പ്രമാടം : അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളായ പ്രമാടം, വലഞ്ചുഴി, മുട്ടത്ത്, വ്യാഴി, മറൂർ, കൊടുന്തറ, അഴൂർ, താഴൂർ ഭാഗങ്ങളിൽ പാമ്പ് ശല്യം രൂക്ഷമായി. മൂർഖൻ, അണലി, പെരുമ്പാമ്പ് എന്നിവയെ കഴിഞ്ഞ ദിവസം വീടുകളിൽ നിന്ന് കണ്ടെത്തി. മലവെള്ളത്തിൽ ഒഴുകിയെത്തിയതാകമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളം കയറി ഇറങ്ങിയ ഭൂരിഭാഗം വീടുകളിലും ഇഴജന്തുക്കളുടെ ശല്യമുണ്ട്.
ബുധനാഴ്ച വൈകിട്ട് പ്രമാടം, മറൂർ, വലഞ്ചുഴി ഭാഗങ്ങളിൽ റോഡിൽ പെരുമ്പാമ്പുകളെ കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് മറൂരിലെ വീടുകളിൽ നിന്ന് പെരുമ്പാമ്പുകളെയും കോഴിക്കൂട്ടിൽ നിന്ന് മലമ്പാമ്പിനെയും കണ്ടെത്തി. ഫോറസ്റ്റുകാരുടെ സേവനം യഥാസമയം ലഭ്യമല്ലെന്നും ആക്ഷേപമുണ്ട്.