ലണ്ടൻ: ക്രിസ്മസ് കാലത്തിന്റെ വരവറിയിച്ച് തലയെടുപ്പോടെ ഉയരുന്ന ക്രിസ്മസ് ട്രീകൾ അതിമനോഹരമാണ്. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലെ ബൾബുകളാലും അലങ്കാര വസ്തുക്കളാലും നിറഞ്ഞ ക്രിസ്മസ് ട്രീകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇംഗ്ലണ്ടിലെ വോസ്റ്റഷെയറിലുള്ള ഇൻക്ബെറോ എന്ന കുഞ്ഞൻ ഗ്രാമത്തിലും ഇപ്പോൾ ഒരു ക്രിസ്മസ് ട്രീയാണ് താരം. ഏവ്രിൽ, ക്രിസ്റ്റഫർ റോലാൻഡ്സ് എന്നീ ദമ്പതികൾ 1978 ലാണ് ഈ ക്രിസ്മസ് ട്രീ ( ഫിർ മരം ) നട്ടത്.
അന്ന് 6 അടി മാത്രം ഉയരമുണ്ടായിരുന്ന ട്രീയ്ക്ക് ഇന്ന് 50 അടിയിലേറെയാണ് ഉയരം. ക്രിസ്മസിനെ വരവേൽക്കാനായി ക്രെയിനിന്റെ സഹായത്തോടെയാണ് ഈ കൂറ്റൻ ക്രിസ്മസ് ട്രീയിൽ 3,000 ബൾബുകളാൽ അലങ്കാരപ്പണികൾ നടത്തിയിരിക്കുന്നത്. വർഷങ്ങളായി നടന്നുവരുന്ന ക്രിസ്മസ് ട്രീയിലെ വിളക്ക് തെളിയിക്കൽ ചടങ്ങിന് ഏവ്രിൽ - ക്രിസ്റ്റഫർ ദമ്പതികൾ സ്വാഗതം ചെയ്തത് 2,000 ഗ്രാമീണരെയാണ്.
യു.കെയിൽ സ്ട്രീറ്റ് ലൈറ്റുകളില്ലാത്ത വളരെ ചുരുക്കം ചില ഗ്രാമങ്ങളിലൊന്നാണ് ഇൻക്ബെറോ എന്നും അതുകൊണ്ട് തന്നെ, ക്രിസ്മസ് ട്രീ പ്രകാശഭരിതമാകുമ്പോൾ അത്യപൂർവ കാഴ്ചയാണ് കാണാനാവുക എന്നും മുൻ ടെലിവിഷൻ മാദ്ധ്യമപ്രവർത്തക കൂടിയായ 75 കാരി ഏവ്രിൽ പറയുന്നു.
ഏവ്രിലിന്റെയും ക്രിസ്റ്റഫറിന്റെയും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നാണ് ഈ മനോഹരമായ ക്രിസ്മസ് ട്രീ. ട്രീയിലെ അലങ്കാര വിളക്കുകൾ തെളിയിക്കുന്ന ചടങ്ങ് ഗ്രാമത്തിലെ പാരമ്പര്യത്തിന്റെ ഭാഗമായി തന്നെ മാറിയിരിക്കുകയാണ്. ഈ ക്രിസ്മസ് ട്രീയിൽ പ്രകാശം തെളിയുന്നതോടെയാണ് തങ്ങളുടെ നാട്ടിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് ഗ്രാമീണർ പറയുന്നു.
ക്രിസ്മസ് ട്രീയെ അഭിസംബോധ ചെയ്തുള്ള ആശംസാ കാർഡുകളും യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏവ്രിലിനും ക്രിസ്റ്റഫറിനും ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ ക്രിസ്മസ് ട്രീയിലെ വിളക്കുകൾ തെളിയിക്കൽ ചടങ്ങിന് ഏവ്രിലും ക്രിസ്റ്റഫറും മാത്രമാണുണ്ടായിരുന്നത്. ചിത്രങ്ങളെടുത്ത് ഓൺലൈനിലൂടെ ഷെയർ ചെയ്യുകയാണ് ചെയ്തത്. എന്നാൽ, ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗ്രാമീണരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇരുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |