SignIn
Kerala Kaumudi Online
Wednesday, 09 September 2026 4.50 AM IST

അരങ്ങുണരുന്നു; നാടകം അൽപ്പസമയത്തിനകം

drama

ആലപ്പുഴ: സഹൃദയരെ, അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുകയാണ്... കൊവിഡ് ഇടവേളയ്ക്ക് ശേഷം പരിശീലനക്കളരികൾ പുനരാരംഭിച്ചു. രംഗപടങ്ങൾ നിർമ്മിച്ചു തുടങ്ങി. ബുക്കിംഗുകൾ വരുന്നു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരശീല വീണ്ടും ഉയരുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ പ്രൊഫഷണൽ നാടക മത്സരങ്ങളോടെ ഉണർവിലായ മേഖലയിൽ വിവിധ കലാസമിതികൾ പുതിയ കഥയും കഥാപാത്രങ്ങളുമായി രംഗത്തെത്തുകയാണ്. നാടകം ജീവനോപാദിയായി കണ്ട കലാകാരന്മാർക്ക് പറയാനുള്ളത് രണ്ട് വർഷത്തെ ദുരിതകാണ്ഡമാണ്.

അഡ്വാൻസ് വാങ്ങി ബുക്കിംഗ് സ്വീകരിച്ച നൂറുകണക്കിന് വേദികളാണ് ഓരോ സമിതിക്കും കൈമോശം വന്നത്. സർക്കാർ ഇളവുകൾ നൽകിയതോടെ പഴയ പ്രൗഡിയിലേക്ക് വീണ്ടും എത്താനാകുമെന്ന പ്രതീക്ഷയിലാണ് സമിതികൾ.

പ്രതീക്ഷയുടെ പച്ചക്കൊടി

ചിതറിക്കിടന്ന സംഘാംഗങ്ങളെ വീണ്ടും ഒരു കുടക്കീഴിലെത്തിച്ച് പരിശീലനം പുനരാരംഭിച്ച മികച്ച സമിതികളെ തേടി ബുക്കിംഗുകൾ വന്നുതുടങ്ങി. ഇത് ശുഭ സൂചനയായാണ് സമിതികൾ കാണുന്നത്. പരിശീലനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ 12ലധികം ബുക്കിംഗുകളാണ് അമ്പലപ്പുഴ അക്ഷജ്വാല തിയേറ്റേഴ്സിന്റെ സ്വർണമുഖി നാടകത്തിന് ലഭിച്ചത്. സമാനമാണ് മറ്റ് മികച്ച സമിതികളുടെയും കാര്യം. ഫൈൻ ആർട്സ്, സാംസ്കാരിക വേദികൾ എന്നിവിടങ്ങളിൽ നിന്നാണ് ബുക്കിംഗുകൾ ലഭിച്ചു തുടങ്ങിയത്. ആരാധനാലയങ്ങളിൽ പരിപാടി നടത്തുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് നിബന്ധനയുള്ളതിനാൽ ഉത്സകമ്മിറ്റികൾ അനുകൂലമായി പ്രതികരിച്ചു തുടങ്ങിയിട്ടില്ല.

നഷ്ടത്തിൽ നിന്ന് കരകയറാൻ

വേദികളില്ലാതിരുന്ന കാലയളവിൽ സമിതികളുടെ സകല സാധന സാമഗ്രികളും പൊടിഞ്ഞുപോയി. കഥയ്ക്ക് അനുസൃതമായി രംഗപടം നിർമ്മിക്കുന്ന ജോലികൾ പുനരാരംഭിച്ചിട്ടുണ്ട്. കടം വാങ്ങി തട്ടിൽ കയറുന്ന സമിതികളുണ്ട്. ഒരു വേദിക്ക് 35000 - 40,000 രൂപ വരെ പ്രതിഫലം ലഭിച്ചാൽ കടവും വീട്ടി നഷ്ടമില്ലാത്ത രീതിയിൽ മുന്നോട്ട് പോകാനാകുമെന്ന് സമിതി സംഘാടകർ പറയുന്നു. പ്രളയത്തിൽ നശിച്ച സാധനങ്ങൾ ഇനിയും പുനർനിർമ്മിക്കാൻ സാധിച്ചിട്ടില്ലാത്തവരുണ്ട്. പുറം ജില്ലകളിൽ പരിപാടിക്ക് പോകുമ്പോൾ ഡീസൽ ചാർജും, ഹോട്ടൽമുറികളുടെ നിരക്കും നൽകണം. ചെയിൻ മാതൃകയിൽ പരിപാടി ലഭിച്ചിരുന്ന കാലത്ത് ഇത്തരം പ്രതിസന്ധികൾ നിലനിൽപ്പിനെ ബാധിച്ചിരുന്നില്ലെന്ന് നാടക പ്രവർത്തകർ പറയുന്നു.

""

നാടകരംഗം വീണ്ടും സജീവമാവുകയാണ്. മികച്ച അവതരണത്തെ ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിക്കും. ഉത്സവസ്ഥലങ്ങളിൽ പരിപാടി അവതരിപ്പിക്കുന്നതിനുള്ള സർക്കാർ നിബന്ധനകളിൽ ഇളവ് വേണം.

സി.രാധാകൃഷ്ണൻ, അക്ഷരജ്വാല സമിതി, അമ്പലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL