SignIn
Kerala Kaumudi Online
Friday, 26 April 2024 1.42 PM IST

അന്ന് ടീമിന്റെ പ്രകടനത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞു, ഇന്ന് കൊൽക്കത്ത ഫൈനലിന് ഇറങ്ങുമ്പോൾ ഗാലറിയിൽ ഷാരൂഖ് ഉണ്ടാകില്ല, കളിക്കും മകനും ഇടയിൽപ്പെട്ട് ടീം ഉടമ

shah-rukh-ipl

ഷാർജ: മറ്റൊരു ഐ പി എൽ ഫൈനൽ കൂടി എത്തിയിരിക്കുകയാണ്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി നേതൃത്വം നൽകുന്ന ചെന്നൈ സൂപ്പർ കിംഗ്സും ഇംഗ്ളണ്ട് നായകൻ ഇയോൺ മോർഗന്റെ നായകത്വത്തിൽ മത്സരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഐ പി എല്ലിന്റെ പതിനാലാമത് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. ഒൻപത് വർഷം മുമ്പാണ് ഇതിനു മുമ്പ് ഇരു ടീമുകളും ഐ പി എൽ ഫൈനലിൽ നേർക്കു നേർ മത്സരിച്ചത്.

2012ൽ നടന്ന ആ ഫൈനലിൽ കൊൽക്കത്ത ചെന്നൈയെ തറപ്പറ്റിച്ചു. സന്തോഷത്തിൽ മതിമറന്ന് ബാൽകണിയിൽ നിന്ന് താഴേക്ക് ചാടാൻ പോയ കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാനെ കഷ്ടപ്പെട്ട് നിയന്ത്രിക്കുന്ന മകൾ സുഹാനയുടെ ചിത്രം അധികം ആരും മറക്കാൻ സാദ്ധ്യതയില്ല. കൊൽക്കത്തയുടെ ഗ്രൗണ്ടിനു പുറത്തെ ഏറ്റവും വലിയ ശക്തിയും ഊർജവും ആയിരുന്നു ഷാരൂഖ് ഖാൻ. എന്നാൽ അന്നത്തെ അവസ്ഥയല്ല ഇന്ന്. മയക്കുമരുന്ന് കേസിൽ അകത്തായ മകൻ ആര്യൻ ഖാന്റെ കേസുമായി തിരക്കിലാണ് ഷാരൂഖ് ഖാൻ. കൊൽക്കത്ത ഇന്ന് വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഷാരൂഖിനെ ബാധിക്കുമോ എന്നത് പോലും സംശയമാണ്.

ആറു മാസം മുമ്പ്, കൊവിഡ് കാരണം നിർത്തിവയ്ക്കുന്നതിന് മുമ്പ് നടന്ന ഐ പി എല്ലിന്റെ ആദ്യ പാദത്തിൽ മുംബയ് ഇന്ത്യൻസിനോട് ദയനീയമായി പരാജയപ്പെട്ട ടീമിനു വേണ്ടി കൊൽക്കത്തയുടെ ആരാധകരോട് ഷാരൂഖ് ട്വിറ്ററിൽ ക്ഷമാപണം നടത്തിയിരുന്നു. ആന്ദ്രേ റസ്സൽ, ദിനേഷ് കാർത്തിക്ക്, ഷക്കീബ് അൽ ഹസ്സൻ, പാറ്റ് കമ്മിൻസ് തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റിലെ പേരെടുത്ത നിരവധി താരങ്ങൾ ഉണ്ടായിട്ടും അവസാന ഓവറുകളിൽ കൊൽക്കത്തയ്ക്ക് ആവശ്യത്തിന് റൺ അടിച്ചുകൂട്ടാൻ സാധിക്കാത്തത് ഷാരൂഖിനെ വിഷമിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടായിരുന്നു ക്ഷമാപണം നടത്തികൊണ്ടുള്ള ആ ട്വീറ്റ്.

ചുരുക്കി പറഞ്ഞാൽ തീർത്തും നിരാശാജനകമായ പ്രകടനം, ടീമിനു വേണ്ടി ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു ട്വീറ്റ്. ഷാരൂഖിന്റെ സ്വഭാവം വച്ച് അത്തരമൊരു ട്വീറ്റ് പതിവല്ല. എന്നാൽ ടീമിന്റെ പ്രകടനത്തിൽ താൻ എത്രത്തോളം നിരാശനാണെന്ന് വിളിച്ചോതുന്നതായിരുന്നു ആ ട്വീറ്റ്.

എന്നും കൊൽക്കത്തയുടെ ഗ്രൗണ്ടിനു പുറത്തെ ശക്തിയായിരുന്നു അവരുടെ ഉടമയായ ഷാരൂഖ്. അതിനാൽ തന്നെ ആ ട്വീറ്റ് ടീമിനേയും ഇരുത്തി ചിന്തിപ്പിച്ചു എന്ന് വേണം അവരുടെ പിന്നെയുള്ള മത്സരഫലങ്ങൾ സൂചിപ്പിക്കുന്നത്. ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെപോലെ കൊൽക്കത്ത ഇന്ന് ഐ പി എൽ ഫൈനലിന് ഇറങ്ങുമ്പോൾ, പക്ഷേ ഗാലറിയിൽ ഷാരൂഖ് ഉണ്ടാകില്ല എന്നതാണ് ഏറ്റവും വിഷമകരം. കൊൽക്കത്ത ഗ്രൗണ്ടിൽ ഐ പി എൽ കിരീടത്തിനു വേണ്ടി പൊരുതുമ്പോൾ ഗ്രൗണ്ടിനു പുറത്ത് മകന്റെ ജാമ്യത്തിനു വേണ്ടി പൊരുതുകയാണ് ടീം ഉടമയായ ഷാരൂഖ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL, SHAH RUKH KHAN, ARYANKHAN, KOLKATA KNIGHT RIDERS, CHENNAI SUPER KINGS, DRUGCASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.