SignIn
Kerala Kaumudi Online
Thursday, 19 September 2024 7.02 AM IST

ജീവൻ വച്ചുള്ള കളി

Increase Font Size Decrease Font Size Print Page
dam

126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്നും 45ലക്ഷം പേരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും നിലപാടെടുത്താണ് അവിടെ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യവുമായി നമ്മൾ സുപ്രീംകോടതിയിൽ കേസ് നടത്തുന്നത്. ആ കേസ് ആവിയായി മാറാനിടയാക്കുന്ന ഒരു നീക്കമാണ് ബേബിഡാം ശക്തിപ്പെടുത്താൻ 15മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിലൂടെ നമ്മുടെ ഉന്നത ഉദ്യോഗസ്ഥർ ചെയ്തത്. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ ഈ തീരുമാനം ഉദ്യോഗസ്ഥരുടെ തലയിൽ വച്ചുകെട്ടി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ സർക്കാരും ശ്രമിക്കുകയാണ്. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ ഇത്തരമൊരു തീരുമാനം ഭരണാധികാരികൾ അറിയാതെ ഉദ്യോഗസ്ഥർ മാത്രമായി കൈക്കൊണ്ടതാണെന്ന് വിശ്വസിക്കാൻ ജനത്തിന് പ്രയാസമാണ്. അഥവാ അതൊരു ഉദ്യോഗസ്ഥ തീരുമാനമായിരുന്നെങ്കിൽ നമ്മുടെ നികുതിപ്പണം കൊണ്ട് തീറ്റിപ്പോറ്റുന്ന ആ ഉദ്യോഗസ്ഥനെതിരെ കർശനമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. മുഖ്യമന്ത്രി തുടരുന്ന മൗനവും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

മുല്ലപ്പെരിയാർ ഡാം പൊട്ടി ജില്ലകൾ ഒലിച്ചുപോവുമെന്ന കുപ്രചാരണത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ യാതൊരു പ്രാധാന്യവുമില്ല. ജനങ്ങളെ പരിഭ്രാന്തിയിലാക്കാനുള്ള ഗൂഢനീക്കമാണിത്. കല്ലുകൾ കൊരുത്തുകെട്ടി ചുണ്ണാമ്പും സുർക്കിമിശ്രിതവും മുട്ടയുടെ കരുവുമൊക്കെ തേച്ചുണ്ടാക്കിയ അണക്കെട്ട് സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ ഇതുവരെയുള്ള നിലപാട്. ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ കേരളത്തിന്റെ സത്യവാങ്മൂലം പരിഗണിക്കാനിരിക്കെയാണ് വിവാദമായ മരംമുറി ഉത്തരവിറങ്ങിയത്. ഒന്നുമറിഞ്ഞില്ലെന്ന് ആദ്യം നിലപാടെടുത്ത സർക്കാരിന് പിന്നീട് നിലപാട് തിരുത്തേണ്ടി വന്നു. ബേബിഡാം ശക്തിപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ അനുമതി നൽകാനായി കേരള- തമിഴ്നാട് ഉദ്യോഗസ്ഥർ മുല്ലപ്പെരിയാറിൽ സംയുക്തപരിശോധന നടത്തിയിട്ടില്ലെന്ന നിലപാടാണ് സർക്കാർ ആദ്യം തിരുത്തിയത്. അഡി.ചീഫ് സെക്രട്ടറി ടി.കെ.ജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം അറിഞ്ഞാണ് മരംമുറി ഉത്തരവിറങ്ങിയതെന്നതിന് നിരവധി രേഖകൾ പിന്നാലെ പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. ഉന്നതരുടെ പിഴവിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്ത് ബലിയാടാക്കിയെന്ന് ആരോപിച്ച് ഐ.എഫ്.എസ് അസോസിയേഷൻ കൂടി രംഗത്തിറങ്ങിയതോടെ സർക്കാർ ശരിക്കും വെട്ടിലായിരിക്കുകയാണ്.

ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നും മന്ത്രിമാർ വ്യത്യസ്ത മറുപടി നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞതിൽ നിന്ന് നേരേ വിപരീതമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നത്. മരംമുറിയെക്കുറിച്ച് സർക്കാരിന് ഒരു അറിവുമില്ലെന്നും ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് മാത്രമെന്നുമായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് കാര്യങ്ങൾ അങ്ങനെയല്ലെന്നതിന് തെളിവുകൾ പുറത്തുവരികയാണ്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142അടിയാക്കാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ബേബിഡാം ശക്തിപ്പെടുത്തി ജലനിരപ്പ് 152അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ബേബിഡാം ശക്തിപ്പെടുത്തിയാൽ കേരളത്തിന്റെ കേസ് ആവിയായിപ്പോവും. വന്യമൃഗ സങ്കേതത്തിലെ മരംമുറിക്കാൻ കേന്ദ്ര-സംസ്ഥാന വന്യജീവി ബോർഡുകളുടെയും സുപ്രീംകോടതിയുടെയും അനുമതി വേണമെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ ശേഷം മരംമുറിക്കാൻ നടപടിക്രമങ്ങൾ പാലിക്കാതെ അനുമതി നൽകുകയാണ് കേരളം ചെയ്തത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം ഇല്ലാതാക്കുന്ന നടപടിയാണിതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയുന്നു.

എന്നാൽ സർക്കാരിന്റെ വാദം മറ്റൊന്നാണ്- സെപ്തംബർ മൂന്നിന് മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാൻ ജലവിഭവ വകുപ്പ് അഡി.ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ജൂൺ 11ന് തമിഴ്നാട് ഉദ്യോഗസ്ഥരും കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി മുറിക്കാനുള്ള 15മരങ്ങൾ കണ്ടെത്തിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വനംവകുപ്പിൽ നിന്ന് മരംമുറിക്കാനുള്ള അനുവാദം വേഗത്തിൽ ലഭ്യമാക്കണമെന്നും ഈ കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2017ൽ ബേബിഡാം ബലപ്പെടുത്താൻ 23മരങ്ങൾ മുറിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ തമിഴ്നാട് എക്സിക്യൂഷൻ പെറ്റീഷൻ ഫയൽ ചെയ്തു. പെരിയാർ കടുവ സങ്കേതത്തിലെ മരംമുറിക്കാൻ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്രമം പാലിക്കണമെന്ന് കേരളം സത്യവാങ്മൂലം നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ മേൽനോട്ടസമിതി ചേർന്നപ്പോൾ കേരളാ വനം വകുപ്പും തമിഴ്നാട് ഉദ്യോഗസ്ഥരും മുല്ലപ്പെരിയാറിൽ സംയുക്തപരിശോധന നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ സെപ്തംബർ 17ന് ചേർന്ന അന്തർസംസ്ഥാന ഉന്നതതല യോഗത്തിൽ 23 മരങ്ങൾക്ക് പകരം 15 എണ്ണം മുറിക്കാൻ അനുമതി നൽകണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. ഈ ആവശ്യം വനംവകുപ്പിന്റെ പരിശോധനയിലാണെന്ന് മിനിട്ട്സിൽ രേഖപ്പെടുത്തി. മരംമുറിക്കാനുള്ള അനുമതിക്കായി പരിവേഷ് എന്ന വനംവകുപ്പിന്റെ വെബ്സൈറ്റിൽ തമിഴ്നാട് അപേക്ഷിച്ചതിന്റെയും ഒക്ടോബർ 30ന് പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ കത്തിന്റെയും അടിസ്ഥാനത്തിൽ നവംബർ അഞ്ചിന് വനം ചീഫ് കൺസർവേറ്റർ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകുകയായിരുന്നു. നവംബർ എട്ടിന് കേന്ദ്ര ജലവിഭവ ജോയിന്റ് സെക്രട്ടറി, സംസ്ഥാന ജലവിഭവ അഡി.ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ബേബി ഡാം എർത്തൻ ഡാം എന്നിവയുടെ ബലപ്പെടുത്തൽ, ഘട്ട് റോഡിന്റെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇവ ഡാമിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും കേന്ദ്ര സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സർക്കാർ അറിഞ്ഞില്ലേ...?

ജലവിഭവ അഡി.ചീഫ്സെക്രട്ടറി ടി.കെ.ജോസ്, വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അടക്കം കേരളത്തിലെ 14 ഉദ്യോഗസ്ഥരെങ്കിലും മരംമുറിക്കാര്യം അറിഞ്ഞിരുന്നെന്നാണ് രേഖകൾ വെളിവാക്കുന്നത്. മരംമുറിക്ക് ഉടൻ അനുമതി നൽകുമെന്ന് അഡി. ചീഫ്സെക്രട്ടറി ടി.കെ.ജോസ് ഇരുസംസ്ഥാനങ്ങളിലെയും സെക്രട്ടറിതല യോഗത്തിൽ തമിഴ്നാടിനെ അറിയിച്ചതായും മിനിട്ട്സിലുണ്ട്. സെപ്തംബർ 17ന് കേരളത്തിലെ 14 ഉദ്യോഗസ്ഥരടക്കം 25 പേർ പങ്കെടുത്ത കേരള-തമിഴ്നാട് സെക്രട്ടറിതല യോഗത്തിലാണ് മരംമുറി ചർച്ചയായത്. 15മരങ്ങൾ മുറിക്കാനും ബേബി ഡാമിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്താനും നടപടി പുരോഗമിക്കുകയാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചിട്ടുണ്ടെന്ന് വനം സെക്രട്ടറി യോഗത്തെ അറിയിച്ചു. തമിഴ്നാട് ചീഫ്സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുത്തത്. തമിഴ്നാടിന്റെ അംഗീകാരത്തിന് ടി.കെ.ജോസ് അയച്ച മിനിട്ട്സിലും മരംമുറി അനുമതി പരിഗണനയിലാണെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 26ന് ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ടസമിതി യോഗത്തിലെ മിനിട്ട്സിൽ, തമിഴ്നാട് മുന്നോട്ടുവച്ച മരംമുറി, റോഡ് അറ്റകുറ്റപ്പണി ആവശ്യങ്ങളിൽ തീരുമാനം വനംവകുപ്പ് വേഗത്തിലാക്കുമെന്ന് അഞ്ചാം തീരുമാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം മേൽനോട്ടസമിതി സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിലെ 45 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ നിലപാടിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. പ്രധാനയോഗങ്ങളുടെ മിനിട്ട്സ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും നൽകണമെന്നാണ് ചട്ടം. മിനിട്ട്സ് ഉദ്യോഗസ്ഥർ മറച്ചുവച്ചതാണോ മന്ത്രിമാർ കണ്ടില്ലെന്ന് നടിച്ചതാണോ എന്ന് ഇനിവേണം അറിയാൻ.

തമിഴ്നാടിന്റെ ഗൂഢാലോചന

ബേബി ഡാം ബലപ്പെടുത്തുന്നതിലൂടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള നിയമപരിരക്ഷ തമിഴ്നാടിന് ലഭിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മരംമുറിക്കാനുള്ള ഉത്തരവെന്നാണ് സംശയിക്കുന്നത്. വന്യമൃഗ സങ്കേതത്തിലെ മരംമുറിക്കാൻ കേന്ദ്ര-സംസ്ഥാന വന്യജീവി ബോർഡുകളുടെയും സുപ്രീംകോടതിയുടെയും അനുമതി വേണമെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ ശേഷം നടപടിക്രമങ്ങൾ പാലിക്കാതെ അനുമതി നൽകുകയാണ് കേരളം ചെയ്തത്. റദ്ദാക്കിയെങ്കിലും മരംമുറി ഉത്തരവ് സുപ്രീംകോടതിയിൽ തമിഴ്നാട് ആയുധമാക്കും. കേരളത്തിന്റെ താത്പര്യത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും എതിരായ മരംമുറി ഉത്തരവ് മുഖ്യമന്ത്രിയും മന്ത്രിമാരും രഹസ്യമാക്കി വച്ചെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പരസ്യമാക്കിയതിനാലാണ് പുറത്തറിഞ്ഞത്. പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ ട്വീറ്റ് ചെയ്തില്ലായിരുന്നെങ്കിൽ ഇക്കാര്യം ആരുമറിയാതെ പോയേനെ. സുപ്രീംകോടതിയിൽ കേരളത്തിന് തിരിച്ചടിയും നേരിടുമായിരുന്നു. ബേബി ഡാം ശക്തിപ്പെടുത്തിയാൽ 152 അടിവരെ വെള്ളം സംഭരിക്കാൻ കഴിയുമെന്നാണ് സുപ്രീംകോടതിയിൽ കേരളം വാദിക്കുന്നത്. ഇതിന് വിരുദ്ധമായ നടപടിയാണ് മരംമുറി ഉത്തരവിലൂടെ ഉണ്ടായത്. വൈൽഡ് ലൈഫ് ബോർഡിന്റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ വനംമന്ത്രിയുമാണ്. ഇവർ അറിയാതെ എങ്ങനെ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറങ്ങിയെന്ന് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NILAPADU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.