ന്യൂഡൽഹി: സ്വകാര്യവത്കരണ പാതയിലായ ബി.പി.സി.എല്ലിൽ നിന്ന് അന്തിമലാഭവിഹിതമായി കേന്ദ്രം 6,655 കോടി രൂപ കൈപ്പറ്റി. 2020-21ലെ ലാഭവിഹിതമാണിത്. കഴിഞ്ഞ മാർച്ചിൽ ബി.പി.സി.എല്ലിന്റെ അസമിലെ നുമാലിഗഢ് റിഫൈനറി വിറ്റഴിച്ചതുവഴി ലഭിച്ച പ്രത്യേക ലാഭവിഹിതം കൂടി ഇതിലുൾപ്പെടുന്നുണ്ടെന്ന് 'ദിപം" സെക്രട്ടറി തുഹീൻ കാന്ത പാണ്ഡെ പറഞ്ഞു. ഓയിൽ ഇന്ത്യ, എൻജിനിയേഴ്‌സ് ഇന്ത്യ, അസം സർക്കാർ എന്നിവയുടെ കൺസോർഷ്യത്തിന് നുമാലിഗഢിൽ ബി.പി.സി.എല്ലിന്റെ കൈവശമുണ്ടായിരുന്ന 61.5 ശതമാനം ഓഹരികൾ 9,876 കോടി രൂപയ്ക്കായിരുന്നു വിറ്റഴിച്ചത്.
കേന്ദ്രസർക്കാരിന് ബി.പി.സി.എല്ലിലുള്ളത് 52.98 ശതമാനം ഓഹരികളാണ്. ഇതു മുഴുവൻ വിറ്റഴിച്ച് കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നടപടികളിലേക്ക് കേന്ദ്രം കടന്നിട്ടുണ്ട്.