കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസ് പ്രതികളുമായി പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് ബന്ധമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. ഇയാളുടെ കൈവശമുള്ള വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പുറമേയാണിത്. എൻ.ഐ.എയുടെ പിടിയിലാകും മുമ്പ് സ്വപ്ന സുരേഷിന് കൊച്ചിയിൽ ഒളിവിൽ കഴിയാൻ മോൻസണിന്റെ സഹായം ലഭിച്ചിരുന്നോ എന്ന സംശയം സ്ഥിരീകരിക്കാനാണ് അന്വേഷണം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം കഴിഞ്ഞവർഷം ജൂലായിൽ കൊച്ചിയിലാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. മോൻസണുമായി അടുപ്പമുണ്ടായിരുന്ന ചിലർ വഴിയാണ് ശബ്ദരേഖ പുറത്തുവന്നതെന്നാണ് സംശയം. ഇരുവരുടേയും ഫോൺവിളികൾ ഉൾപ്പെടെ പരിശോധിക്കുമെന്നാണ് സൂചന. മോൻസണിന്റെ വിദേശ വാഹനങ്ങൾ നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്തതാണോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിലാണ് ഇവയുടെ രജിസ്ട്രേഷൻ. കലൂരിലെ വീട്ടിലെത്തി കസ്റ്റംസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു.
മോൻസൺ മാവുങ്കൽ കേസിൽ പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരായ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ സംഘം പ്രവർത്തിക്കും. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേൽനോട്ടം വഹിക്കും.
ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി എം.ജെ.സോജൻ, കോഴിക്കോട് വിജിലൻസ് എസ്.പി പി.സി.സജീവൻ, ഗുരുവായൂർ ഡിവൈ.എസ്.പി കെ.ജി.സുരേഷ്, പത്തനംതിട്ട സി - ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്പെക്ടർ പി.എസ്.ഷിജു, വടക്കേക്കര ഇൻസ്പെക്ടർ എം.കെ.മുരളി, എളമക്കര സബ് ഇൻസ്പെക്ടർ രാമു, തൊടുപുഴ സബ് ഇൻസ്പെക്ടർ ബൈജു പി.ബാബു എന്നിവരാണ് സംഘാംഗങ്ങൾ.