SignIn
Kerala Kaumudi Online
Saturday, 12 September 2026 5.28 AM IST

അടയ്ക്ക വിളവെടുപ്പ് ആരംഭിച്ചു

farmer

വടക്കഞ്ചേരി: ജില്ലയിൽ വടക്കഞ്ചേരി, നെന്മാറ, അയിലൂർ, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ പുഴയോരങ്ങളിലും മറ്റുമുള്ള തോട്ടങ്ങളിലായി അടയ്ക്ക വിളവെടുപ്പ് ആരംഭിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കളിയടയ്ക്ക നിർമ്മാണത്തിനായി പച്ച അടയ്ക്കക്ക് കച്ചവടക്കാർ എത്തിതുടങ്ങി. മിക്കതോട്ടങ്ങളിലും മൊത്തക്കച്ചവടത്തിലാണ് വ്യാപാരികൾ താത്പര്യം കാണിക്കുന്നത്. പച്ചഅടയ്ക്ക കിലോയ്ക്ക് 35 മുതൽ 38 രൂപ വരെയും പഴുത്തത് 65 രൂപയ്ക്കുമാണ് വ്യാപാരികൾ പറിച്ചെടുക്കുന്നത്. മണ്ണാർക്കാട്, കരിമ്പ, ശ്രീകൃഷ്ണപുരം പ്രദേശത്തുള്ള വ്യാപാരികളാണ് നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ അടയ്ക്ക മാസങ്ങൾക്കു മുമ്പേ പണം നൽകി കച്ചവടം ചെയ്യുന്നത്.

തൊഴിലാളി ക്ഷാമത്താൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യന്ത്രം ഉപയോഗിച്ചാണ് കവുങ്ങുകളിൽ കയറി വ്യാപാരികൾ അടയ്ക്ക പറിക്കുന്നത്. പറിച്ച് ഉടൻ പഴുത്തതും പച്ചയും വേർതിരിച്ച് ചാക്കിലാക്കിയാണ് കൊണ്ടുപോകുന്നത്. പഴുത്ത അടയ്ക്ക ഉണക്കി ഉപയോഗിക്കാനും പച്ചഅടയ്ക്ക പാൻമസാല, കളിയടയ്ക്ക എന്നിവയുണ്ടാക്കാനുമാണ് കൊണ്ടുപോകുക. മുൻകാലങ്ങളിൽ പഴുത്ത അടയ്ക്ക വെള്ളത്തിലിട്ട് സൂക്ഷിച്ച് വെറ്റിലയ്ക്കൊപ്പം ഉപയോഗിക്കാനായി നീറ്റ് അടയ്ക്ക എന്ന പേരിൽ കർഷകർ പ്രത്യേക വെള്ളം നിറച്ച ടാങ്കുകളിൽ സൂക്ഷിക്കുമായിരുന്നു. നിലവിൽ വെറ്റില മുറുക്ക് കുറഞ്ഞതോടെ നീറ്റ് അടയ്ക്കയുടെ വിപണിയും കുറഞ്ഞു.
ഉണക്കി സൂക്ഷിക്കുന്ന അടയ്ക്കയുടെ പ്രധാന വിപണന കേന്ദ്രം പഴണി, കേച്ചേരി മാർക്കറ്റുകളാണ്. തമിഴ്നാട്ടിലെ സേലം, കർണാടകയിലെ മംഗലാപുരം, ആന്ധ്രയിലെ വിശാഖപട്ടണം ഭാഗത്തുമുള്ള കളിയടക്ക നിർമ്മാണ കേന്ദ്രങ്ങളിലേക്കാണ് പച്ച അടയ്ക്ക കൊണ്ടുപോകുന്നത്. പച്ചഅടയ്ക്ക പൊളിച്ച് പരിപ്പ് ചെത്തുന്ന കമ്പനി മലപ്പുറത്തും ആരംഭിച്ചിട്ടുണ്ട്.

മഞ്ഞളിപ്പും മഹാളി രോഗവും: ഉത്പാദനം കുറഞ്ഞു

അടയ്ക്ക കൃഷി ചെയ്യുന്ന കവുങ്ങ് തോട്ടങ്ങളിൽ മഞ്ഞളിപ്പ് രോഗവും കവുങ്ങിന് മഹാളി രോഗവും ബാധിച്ചതോടെ മൂപ്പ് എത്തുന്നതിനുമുമ്പ് അടയ്ക്ക കൊഴിഞ്ഞുപോകുന്നതിനാൽ ഉത്പാദനം വളരെ കുറഞ്ഞു. ഇതോടെ വ്യാപാരികൾക്കും കർഷകർക്കും കൃഷിയിൽ നഷ്ടമാണ് സംഭവിക്കുന്നത്. ഉത്പാദനം കുറഞ്ഞതോടെ മേഖലയിലെ പല കർഷകർ റബ്ബർ കൃഷിയിലേക്ക് മാറിതുടങ്ങിയിട്ടുണ്ട്. നിലവിലുള്ള തോട്ടങ്ങളിലും മഞ്ഞളിപ്പ് രോഗം വ്യാപിക്കുന്നതിനാൽ കർഷകർ ഏറെ ആശങ്കയിലാണ്. മംഗള, സുമംഗള, മോഹിത് നഗർ തുടങ്ങിയ ഉയരം കുറഞ്ഞതും ഉത്പാദനശേഷി കൂടിയതുമായ ഇനം കവുങ്ങുകളിൽ നിന്നാണ് ഇപ്പോൾ കായ്ഫലം കൂടുതൽ ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL