SignIn
Kerala Kaumudi Online
Thursday, 24 September 2026 4.21 PM IST

നെടുമുടിയിലെ അഭിനയക്കൊടുമുടി

nedu

ആലപ്പുഴ: നെടുമുടിയെന്ന ഒറ്റവാക്കിൽ ഒതുങ്ങിയ നടനവിസ്മയമായിരുന്നു അരങ്ങൊഴിഞ്ഞ നെടുമുടി വേണു. വേണുവെന്നും ശശിയെന്നും അടുപ്പക്കാർ വിളിച്ചിരുന്നെങ്കിലും സാധാരണ പ്രേക്ഷകന്റെ നാവിൽ പലപ്പോഴും നെടുമുടി എന്ന ഒറ്റവാക്കിലേയ്ക്ക് ചുരുങ്ങിയിരുന്നു.

സിനിമയുടെ മായാക്കാഴ്ചകളിൽ മയങ്ങാതെ എക്കാലവും തനി കുട്ടനാട്ടുകാരനായിരുന്നു അദ്ദേഹം. നാട്ടിലെ ഉത്സവങ്ങളും വികസനവും വിശേഷങ്ങളും സുഹൃത്തുക്കളെ മിക്കപ്പോഴും ഫോണിൽ വിളിച്ച് തിരക്കുമായിരുന്നു. നെടുമുടിയിലെ വാലേഴത്ത് വീട്ടിൽ നിന്നാണ് നാടകത്തിന്റെയും സിനിമയുടെയും ലോകത്തേക്ക് വേണു യാത്ര തിരിച്ചത്.

ഉത്സവം കൂടാനും കഥകളി കാണാനും വള്ളം തുഴയാനും നാടാകെ ചുറ്റിനടന്നു. നാട്ടുകാർക്കൊപ്പം കലുങ്കിലിരുന്ന് കുശലാന്വേഷണം നടത്താൻ ഇനി തങ്ങളുടെ പ്രിയപ്പെട്ട ശശിയില്ലെന്ന തിരിച്ചറിവ് നാടിനെയും സങ്കടത്തിലാക്കി. നാടൊന്നാകെ ഇന്നലെ വാലേഴത്ത് വീട്ടിലേക്ക് ഒഴുകിയെത്തി. ജ്യേഷ്ഠൻ രാമചന്ദ്രന്റെ ഭാര്യ അമ്പിളി മാത്രമാണ് തറവാട്ടിലുള്ളത്. എപ്പോൾ നാട്ടിലെത്തിയാലും അടുപ്പക്കാരെ കാണാതെ മടങ്ങാറില്ല. ഓരോരുത്തരെയും പേരെടുത്ത് വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയും. കൃഷിക്കൊപ്പം കലയും നൂറുമേനി വിളയുന്ന നാടാണ് കുട്ടനാട്. കലയോളുള്ള ഇന്നാട്ടുകാരുടെ അഭിനിവേശമാണ് ഏറ്റവുമധികം കലാകാരന്മാർക്ക് ഇവിടം ജന്മനാടായതും.

സിനിമ മറക്കുന്ന കാലം

നാട്ടിലെത്തിയാൽ സിനിമയോട് പൂർണമായും വിടപറയും. പിന്നെ പഴയ ഓർമ്മകളുടെ തമാളമാണിവിടം. സംഘാംഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി കവിത ചൊല്ലലും പാട്ടുകളും വാദ്യമേങ്ങളുമായി ഉത്സവാന്തരീക്ഷം ഒരുങ്ങും. ചീട്ടുകളിയിലെ പരാജിതർ കുണുക്കുമിട്ട് തോൽവിയെ വിജയമായി ആഘോഷിക്കും. ഭക്ഷണകാര്യത്തിൽ ആരുമായും സന്ധിയില്ല. ചായക്കടയിലെ ഉണ്ണിയപ്പവും പരിപ്പുവടയും കൈയിട്ടെടുത്ത് ആസ്വദിക്കുന്ന സ്വാതന്ത്ര്യം.

അവസാന വിളിയും നാടിനുവേണ്ടി

സന്ദർശന സമയത്ത് മാത്രം നാടിനെ ഓർക്കുന്നതായിരുന്നില്ല നെടുമുടി വേണുവിന്റെ പതിവ്. സാധിക്കുമെങ്കിൽ എല്ലാ ആഴ്ചയും നാട്ടുകാരിൽ അരെയെങ്കിലും ഒരാളെ വിളിച്ചിരിക്കും. അദ്ദേഹത്തിന്റെ തിരക്ക് അറിയുന്നതിനാൽ അങ്ങോട്ട് വിളിക്കാറില്ലെന്ന് സുഹൃത്തുക്കളായ എസ്. രാമചന്ദ്രൻ നായരും സുരേഷ് ബാബുവും പറയുന്നു. പന്ത്രണ്ട് ദിവസം മുമ്പാണ് രാമചന്ദ്രൻ നായരുടെ ഫോണിലേയ്ക്ക് വിളിച്ചത്. പരുത്തിക്കളം - എസ്.എൻ.ഡി.പി റോഡിന്റെ അവസ്ഥയായിരുന്നു വിഷയം. ടാറിംഗ് നടത്താൻ ആരെ ബന്ധപ്പെടണമെന്നാണ് ചോദിച്ചത്. എം.എൽ.എ വിചാരിച്ചാൽ കാര്യം നടക്കുമെന്ന് രാമചന്ദ്രൻ മറുപടി നൽകി. വാട്സ് ആപ്പിൽ നമ്പരും കൈമാറി. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലൊന്നും മറുപടി ലഭിച്ചില്ല. അന്വേഷിച്ചപ്പോഴാണ് അസുഖം മൂർച്ഛിച്ച് ആശുപത്രിയിലാണെന്ന വിവരം നാട്ടിലറിയുന്നത്.

''

ലോകത്ത് ഏത് കോണിൽ പോയാലും കുട്ടനാടൻ ജീവിത ശൈലി പിന്തുടരുന്ന ആളായിരുന്നു നെടുമുടി വേണു. അമ്പലപ്പുഴ വഴി പോകുമ്പോൾ വീട്ടിലെത്തുമായിരുന്നു. അദ്ധ്യാപക - ശിഷ്യ ബന്ധത്തേക്കാളപ്പുറം ജന്മാന്തര ബന്ധമാണുണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് ഫോണിൽ വിളിച്ചിരുന്നു. 1968ൽ നെടുമുടി വേണു എഴുതിയ കവിത അമ്പലപ്പുഴ ക്ഷേത്രമാസികയായ ശ്രീവത്സത്തിൽ പുനഃപ്രസിദ്ധീകരിച്ചത് കണ്ടാണ് വിളിച്ചത്.

ഡോ. അമ്പലപ്പുഴ ഗോപകുമാർ

റിട്ട. എസ്.ഡി കോളേജ് പ്രൊഫസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL