SignIn
Kerala Kaumudi Online
Friday, 15 May 2026 8.03 PM IST

തിരുവാഭരണത്തിന് പകരം മറ്റൊന്ന് വച്ച് തടിയൂരാൻ നോക്കി; ആ നിർണായക വിവരം തുമ്പായതോടെ ഒളിച്ചുവച്ചതെല്ലാം പുറത്തേക്ക്‌

ettumanoor

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ രുദ്രാക്ഷമാല മോഷ്ടിക്കപ്പെട്ടതുതന്നെയെന്ന് ഏറ്റുമാനൂർ പൊലീസ് സ്ഥിരീകരിച്ചു. വിവരം പുറത്തറിഞ്ഞപ്പോൾ മറ്റൊരു മാല പകരം വയ്ക്കുകയായിരുന്നു. സംഭവത്തിൽ മുൻ മേൽശാന്തി കാഞ്ഞങ്ങാട് സ്വദേശി കേശവൻ സത്യേശിനെതിരെ പൊലീസ് മോഷണക്കുറ്റം ചുമത്തി. ഇയാളെ ഉടൻ ചോദ്യം ചെയ്യും.

81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാല മോഷ്ടിച്ച ശേഷം 72 മുത്തുകളുള്ള മാല പകരം വച്ചതാണെന്ന നിർണായകവിവരമാണ് വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് വെളിപ്പെടുത്തുന്നത്. മാലയുടെ തൂക്കം കുറഞ്ഞെന്ന വിവരം അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് എസ്.പി ബിജോയിയുടെ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് തിരുവാഭരണം കമ്മിഷണർ എസ്. അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റന്റ് കമ്മിഷണർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മാല നഷ്ടപ്പെട്ടിട്ടില്ല 9 മുത്തുകളുടെ കുറവ് കണ്ടെത്തിയെന്നായിരുന്നു തിരുവാഭരണം കമ്മിഷണർ അജിത് കുമാർ ബോർഡിന് നൽകിയ റിപ്പോർട്ട്. ജൂലായിൽ പുതിയ മേൽശാന്തി സ്ഥാനമേറ്റപ്പോഴാണ് മുത്തുകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്.

പഴക്കം കുറഞ്ഞത് നിർണായക തെളിവ്

ദേവസ്വം ജീവനക്കാരനായ ഒരാൾ 2006ൽ സമർപ്പിച്ചതാണ് 23 ഗ്രാമുള്ള മാല. പകരം വച്ച മാലയുടെ തൂക്കം 20 ഗ്രാം. എന്നാൽ, ഈ മാലയ്ക്ക് മൂന്ന് വർഷത്തിലധികം പഴക്കമില്ലെന്ന് വിദഗ്ദ്ധ പരിശോധനയിൽ ബോദ്ധ്യപ്പെട്ടു.

 '' രണ്ട് വിദഗ്ദ്ധന്മാരെക്കൊണ്ട് മാല പരിശോധിപ്പിച്ചു. മുൻ മേൽശാന്തി കേശവ് സത്യേശിനെ ചോദ്യം ചെയ്യും. അതിന് ശേഷം തുടർ നടപടികളിലേക്ക് നീങ്ങും.''

-സി.ആർ. രാജേഷ്,

ഏറ്റുമാനൂർ സി.ഐ

 '' തിരുവാഭരണം സൂക്ഷിക്കേണ്ട പൂർണ ഉത്തരവാദിത്വം മേൽശാന്തിക്കാണ്. മേൽശാന്തിക്ക് വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവും'' -എൻ. വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ETTUMANOOR TEMPLE GOLD CHAIN MISSING, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY