ന്യൂഡൽഹി: ജനുവരി 10മുതൽ ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60വയസു കഴിഞ്ഞ മുന്നണിപ്പോരാളികൾ തുടങ്ങിയവർക്ക് കരുതൽ ഡോസായി മുൻപ് അവരെടുത്ത അതേ വാക്സിൻ തന്നെയാകും നൽകുകയെന്ന് നിതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ. വി.കെ. പോൾ അറിയിച്ചു.
പുതുതായി അടിയന്തര അനുമതി ലഭിച്ച വാക്സിനുകൾ കരുതൽ ഡോസായി നൽകാനിടയുണ്ടെന്ന സൂചനകൾക്കിടെയാണിത്. കഴിഞ്ഞ എട്ടു ദിവസത്തിൽ രാജ്യത്തെ കൊവിഡ് കേസുകളിൽ 6.3 ശതമാനത്തിന്റെ വർദ്ധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021 ഡിസംബർ 29ന് ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.79ശതമാനമായിരുന്നത് ജനുവരി അഞ്ചിന് 5.03ശതമാനമായാണ് വർദ്ധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, കേരളം, തമിഴ്നാട്, കർണാടക, ജാർഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കേസുകൾ ഉയരുന്നത് ആശങ്കാജനകമാണെന്നും രാജ്യത്തെ 28 ജില്ലകളിൽ ടി.പി.ആർ 10ശതമാനത്തിന് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ കണ്ടെത്താൻ പുതിയ കിറ്റ്
ഒമിക്രോൺ വകഭേദം കണ്ടെത്താനുള്ള പുതിയ ആർടി.പി.സി.ആർ കിറ്റിന് ഡ്രഗ് കൺട്രോളർ ജനറൽ(ഡി.ജി.സി.ഐ)അനുമതി നൽകിയതായി ഐ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ അറിയിച്ചു. ടാറ്റാ മെഡിക്കൽ ആന്റ് ഡയഗ്നോസ്റ്റിക്സും ഐ.സി.എം.ആറും സംയുക്തമായി വികസിപ്പിച്ച 'ഒമിഷുവർ' എന്ന പേരിലുള്ള കിറ്റൽ നാലു മണിക്കൂറിൽ ഫലമറിയാം. എസ് ജീൻ ടാർജറ്റ് ഫെയിലർ രീതിയിലൂടെയാണ് വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |