SignIn
Kerala Kaumudi Online
Thursday, 19 September 2024 1.38 AM IST

ചിറകടിയൊച്ചയുമായി കാമ്പസുകൾ

Increase Font Size Decrease Font Size Print Page

photo

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘമായ അടച്ചിടലിനുശേഷം സംസ്ഥാനത്തെ കോളേജ് കാമ്പസുകൾ പതുക്കെ ഉണരുകയാണ്. വാക്സിന്റെ പിൻബലത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും വീണ്ടും ക്യാമ്പസിന്റെ പടികൾ കയറുമ്പോൾ, ആഹ്ലാദത്തിനൊപ്പം ആശങ്കകളും ഏറെ. ഈ മാസം നാലുമുതലാണ് അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾക്ക് തുടക്കമായത്. 18 മുതൽ മറ്റു ക്ലാസുകളും ആരംഭിക്കും, അതിനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുന്നു. നീണ്ട പതിനേഴു മാസം ആരവവും ആഘോഷവും ക്ളാസ് മുറിയിലെ അദ്ധ്യയനവുമില്ലാതെ മൗനത്തിലാണ്ടുപോയ ഇടങ്ങളിൽ ആളും അനക്കവുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ യൗവനം.

കൊവിഡ് ഭീഷണിയാൽ 2020 മാർച്ച് രണ്ടാം പകുതിയിലാണ് സംസ്ഥാനത്തെ കാമ്പസുകൾ അടച്ചത്. വീണ്ടും തുറക്കുന്നത് ഏറെ സന്തോഷകരമാണെങ്കിലും ഒപ്പം ആശങ്കകളും വളരുന്നു. തീരെ പരിചിതമല്ലാത്ത സാഹചര്യത്തെയാവും ഇവർ നേരിടേണ്ടി വരിക.

നിരവധി പരിമിതികൾക്കിടയിലും പ്രൈമറിതലം മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കറിയത് കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ കരുത്ത് തെളിയിക്കുന്നു. കോളേജുകൾക്ക് പിറകെ സ്കൂളുകളും തുറക്കും, കുറച്ചു വൈകിയെങ്കെലും ഡിഗ്രി പരീക്ഷകളും വരാനിരിക്കുന്നു. ഇനിയുള്ള നാളുകൾ വെല്ലുവിളികൾ നിറഞ്ഞതാണ്, ഏറെ വിലപ്പെട്ടതും. കൃത്യമായ ആസൂത്രണമില്ലെങ്കിൽ അടിതെറ്റിവീഴുമെന്ന് ഉറപ്പ്.

മനസിനും വേണം മുന്നൊരുക്കം


മുമ്പൊരിക്കലും അഭിമുഖീകരിക്കാതിരുന്ന അനിശ്ചിത ഇടവേളയാണ് കൊവിഡ് സമൂഹത്തിന്റെ എല്ലാ തലങ്ങൾക്കും വരുത്തിയത്. വിദ്യാഭ്യാസരംഗത്തെ അത് അടിമുടി മാറ്റിമറിച്ചു. ഇടവേളയ്‌ക്കൊടുവിൽ വളരെ വലിയ മാറ്റങ്ങളോടെയാണ് ക്ലാസുകൾ ആരംഭിക്കാൻ പോകുന്നത്. ഈ മാസം 18ന് മുമ്പ് പല കലാലയങ്ങളിലും ക്ലാസ് മുറികൾ അറ്റകുറ്റ പണികൾക്ക് വിധേയമാക്കേണ്ടതുണ്ട്. വീണ്ടും അവയെ പ്രവർത്തനക്ഷമമാക്കാൻ കഠിന പ്രയത്നം അനിവാര്യമാണ്. ക്യാമ്പസുകളുടെ ഭൗതികമായ നവീകരണം പോലെ തന്നെ മനസുകളുടെ തയ്യാറെടുപ്പും അത്യാവശ്യമാണ്.

പുത്തൻ അദ്ധ്യയന രീതികളാവും ഇനി കലാലയങ്ങളിൽ പ്രതിഫലിക്കുക. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം വരുന്ന സ്‌പെഷൽ ക്ലാസുകൾ, മറ്റു പ്രോഗ്രാമുകൾ എല്ലാം സൗകര്യപ്രദമായ സമയങ്ങളിൽ തുടർന്നും ഓൺലൈനായിത്തന്നെ നടത്താനുള്ള സൗകര്യമാണ് അതിൽ പ്രധാനം. പുതുതായി പരിചയിച്ച സാങ്കേതിക വിദ്യകളൊന്നും ഇടയ്‌ക്ക് നിന്ന് പോകുന്നവയല്ല. എന്നുമാത്രമല്ല ഭൂരിപക്ഷം കലാലയങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് സാങ്കേതികമായി ഏറെ മുന്നോട്ടു പോയിട്ടുമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തേക്കാളധികം കണക്ടിവിറ്റി സാദ്ധ്യതകൾ കേരളത്തിലെ കാമ്പസുകളിൽ ഈ കൊവിഡ് കാലം കൊണ്ടുവന്നിട്ടുണ്ട്.

അദ്ധ്യാപക കേന്ദ്രീകൃതമല്ലാത്ത അറിവിന്റെ കാലം കൂടിയാണ് ഈ മഹാമാരിക്കാലത്തു സമാഗതമായത്. ഓൺലൈൻ സാദ്ധ്യതകൾ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള യൂണിവേഴ്സിറ്റികളിലെ ഇഷ്ടമുള്ള ഏതു പ്രോഗ്രാമും സ്വായത്തമാക്കാനുള്ള അവസരങ്ങൾ തുറന്നുതന്നു. സെമിനാർ ഹാളുകളിൽ നിന്നും വെബിനാർ ലിങ്കുകളിലേക്ക് ഉണ്ടായ മാറ്റം ലോകം മുഴുവനുമുള്ള വിജ്ഞാനത്തെയും അവസരങ്ങളെയും വിരൽത്തുമ്പുകളിൽ എത്തിച്ചു.

കലാകായിക മത്സരങ്ങളും, യുവജനോത്സവങ്ങളും, വിനോദയാത്രകളും ആണ് കോറോണക്കാലത്തെ കാമ്പസുകളുടെ നികത്താനാവാത്ത വലിയ നഷ്ടം. എത്ര ഭംഗിയായി ഓൺലൈനിൽ നടത്തിയാലും, ഗ്രൗണ്ടിൽ ഉയരുന്ന ആരവങ്ങൾക്കും, ഓഡിറ്റോറിയങ്ങളിലെ കൈയടികൾക്കും, കൂവലിനും പകരം വയ്‌ക്കാൻ എന്തുണ്ട്? ആ ഇടങ്ങളെയാണ് കാമ്പസ് തുറക്കലിലൂടെ സാദ്ധ്യമാക്കുന്നത്. വീട്ടകങ്ങൾക്കും, ഓൺലൈൻ ക്ലാസുകൾക്കും ഒരിക്കലും അവകാശപ്പെടാനാവാത്ത മാനുഷിക /സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്കാണ് ഇനി കലാലയങ്ങൾ വേദിയാവുക.

പരിഹരിക്കേണ്ട ആശങ്കകളേറെ

കോളേജുകൾ അടച്ചിടുകയും ലോക്ക് ഡൗൺ നീണ്ടുപോകുകയും ചെയ്തപ്പോൾ അക്കാഡമിക സമൂഹം കനത്ത ആശങ്കയിലായിരുന്നു. അദ്ധ്യാപകർക്ക് ലോക്ഡൗൺ കാലഘട്ടം വളരെയേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒരു കേന്ദ്രത്തിൽനിന്ന് സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികളും കേൾക്കുക എന്നതായിരുന്നു സ്‌കൂൾ രംഗത്തെ ക്രമീകരണം. എന്നാൽ, ഓരോ അദ്ധ്യാപകരും അവരവരുടെ വിദ്യാർത്ഥികളെ ഓൺലൈൻ വഴി പഠിപ്പിക്കുക എന്നതായിരുന്നു കോളേജ് മേഖലയിൽ സ്വീകരിച്ച രീതി. ബദൽ അദ്ധ്യയനരീതിയിലേക്കുള്ള മാറ്റം ഭൂരിപക്ഷം അദ്ധ്യാപകർക്കും വളരെ ശ്രമകരമായിരുന്നു. എന്നാൽ, സാഹചര്യത്തിന്റെ ആവശ്യത്തിനനുസരിച്ച് അവരെല്ലാവരും മാറിയെന്നതാണ് യാഥാർത്ഥ്യം.

നിലവിൽ ഭാഗികമായി തുറന്ന കോളേജുകളിൽ അദ്ധ്യയനം പൂർണമായി പഴയ രീതിയിലേക്കെത്തിയാൽ അത് പുതിയ സാഹചര്യത്തിൽ വളരെ വ്യത്യസ്തവും അത്യന്തം ശ്രമകരവുമായിരിക്കും. ഒരേസമയം ഒരേക്ലാസിലെ വ്യത്യസ്ത വിദ്യാർത്ഥികളെ വ്യത്യസ്ത പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടിവരും. ഒരേ ക്ലാസിനുതന്നെ നേരിട്ടും ഓൺലൈനായും പഠിപ്പിക്കേണ്ടിവരും. രണ്ടു ബാച്ചായി തിരിക്കേണ്ടിവന്നാൽ ഇതേ പ്രവൃത്തികൾ രണ്ടുതവണ ചെയ്യേണ്ടിവരും. കോളേജിൽ പ്രവേശിപ്പിക്കാത്ത ജൂനിയർ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ കോളേജിലിരുന്നുതന്നെ ചെയ്യേണ്ടിവരും. രണ്ട് സെമസ്റ്ററിന്റെ പ്രാക്ടിക്കൽ ക്ലാസുകൾ ബാച്ചുകളായി പൂർത്തിയാക്കണം, ഇതിനിടെ വിദ്യാർത്ഥി പ്രവേശനം, സർവകലാശാലാ പരീക്ഷകൾ, മൂല്യനിർണയം തുടങ്ങിയ ജോലികളും കൂടെയുണ്ടാകും. വിദ്യാർത്ഥികളെ പോറലേൽക്കാതെ മറുകരയെത്തിക്കാനും തങ്ങൾക്കുണ്ടാകേണ്ടുന്ന ഉയർന്ന ഉത്തരവാദിത്തബോധവും സമൂഹത്തിന്റെ ശുഭപ്രതീക്ഷയ്‌ക്കൊപ്പം ഉയരാനുള്ള ദൃഢനിശ്ചയവും ഉണ്ടെങ്കിൽ മാത്രമേ ഈ സങ്കീർണ സാഹചര്യത്തെ അഭിമുഖീകരിക്കാൻ കഴിയൂ എന്ന് ചുരുക്കം.

പരീക്ഷാഫലം കാത്ത് വിദ്യാർത്ഥികൾ

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ ഇപ്പോൾ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്ററാണ് പുരോഗമിക്കുന്നത്. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷയെഴുതിയ ഇവരുടെ റിസൽട്ടുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഒക്ടോബർ 27ന് ഇവരുടെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കും. ഈ മാസം അവസാനത്തോടെ ഇവർക്ക് ആറാം സെമസ്റ്റർ ക്ലാസുകളും ആരംഭിക്കണമെന്നാണ് അക്കാദമിക കലണ്ടർ വ്യക്തമാക്കുന്നത്.

നിലവിൽ രണ്ടാം വർഷക്കാരായ വിദ്യാർത്ഥികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നാലാം സെമസ്റ്ററിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഇവരുടെ ഒന്നാം സെമസ്റ്റർ പരീക്ഷപോലും നടത്തിയിട്ടില്ല. പുതിയ സാഹചര്യത്തിൽ ഈ സങ്കീർണതകൾ പരിഹരിച്ച് മുന്നോട്ട് പോകുകയെന്നത് അല്പം കടുപ്പമേറിയ ദൗത്യമാണ്. വ്യക്തമായ കാഴ്ചപ്പാടും വീക്ഷണവുമില്ലാതെ മുന്നോട്ട് നീങ്ങിയാൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PALAKKADU DIARY, COLLEGE REOPEN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.