അബുദാബി: ക്രിസ് ഗെയ്ലിനോട് പഞ്ചാബ് കിംഗ്സ് ടീം മാന്യത കാട്ടാതിരുന്നതുകൊണ്ടാണ് അദ്ദേഹം പാതിവഴിയിൽ ഐ.പി.എൽ ഉപേക്ഷിച്ച് മടങ്ങിയതെന്ന് മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സൺ കുറ്റപ്പെടുത്തി. ജന്മദിനത്തിന്റെ അന്നുപോലും ഗെയ്ലിനെ പഞ്ചാബ് കളത്തിലിറക്കിയില്ലെന്നും പീറ്റേഴ്സൺ ചൂണ്ടിക്കാട്ടി.
ഐപിഎല്ലിലെ ബയോ ബബിൾ സംവിധാനം മടുത്തെന്നും ട്വന്റി-20 ലോകകപ്പിൽ വെസ്റ്റിൻഡീസിനായി കളത്തിലിറങ്ങും മുമ്പ് വിശ്രമം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗെയ്ൽ ടീം വിട്ടത്. ഈ സീസണിൽ 10 മത്സരങ്ങളിലാണ് ഗെയ്ൽ പഞ്ചാബിനായി കളിക്കാനിറങ്ങിയത്. 193 റൺസ് നേടി.
ഐ.പി.എൽ രണ്ടാം ഘട്ടത്തിൽ ഗെയ്ലിന്റെ ജന്മദിനത്തിലായിരുന്നു പഞ്ചാബിന്റെ ആദ്യ മത്സരം. അന്ന് താരത്തെ കളിപ്പിച്ചിരുന്നില്ല.
2019 സീസണിൽ പഞ്ചാബിനായി ഗെയ്ൽ അടിച്ചുകൂട്ടിയത് 490 റൺസാണ്. എന്നാൽ 2020സീസണിലെ ആദ്യ ഏഴു മത്സരങ്ങളിൽ താരത്തെ പുറത്തിരുത്തി. അതിൽ ആറു മത്സരങ്ങളിലും ടീം തോറ്റു. പിന്നീട് കളിച്ച ഏഴു മത്സരങ്ങളിൽ നിന്ന് 288 റൺസ് സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |