴലിക്കാറ്റുകൾ

ഓഖി, ടൗട്ടേ ചുഴലിക്കാറ്റുകൾ വില്ലനായി. 900മീറ്റർ പുലിമുട്ട് നിർമ്മിച്ചതിൽ 175മീറ്റർ ഒഴുകിപ്പോയി. ബണ്ട് റോഡ് തകർന്ന് 100ടൺ പാറ കടലിൽ പതിച്ചു.

കടൽക്ഷോഭം

കടൽക്ഷോഭത്തിൽ 60 മീറ്റർ പുലിമുട്ട് തകർന്നു. അടിത്തട്ടിൽ 120 മീറ്റർ വീതിയിൽ അടുക്കിയിരുന്ന പാറക്കല്ലുകൾ ഒലിച്ചുപോയി.

7700കോടി

ആദ്യഘട്ടചെലവ്

"വലിയ പ്രോജക്ടുകൾക്ക് സമയം നീട്ടിനൽകേണ്ടിവരും. കാര്യങ്ങൾ ഇനി നന്നായി പോവും. നല്ല നിലയ്ക്ക് കാര്യങ്ങൾ പോയാൽ പ്രശ്നമില്ല. സ്വാഭാവികമായ താമസമാണുണ്ടായത്."

അഹമ്മദ് ദേവർകോവിൽ

തുറമുഖമന്ത്രി

TAGS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY