തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ തനത് ജലസ്രോതസുകൾ തേടിയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് നാല് വാൽക്കിണറുകൾ. ജിയോളജി വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും നടത്തിയ ഫീൽഡ് മാപ്പിംഗിലാണ് 100 വർഷത്തോളം പഴക്കമുള്ള ഇവ കണ്ടെത്തിയത്. ഒരു ദിശയിൽ നിന്ന് പടികെട്ടിറങ്ങിച്ചെന്ന് വെള്ളമെടുക്കാൻ കഴിയുന്നവിധമാണ് നിർമ്മാണം. ചുറ്റുമുള്ള ഭാഗം സാധാരണ കിണറുപോലെ കുത്തനെ കുഴിച്ചതാണ്. ഇരുപത്തിയഞ്ച് അടി താഴ്ച വരും. ആർക്കിയോളജി വിഭാഗത്തിന്റെ പിന്നിലും ബോട്ടണി വിഭാഗത്തിന്റെ പരിസരത്തുമായി കണ്ടെത്തിയ ഇവ മണ്ണുമൂടി ഉറവ വറ്റിയ നിലയിലാണ്. ഇവ സംരക്ഷിക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ജിയോളജി - ആർക്കിയോളജി വിഭാഗങ്ങൾ സംയുക്തമായി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംരക്ഷണത്തിന് ആവശ്യമായ ഫണ്ട് സിൻഡിക്കേറ്റ് അനുവദിച്ചിട്ടുണ്ട്.
നാടാർ സമുദായത്തിൽപെട്ടവർ കാര്യവട്ടത്ത് വെറ്റില കൃഷി നടത്തിയിരുന്നു. കൃഷിക്കും വെള്ളത്തിനും വെട്ടുകല്ലിനും വേണ്ടിയാണ് വാൽക്കിണറുകൾ നിർമ്മിച്ചത്. വെട്ടുകല്ലുളള പ്രദേശമായതിനാൽ പെട്ടെന്ന് ഇടിഞ്ഞുപോകില്ല.
ഡോ. ഷാജി ഇ,
ജിയോളജി വിഭാഗം മേധാവി,
കേരള സർവകലാശാല