തിരുവനന്തപുരം: 'കേരളത്തെ കലാപഭൂമിയാക്കരുത്' എന്ന മുദ്രാവാക്യവുമായി ഈ മാസം നാലിന് വൈകിട്ട് 5 മുതൽ 7 വരെ വർഗീയതയ്ക്കെതിരെ സി.പി.എം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ലോക്കലടിസ്ഥാനത്തിൽ 2273 കേന്ദ്രങ്ങളിലാണ് ബഹുജന കൂട്ടായ്മ.
തലശ്ശേരിയിൽ മുസ്ലിം ആരാധനാലയം സംരക്ഷിക്കുന്നതിനിടെ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ യു.കെ. കുഞ്ഞിരാമന്റെ രക്തസാക്ഷിത്വ ദിനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കേരളീയ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും അതുവഴി നാടിനെ വർഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനുമാണ് ആർ.എസ്.എസും എസ്.ഡി.പി.ഐയും പരിശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങളെ ഊതിവീർപ്പിക്കാനും സർക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ഇടപെടലുകളാണ് യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിറുത്തുന്നതിനുള്ള ആഹ്വാനവുമായി ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |