കൊച്ചി: സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന അവസാന മത്സരത്തിൽ ഒരു സമനില മാത്രം മതിയായിരുന്നു കേരളത്തിന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ. എന്നാൽ വെറുമൊരു സമനില കൊണ്ട് തൃപ്തിപ്പെടുന്നതല്ലായിരുന്നു കേരളത്തിന്റെ ചുണക്കുട്ടികളുടെ വീര്യം. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് നടന്ന അവസാന റൗണ്ട് മത്സരത്തിൽ പോണ്ടിച്ചേരിയെ 4-1ന് കീഴ്പ്പെടുത്തിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായ കേരളം ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
കേരളത്തിന് വേണ്ടി പെനാൽട്ടിയിലൂടെ നിജോ ഗിൽബർട്ടാണ് ആദ്യ ഗോൾ നേടുന്നത്. തിരുവനന്തപുരം സ്വദേശിയായ നിജോയുടെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്. തൊട്ടുപിറകേ 24ാം മിനിട്ടിൽ അർജുൻ ജയരാജ് കേരളത്തിന്റെ രണ്ടാം ഗോളും നേടി. 39ാം മിനിട്ടിൽ ആൻസണിലൂടെ ഒരു ഗോൾ മടക്കിയ പോണ്ടിച്ചേരി പകുതി സമയത്ത് സ്കോർ 2-1ൽ എത്തിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ കേരളത്തിന്റെ പകരക്കാരായി ഇറങ്ങിയ നൗഫൽ പി എൻ, ബുജൈർ വലിയട്ട് എന്നിവരുടെ ഗോളുകളിലൂടെ കേരളം 4-1ന് മത്സരം സ്വന്തമാക്കി. 55ാം മിനിട്ടിലും 57ാം മിനിട്ടിലുമായിരുന്നു രണ്ടാം പകുതിയിലെ കേരളാ താരങ്ങളുടെ ഗോളുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |