SignIn
Kerala Kaumudi Online
Friday, 15 May 2026 5.43 AM IST

എലിപ്പനി: നിരീക്ഷണം ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്

rat-fever

പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയും നിരീക്ഷണവും ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിലാണ് ബാക്ടീരിയ വളർന്നുപെരുകുന്നത്. ഇവയുടെ മൂത്രത്തിൽ കൂടി രോഗാണുക്കൾ ധാരാളമായി വിസർജ്ജിക്കപ്പെടുന്നു. എലിയെ കൂടാതെ നായ്ക്കളും ആടുമാടുകളും പന്നിയും മറ്റും ചിലപ്പോൾ രോഗാണുവാഹകരാകാറുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 10 - 14 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.

എലിപ്പനി പടരുന്നത്

രോഗാണുക്കൾ കലർന്ന മലിന ജലത്തിൽ ചവിട്ടുകയോ കളിക്കുകയോ ഒക്കെ ചെയ്യുമ്പോൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തിൽ മുറിവുകളോ പോറലോ വൃണങ്ങളോ ഉണ്ടെങ്കിൽ.
ശരീരത്തിൽ മുറിവുകൾ ഒന്നും ഇല്ലെങ്കിലും ദീർഘനേരം മലിനജലത്തിൽ നിന്ന് പണിയെടുക്കുന്നവരിൽ ജലവുമായി സമ്പർക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തുകൂടി രോഗാണു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.
കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചർമ്മത്തിൽ കൂടി രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം.
രോഗാണു കലർന്ന ജലം കുടിക്കുന്നതിലൂടെയും രോഗം ഉണ്ടാകാം.

ലക്ഷണങ്ങൾ ശ്രദ്ധിക്കണം

ശക്തമായ പനി
തലവേദന
പേശിവേദന, പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികൾക്കും.
അമിതമായ ക്ഷീണം.
കണ്ണിന് ചുവപ്പ് നിറം, നീർവീഴ്ച, കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
മഞ്ഞപ്പിത്ത ലക്ഷണങ്ങൾ പനിയോടൊപ്പം കണ്ണിന് മഞ്ഞനിറം, മനം മറിച്ചിൽ, ഛർദ്ദി. രോഗം കരളിനെ ബാധിക്കുന്നതിനാലാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉണ്ടാകുന്നത്. രോഗത്തിന്റെ ഗൗരവ സ്വഭാവമുള്ള ലക്ഷണങ്ങളിൽ ഒന്നാണിത്.

ചികിത്സ

പെൻസിലിൻ പോലുള്ള ആന്റിബയോട്ടിക് മരുന്നുകൾ വളരെ ഫലപ്രദമാണ്. എന്നാൽ ആരംഭത്തിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിക്കണം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ തേടണം.

പ്രതിരോധം പ്രധാനം

മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങൾ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക.

ശുചീകരണ തൊഴിലാളികൾ, ഈർപ്പമുളള മണ്ണിൽ കൃഷി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കൈയുറകൾ, ബൂട്സ് എന്നിവ ധരിക്കുന്നത് കൂടാതെ രോഗപ്രതിരോധം നൽകുന്ന ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.

കുടിക്കാനുള്ള ജലം, അത് പൈപ്പ് വെളളം ആണെങ്കിൽ കൂടി നല്ലതുപോലെ അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ചാറ്റി ഉപയോഗിക്കുക.

പാചകത്തിനും കുളിക്കാനും വായ് ശുദ്ധികരിക്കാനുമൊക്കെ ക്ലോറിനേറ്റ് ചെയ്ത ജലം മാത്രമേ ഉപയോഗിക്കാവൂ.

Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, LEPTOSPIROSIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL