കോഴിക്കോട്: കടത്തനാടൻ കളരിക്ക് പത്മശ്രീ തിലകം ചാർത്തിയ മീനാക്ഷിയമ്മ ഇനി വെള്ളിത്തിരയിലും അടവുകളുടെ ചുവട് വയ്ക്കും. 'ലുക്ക് ബാക്ക് ' എന്ന പേരിൽ കളരിപ്പയറ്റ് മുഖ്യ വിഷയമാകുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വിസ്മയം തീർക്കും. രഞ്ജൻ മുളളറാട്ട് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ 'സിദ്ധ' എന്ന കഥാപാത്രത്തെയാണ് മീനാക്ഷിയമ്മ അവതരിപ്പിക്കുന്നത്.
രഞ്ജൻ മുളളറാട്ട്, ഉപാസന എന്നിവരും വേഷമിടുന്നുണ്ട്. കർണാടക ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം വടകര തച്ചോളി മാണിക്യം, മേമുണ്ട മഠം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്. ബംഗളൂരു കളരി ഗുരുകുലമാണ് ചിത്രത്തിന്റെ നിർമ്മാണം. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം മലയാളം, ഇംഗ്ലീഷ്, കന്നട ഭാഷകളിലാണ് ഒരുങ്ങുന്നത്.
കളരിപ്പയറ്റ് അഭ്യസിക്കുന്ന ഒരു സ്ത്രീയുടെ വിവിധ ഘട്ടങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ആദ്യമായാണ് ഒരു സിനിമയിൽ വേഷമിടുന്നതെന്നും കളരി മുഖ്യപ്രമേയമാക്കി സിനിമ വരുന്നതിൽ സന്തോഷമുണ്ടെന്നും പത്മശ്രീ മീനാക്ഷിയമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുമ്പും സിനിമകളിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും അവയെല്ലാം നിരസിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
ബംഗളൂരു കളരി ഗുരുകുലത്തിലൂടെ സിനിമയിൽ പ്രശസ്തനായ രഞ്ജൻ മുള്ളറാട്ട് അന്തരിച്ച കന്നട താരം പുനീത് കുമാറിന്റെ ഉൾപ്പെടെ കളരി ഗുരുവാണ്. കളരി പ്രമേയമാക്കുന്ന ആദ്യസിനിമയാണ് ലുക്ക് ബാക്ക് എന്ന് രഞ്ജൻ മുളളറാട്ട് പറഞ്ഞു. 2022 ജൂണിൽ ചിത്രം പ്രദർശനത്തിന് എത്തിക്കാനാണ് ഉദ്ദേശമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. കെ.വി.രാജൻ, സജീവ് കുമാർ ഗുരുക്കൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |