SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.51 AM IST

സാമ്പ്രാണിക്കോടി - കുരീപ്പുഴ പാലം: അനുമതി അടുത്ത ബഡ്ജറ്റിൽ?

c

കൊല്ലം: സാമ്പ്രാണിക്കോടി - കുരീപ്പുഴ പാലത്തിന് അടുത്ത ബഡ്ജറ്റിൽ അനുമതി ലഭിക്കുമെന്ന് സൂചന. നിലവിൽ സാദ്ധ്യതാപഠനത്തിനും മണ്ണുപരിശോധനയ്ക്കുമായി 24.51 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 3 മുതൽ 4 മാസത്തിനുള്ളിൽ സാദ്ധ്യതാപഠനവും മണ്ണുപരിശോധനയും നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. മാർച്ചിന് മുൻപ് പഠനറിപ്പോർട്ട് നൽകുകയാണെങ്കിൽ അടുത്ത സാമ്പത്തികവർഷത്തെ ബഡ്ജറ്റിൽ പാലത്തിന് അന്തിമാനുമതി ലഭിക്കാനും തുകഅനുവദിക്കാനും സാദ്ധ്യതയുണ്ട്. വസ്തു ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള കടമ്പകൾ ലഘൂകരിക്കുന്ന തരത്തിലാവും പദ്ധതി സമർപ്പിക്കുകയെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രാക്കുളം സാമ്പ്രാണിക്കോടിയിലെ നിലവിലുള്ള റോഡിൽ നിന്ന് കുരീപ്പുഴ പള്ളിക്ക് സമീപത്തുകൂടിയാണ് പാലംനിർമ്മിക്കുന്നത്. പാലത്തിൽ നിന്ന് ബൈപ്പാസിലേക്കെത്താനുള്ള ദൂരം കുറയ്ക്കുന്ന തരത്തിലാവും നിർമ്മാണം. ഇത്തരത്തിലാകുമ്പോൾ പാലത്തിന്റെ നീളം കുറയുകയും വസ്തു വേഗത്തിൽ ഏറ്റെടുക്കാൻ കഴിയുകയും ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എന്നാൽ പാലത്തിന്റെ നിർമ്മാണത്തിന് മുൻപ് മണ്ണിന്റെ ഘടനയും ബലവുംകൂടി ഉറപ്പ് വരുത്തേണ്ടതായുണ്ട്. അതിനുവേണ്ടി കരയിലും കായലിലുമായി 12 ബോറുകൾ നടത്തി മണ്ണ് പരിശോധനയും സാദ്ധ്യതാ പഠനത്തിന്റെ ഭാഗമായി നടത്തും. വകുപ്പ് കണക്കുകൂട്ടുന്ന തരത്തിലാണെങ്കിൽ വസ്തു ഏറ്റെടുക്കുന്നത് ഉൾപ്പെടെ പാലം നിർമ്മാണത്തിനായി ഏകദേശം 35 മുതൽ 40 കോടി രൂപ വരെ എസ്റ്റിമേറ്റ് തുക അനുവദിക്കേണ്ടിവരും. പാലം പൂർത്തിയായാൽ പ്രാക്കുളം, കാഞ്ഞാവെളി, അഷ്ടമുടി ഭാഗങ്ങളിലുള്ളവർക്ക് നീണ്ടകര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ ഒരുമണിക്കൂറോളം സമയലാഭമുണ്ടാകും. കൂടാതെ നഗരത്തിൽ നിന്ന് പ്രാക്കുളത്തേക്കെത്തുന്നവർക്കും സാമ്പ്രാണിക്കോടി തുരുത്തിൽ വിനോദത്തിനായെത്തുന്നവർക്കും എളുപ്പത്തിൽ ലക്ഷ്യത്തിലെത്താനും കഴിയും.

പ്രാഥമിക പരിശോധന നടത്തിയത് 2020 ഫെബ്രുവരിയിൽ

തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ നിന്ന് കുരീപ്പുഴയിലേക്ക് പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പ്രാഥമികപരിശോധന നടത്തിയത് 2020 ഫെബ്രുവരിയിലായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മറ്റുനടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. 2019- 2020 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണ വേളയിലാണ് ധനമന്ത്രി തോമസ് ഐസക്ക് പാലത്തിന് ടോക്കൺ പ്രൊവിഷൻ നൽകിയത്. തുടർന്നാണ് പ്രാഥമിക പരിശോധന നടന്നത്.

കേരളകൗമുദി ഇടപെടൽ

2016ൽ പ്രാക്കുളം സാമ്പ്രാണിക്കോടി - കുരീപ്പുഴ പാലം എന്ന ആശയവുമായി രംഗത്തെത്തിയത് പ്രാക്കുളം ഫ്രണ്ട്സ് ഗ്രന്ഥശാലയാണ്. ആശയ ക്രോഡീകരണവും ഒപ്പുശേഖരണവുമായി ഗ്രന്ഥശാല പ്രവർത്തകർ മുന്നോട്ട് പോയ പശ്ചാത്തലത്തിൽ വിഷയം അധികൃതരിലെത്തിക്കാൻ 'കേരളകൗമുദി' മുൻകൈയെടുക്കുകയും പാലം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 2017മുതൽ നിരന്തരം വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. വാർത്ത ശ്രദ്ധയിൽപ്പെട്ട എം. മുകേഷ് എം.എൽ.എ ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും, ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതോടെയാണ് പദ്ധതിക്ക് ജീവൻവച്ചത്.

ചുവപ്പുനാടയിൽ കുരുങ്ങി പാലം നിർമ്മാണത്തിന് കാലതാമസം വരാതിരിക്കാനുള്ള ഇടപെടലുൽ നടത്തും. സാദ്ധ്യതാപഠനത്തിനും മണ്ണ് പരിശോധനയ്ക്കും ശേഷം വിശദമായ റിപ്പോർട്ട് വേഗത്തിൽ നൽകാൻ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബഡ്ജറ്റിന് മുൻപ് നിർമ്മാണ രൂപകല്പനയ്ക്കായി ഡിസൈൻ വിഭാഗത്തിന് നൽകാനായുള്ള ശ്രമമാണ് നടത്തുന്നത്

എം. മുകേഷ് എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL