SignIn
Kerala Kaumudi Online
Sunday, 17 May 2026 11.18 PM IST

ലഖിംപൂർ ഖേരി അക്രമം, മന്ത്രിപുത്രന് സമൻസ്

ashish-mishra

 ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തേക്കും  അഞ്ച് പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ നാലു കർഷകരടക്കം എട്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് കരുതുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ലക്‌നൗ റേഞ്ച് ഐ.ജി. ലക്ഷ്മി സിംഗ് പറഞ്ഞു. ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വീഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയതായി ഐ.ജി പറഞ്ഞു. അക്രമസംഭവങ്ങളിൽ ഇന്നലെ യു.പി പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ ആശിഷ് മിശ്രയുടെ അടുത്ത സുഹൃത്തുക്കളായ ലവ് കുശ് റാണെ, ആശിഷ് പാണ്ഡെ എന്നിവരെ അറസ്റ്റ് ചെയ്തെന്നാണ് വിവരം.

സംഭവ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ കർഷക പ്രതിഷേധം നടക്കുന്ന സ്ഥലത്ത് മൂന്ന് വാഹനങ്ങളിലായി ആയുധധാരികളായ 15 പേർ എത്തി. ഇവർ വെടിയുതിർത്ത് കൊണ്ട് കർഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയായിരുന്നുവെന്നും സംഘത്തിൽ ആശിഷ് മിശ്രയുമുണ്ടായിരുന്നു എന്നും എഫ്.ഐ.ആറിൽ പറയുന്നു.

നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി വീണ്ടും ആവശ്യപ്പെട്ടു.

പൊലീസ് തിരയുമ്പോഴും മാദ്ധ്യമങ്ങളോട് പ്രതികരിച്ച് ആശിഷ്

എനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. സംഭവ ദിവസം രാവിലെ 9 മണി മുതൽ അക്രമങ്ങളവസാനിക്കുന്നത് വരെ ഞാൻ ബൻവാരിപൂരിലായിരുന്നു. അക്രമങ്ങളെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കണം.

- ആശിഷ് മിശ്ര

ഹരിയാനയിലും

സമാന സംഭവം

ഹരിയാനയിലെ നാരായിൻ ഗഡിൽ കർഷക സമരത്തിന് നേരെ ബി.ജെ.പി എം.പി നയാബ് സൈനിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റി. ഒരു കർഷകന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ എം.പി വാഹനത്തിലുണ്ടായിരുന്നുവെന്ന് കർഷകർ ആരോപിച്ചു.

സിദ്ദുവിനെ തടഞ്ഞു

ലഖിംപൂരിലേക്ക് മൂന്ന് പഞ്ചാബ് മന്ത്രിമാരോടൊപ്പമെത്തിയ പി.സി.സി അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ദുവിനെ യു.പി അതിർത്തിയായ സഹറാൻപൂരിൽ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. സിദ്ദുവിനെയും സംഘത്തെയും സർസാവ എയർ ഫോഴ്സ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, LAKHIMPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360