ലക്‌നൗ: ഉത്തർപ്രദേശിലെ മൂന്നാമത്തെ വിമാനത്താവളമായ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ നിന്നും കുശിനഗറിലേക്ക് പുതിയ വിമാനസർവീസുകൾ ആരംഭിക്കാൻ സ്വകാര്യ കമ്പനിയായ സ്പൈസ് ജറ്റ് തയ്യാറായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വളരെനാളുകളായുള്ള സ്വപ്നത്തിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് കുശിനഗർ വിമാനത്താവളമെന്നും ബുദ്ധ ഭഗവാൻ പരിനിർവാണം ചെയ്ത സ്ഥലമെന്ന നിലയ്ക്ക് കുശിനഗർ വിമാനത്താവളം ഇന്ത്യക്ക് മാത്രമല്ല ശ്രീലങ്ക കമ്പോഡിയ മുതലായ ബുദ്ധമതം ആചരിക്കുന്ന നിരവധി രാജ്യങ്ങൾക്കും പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ വികസിപ്പിക്കുന്നതിനും, സംയോജിപ്പിക്കുന്നതിനും കൂടാതെ ഭക്തർക്ക് സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും കുശിനഗറിന്റെ വികസനം യുപി സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും മുൻഗണന പട്ടികയിലുള്ള കാര്യമാണെന്നും മോദി വ്യക്തമാക്കി.
വരുന്ന മൂന്ന് നാലു വർഷത്തിനുള്ളിൽ രാജ്യത്ത് 200ഓളം വിമാനത്താവളങ്ങൾ കൂടി നിർമിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും രാജ്യത്തെ യുവാക്കൾക്ക് വിമാനപരിശീലനം നൽകുന്നതിന് വേണ്ടി അഞ്ച് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് അക്കാദമികൾ ആരംഭിക്കുമെന്നും മോദി അറിയിച്ചു. ഡ്രോണുകൾ മുതലായ അത്യാധുനിക സംവിധാനങ്ങൾ നിർമിക്കാൻ ഇന്ത്യ ഇതിനോടകം തന്നെ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നും വരുന്ന വർഷങ്ങളിൽ ആയിരം പുതിയ വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി ഏവിയേഷൻ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബുദ്ധൻ പരിനിർവാണം ചെയ്ത കുശിനഗറിലാണ് പുതിയ വിമാനത്താവളം. ബുദ്ധമതം ആചരിക്കുന്ന 15ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകൻ നാമലിന്റെ നേതൃത്വത്തിൽ ശ്രീലങ്കയിൽ നിന്നും നൂറിലേറെ ബുദ്ധ മത പുരോഹിതരും എട്ട് മഹാപുരോഹിതരും ചടങ്ങിൽ പങ്കെടുത്തു.
590 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിമാനത്താവളം 17.5 കോടി രൂപ ചെലവിലാണ് നിർമിച്ചിട്ടുള്ളത്. എട്ട് നിലകളുള്ള അത്യാധുനിക എയർ ട്രാഫിക് കൺട്രോൾ ടവറും വിമാനങ്ങളുടെ സുരക്ഷിതമായ സഞ്ചാരത്തിനു വേണ്ടിയുള്ള നാവിഗേഷൻ സംവിധാനവും വിജയകരമായി പരീക്ഷണം നടത്തി.
നിലവിൽ ലക്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം, വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം എന്നീ രണ്ട് വിമാനത്താവളങ്ങളാണ് ഉത്തർപ്രദേശിൽ ഉള്ളത്. ഇതിനു പുറമേ ഗൗതം ബുദ്ധ നഗറിലെ ജെവാറിൽ പുതുതായി ഒരു വിമാനത്താവളം കൂടി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |