കൊച്ചി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേർ ചേർന്ന് കഴിഞ്ഞ ഒരുവർഷത്തിനിടെ ആസ്തിയിൽ കൂട്ടിച്ചേർത്തത് 25,700 കോടി ഡോളർ (19.19 ലക്ഷം കോടി രൂപ). 2020നേക്കാൾ വളർച്ച 50 ശതമാനം. ഇവരുടെ ആകെ ആസ്തി 77,500 കോടി ഡോളറിലുമെത്തി (57.86 ലക്ഷം കോടി രൂപ). ഫോബ്സ് മാഗസിൻ ഇന്നലെ പുറത്തുവിട്ട 'ഫോബ്സ് ഇന്ത്യ 100 റിച്ചസ്റ്റ് ഇന്ത്യൻസ്-2021" റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കൊവിഡ് പശ്ചാത്തലത്തിലും പട്ടികയിലെ 80 ശതമാനം പേരുടെ ആസ്തി കഴിഞ്ഞവർഷം വർദ്ധിച്ചു. 400 കോടി ഡോളർ (29,868 കോടി രൂപ) വർദ്ധനയുമായി 9,270 കോടി ഡോളർ (6.92 ലക്ഷം കോടി രൂപ) ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ.
7,480 കോടി ഡോളർ (5.58 ലക്ഷം കോടി രൂപ) ആസ്തിയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് രണ്ടാമത്. 200 ശതമാനത്തോളം വളർച്ചയുമായി 4,950 കോടി ഡോളറാണ് (3.69 ലക്ഷം കോടി രൂപ) കൊവിഡ്കാലത്ത് അദാനി ആസ്തിയിൽ കൂട്ടിച്ചേർത്തത്.
എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാർ (3,100 കോടി ഡോളർ), അവന്യൂ സൂപ്പർമാർട്ട്സ് മേധാവി രാധാകിഷൻ ധമാനി (2,940 കോടി ഡോളർ), സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനാവാല (1,900 കോടി ഡോളർ) എന്നിവരാണ് മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ യഥാക്രമം. 1,800 കോടി ഡോളർ ആസ്തിയുമായി ഏഴാമതുള്ള സാവിത്രി ജിൻഡാലാണ് (ഒ.പി. ജിൻഡാൽ ഗ്രൂപ്പ്) ടോപ് 10ലെ ഏക വനിത.
മലയാളികളിൽ യൂസഫലി
ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക-2021ലും ഏറ്റവും സമ്പന്നനായ കേരളീയനെന്ന പട്ടം നിലനിറുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഇന്ത്യൻ പട്ടികയിൽ 38-ാമതുള്ള യൂസഫലിയുടെ ആസ്തി 500 കോടി ഡോളറാണ് (37,335 കോടി രൂപ). ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ (30,241 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (30,092 കോടി രൂപ), ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (18,667 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (16,054 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മറ്റ് മലയാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |