ആദ്യ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യയ്ക്ക് ജയിക്കാൻ ഒൻപത് വിക്കറ്റുകൾ കൂടി വേണം
ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 234/7 ഡിക്ലയേഡ്,അയ്യർക്കും(65) സാഹയ്ക്കും(61*) അർദ്ധസെഞ്ച്വറി
284 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കിവീസിന് നാലു റൺസിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി
കാൺപുർ : ആദ്യ ടെസ്റ്റിന്റെ അവസാന ദിനത്തിൽ ചേസിംഗിനിറങ്ങുന്ന കിവികളെക്കാത്ത് സ്പിൻ കെണിയൊരുക്കി കാത്തിരിക്കുകയാണ് ഇന്ത്യ.284 റൺസിന്റെ വിജയലക്ഷ്യം തേടി ഇറങ്ങിയവരിൽ ഒരു കിവി ഇന്നലെ വലയിൽ വീണു. ഇനി ഒമ്പതു കിവികളെക്കൂടി കറക്കിത്തിരിച്ച് വലയിലാക്കിയാൽ ഇന്ത്യയ്ക്ക് വിജയം ആഘോഷിക്കാം.കിവീസിന്റെ ബൗളിംഗിൽ സ്പിൻ ബൗളേഴ്സിന് കാര്യമായ സഹായം നൽകിയില്ലെങ്കിലും കാൺപുരിലെ പിച്ചിൽ ആദ്യ ഇന്നിംഗ്സിലെ പ്രകടനം ഇന്ത്യൻ സ്പിന്നർമാർക്ക് ആവർത്തിക്കാനായാൽ വിജയം ഉറപ്പാണ്.എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലാൻഡ് പൊരുതിനിന്നാൽ കളി കടുപ്പമാകും.
ആദ്യ ഇന്നിംഗ്സിൽ 345 റൺസ് നേടിയിരുന്ന ഇന്ത്യ കിവികളുടെ ഒന്നാം ഇന്നിംഗ്സ് 296ൽ അവസാനിപ്പിച്ചശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങി 234/7ൽ ഡിക്ളയർ ചെയ്തിരുന്നു. ഇതോടെ 284 റൺസ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്സിനിറങ്ങിയ കിവീസ് നാലാം ദിവസമായ ഇന്നലെ കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ നാലു റൺസിലെത്തി. ഇനി 280 റൺസ് കൂടിയാണ് സന്ദർശകർക്ക് വേണ്ടത്.
അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയും നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി ശ്രേയസ് അയ്യർ ചരിത്രം കുറിച്ചു. ആദ്യ ഇന്നിംഗ്സിൽ 105 റൺസും രണ്ടാം ഇന്നിംഗ്സിൽ 65 റൺസുമാണ് അയ്യർ നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന പത്താമനാണ് അയ്യർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |