SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.18 AM IST

തോരാമഴയും മണ്ണിടിച്ചിലും: നെടുമങ്ങാട് താലൂക്കിൽ 50 വീടുകൾ തകർന്നു

photo

ഇരുപത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

നെടുമങ്ങാട്: തോരാമഴയിലും മണ്ണിടിച്ചിലിലും നെടുമങ്ങാട് താലൂക്കിൽ നിരവധി വീടുകൾ തകർന്നു. ഇരുപതോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. 50 ലധികം വീടുകൾക്ക് നാശനഷ്ടം നേരിട്ടതായാണ് റവന്യു അധികൃതർ നൽകുന്ന സൂചന. പനവൂർ അജയപുരം മലയക്കോണം വിദ്യാഭവനിൽ പരേശ്വരൻനായരുടെ വീടിനു മുകളിൽ മൺഭിത്തി അടർന്നുവീണ് ചുമരുകളും മേൽക്കൂരയും നിലംപൊത്തി.

നെടുമങ്ങാട് മാർക്കറ്റ് റോഡിൽ മതിലും മൺതിട്ടയും അടർന്നുവീണ് രണ്ടു വീടുകൾ ഭാഗികമായി തകർന്നു. ഇരിഞ്ചയം ക്വാറിയിൽ നിന്ന് കൂറ്റൻ പാറക്കഷണങ്ങൾ അടർന്നുവീണതിനാൽ താഴ്വാരത്തെ മൂന്ന് വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. മറ്റു ക്വാറികളുടെ സമീപത്തെ താമസക്കാർക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

വഞ്ചുവത്ത് മണ്ണിടിച്ചിലിൽ പൂർണമായി തകർന്ന കുട്ടപ്പന്റെ വീട്ടിൽ താമസിച്ചിരുന്ന അംഗങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി. കരുപ്പൂര്, പനവൂർ, വാമനപുരം, വട്ടപ്പാറ, വെമ്പായം, വിതുര, ആനാട് വില്ലേജുകളിലാണ് കൂടുതലായി വീടുകൾ നശിച്ചത്. അരുവിക്കര, വെമ്പായം, വട്ടപ്പാറ, പൊന്മുടി റോഡുകളിൽ മണ്ണിടിഞ്ഞ് പതിച്ച് ഗതാഗത തടസമുണ്ടായി. പൊന്മുടി 22 -ാം മൈയിൽ ചെക്ക്പോസ്റ്റിനു സമീപം റോഡിൽ വീണ കൂറ്റൻ മൺതിട്ട ജെ.സി.ബി എത്തിച്ചാണ് നീക്കിയത്.

ശനിയാഴ്ച രാത്രി മുതൽ കോരിച്ചൊരിഞ്ഞ പെരുമഴയ്ക്ക് ഇന്നലെ ഉച്ചയോടെ നേരിയ ശമനമുണ്ടായെങ്കിലും രാത്രിയിലും ഇടവിട്ട് പെയ്യുന്നുണ്ട്. വാമനപുരം, കരമന, ചിറ്റാറുകളിലും പ്രധാന കൈത്തോടുകളിലും മലവെള്ളം കരകവിഞ്ഞൊഴുകുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി ജി.ആർ. അനിലിന്റെയും ഡി.കെ. മുരളി എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ താലൂക്കോഫീസിൽ അടിയന്തര യോഗം ചേർന്നു. നെടുമങ്ങാട് ആർ.ഡി.ഒ അഹമ്മദ് കബീർ, തഹസിൽദാർ ജെ.എൽ. അരുൺ എന്നിവരും പങ്കെടുത്തു. തകർന്ന വീടുകൾ മന്ത്രി സന്ദർശിച്ചു. വില്ലേജ് അധികൃതർ മുഖേന താലൂക്ക് ഓഫീസിൽ നഷ്ടപരിഹാര അപേക്ഷകൾ സമർപ്പിക്കണമെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.

വികലാംഗനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നെടുമങ്ങാട്: പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം, വലിയ ശബ്ദത്തോടെ വീടിന്റെ മുകളിൽ മൺകൂന അടർന്നുവീണു. കുടുംബാംഗങ്ങൾക്ക് ഓടിമാറാൻ സമയം കിട്ടും മുമ്പ് ചുമരുകളും വാതിലും തകർത്ത് മൺകൂന അകത്തേക്ക് പതിച്ചു. അജയപുരം മലയക്കോണം വിദ്യാ ഭവനിൽ പരേശ്വരൻനായരുടെ കുടുംബം മണ്ണിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഈ സമയം പരമേശ്വരനും ഭാര്യയും മകനും മകളും മകളുടെ രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. മകൻ ദീപു കിടന്ന മുറിയിലേക്ക് ചുമര്തകർന്ന് വീഴുകയും ഇയാളുടെ കൈകാലുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വികലാംഗനായ പരമേശ്വരൻ നായർ ആറ് വർഷമായി കിടപ്പിലാണ്. തലനാരിഴയ്ക്കാണ് കുടുംബം മരണമുഖത്ത് നിന്ന് കരകയറിയത്.

വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും മണ്ണിനടിയിൽപ്പെട്ടു. 2014ൽ പഞ്ചായത്ത് അനുവദിച്ച 2 ലക്ഷം രൂപയും മറ്റ് വായ്പകളും ഉപയോഗിച്ച് നിർമ്മിച്ച വീടാണ് തകർന്നത്. സമീപത്തെ മറ്റൊരു വീടും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. രണ്ട് വീട്ടിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ഡി.കെ.മുരളി എം. എൽ.എ, പഞ്ചായത്ത് അധികൃതർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.