കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീൻ ആണ് മരിച്ചത്. മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ സമീപത്തെ വിവാഹവീട്ടിൽ നിന്നും ഭക്ഷണം പാഴ്സലായി അക്ബറിന്റെ വീട്ടിൽ കൊണ്ടു വന്നിരുന്നു. ഈ ഭക്ഷണം സമീപത്തെ വീടുകളിലും വിതരണം ചെയ്തിരുന്നു. ഈ ഭക്ഷണത്തിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് കരുതുന്നു. വിവാഹവീട്ടിൽ വിളമ്പിയ കോഴിയിറച്ചിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ആറ് കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാത്രി പതിനൊന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ നാലു പേരെ ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്തു. താമരശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് കുട്ടികളെ ആദ്യം ചികിത്സിച്ചത്. ഗുരുതരമായതോടെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |