SignIn
Kerala Kaumudi Online
Friday, 20 September 2024 2.20 AM IST

തന്ത്രങ്ങളുടെ ആശാനായി യോഗി ആദിത്യനാഥ്, നിൽക്കക്കള്ളിയില്ലാതെ സമാജ്‌വാദി പാർട്ടി, സ്ഥാനാർത്ഥിയാവാൻ ആളെ അന്വേഷിച്ച് കോൺഗ്രസ്, ചൂടുപിടിച്ച് യു പി

Increase Font Size Decrease Font Size Print Page
yogi

 

ലക്നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബി ജെ പി എല്ലം ഭദ്രമാക്കുന്നു. സമ്പൂർണ വിജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാത്ത പാർട്ടി മാസങ്ങൾക്ക് മുമ്പുതന്നെ സ്ഥാനാർത്ഥികളെപ്പോലും കണ്ടുവച്ചിരുന്നു. ഇനിയുള്ളത് ‌ഔദ്യാേഗിക പ്രഖ്യാപനം മാത്രം. ഇന്ന് ചേരുന്ന യോഗത്തിൽ ആദ്യഘട്ടത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും അന്തിമ സ്ഥാനാർത്ഥി പട്ടികയും തീരുമാനിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ, സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

2017ലെ തിരഞ്ഞെടുപ്പിൽ 403 അംഗ സഭയിൽ ബിജെപി 312 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. മോദി ഇഫക്ടിനൊപ്പം യോഗി ഇഫക്ട് കൂടിയാകുമ്പോൾ ഇത്തവണ നിയമസഭയിൽ പ്രതിപക്ഷം ഉണ്ടാവില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ ഉറച്ച വിശ്വാസം. സ്ഥിരം മുഖങ്ങളെ മാറ്റിനിറുത്തി പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുമെന്ന സൂചനയും പാർട്ടി കേന്ദ്രങ്ങൾ നൽകുന്നുണ്ട്. കാൺപൂർ പൊലീസ് കമ്മീഷണർ അസിം അരുൺ ഇതിന് ഒരു ഉദാഹരണമാണ്. വോളണ്ടറി റിട്ടയർമെന്റ് സ്കീമിന് അപേക്ഷിച്ചതായി അസിം അരുൺ ഫേസ്ബുക്കിൽ സ്ഥിരീകരിച്ചു. ബിജെപി അംഗമാകാൻ താൻ യോഗ്യനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണക്കാക്കിയതിൽ അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. കനൗജ് സ്വദേശിയായ അസിം അരുൺ കനൗജിൽതന്നെ സ്ഥാനാർത്ഥിയാവും എന്നാണ് ഇപ്പോൾ കേൾക്കുന്നത്.

അതേസമയം,ബി ജെ പിയെ വിചാരിച്ചതിനെക്കാൾ എളുപ്പത്തിൽ പരാജയപ്പെടുത്താനാവുമെന്നാണ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറയുന്നത്. 400 സീറ്റുകൾ ഉറപ്പെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ 'സമാജ്‌വാദി വിജയ് യാത്ര' യുടെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ പ്രചാരണ വേളയിൽ ലഭിച്ച ജനപിന്തുണയാണ് അഖിലേഷിന്റെ വിശ്വാസത്തിന് കാരണം. കോൺഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും ഇല്ലെന്നും അഖിലേഷ് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞതവണ കോൺഗ്രസുമായി ഉണ്ടാക്കിയ ബന്ധം വൻ പരാജയമായതിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണിതെന്നാണ് കരുതുന്നത്. ബിഎസ് പിയുമായും അടുപ്പത്തിനില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ശിവ്‌പാൽ യാദവിന്റെ പിഎസ്പി(എൽ), മഹാൻ ദൾ, ഒപി രാജ്ഭറിന്റെ എസ്ബിഎസ്പി, ആർഎൽഡി, കൃഷ്ണ പട്ടേലിന്റെ അപ്നാദൾ വിഭാഗം എന്നിവരുമായി സഖ്യമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആൾക്കൂട്ടം വോട്ടായി മാറുമോ എന്ന ആശങ്ക പാർട്ടി കേന്ദ്രങ്ങൾക്കുണ്ട്. ജനഹിതമറിഞ്ഞുള്ള യോഗിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവുമോ എന്നും അവർക്ക് ആശങ്കയുണ്ട്.

സ്ത്രീകളിലൂടെ തങ്ങളുടെ കരുത്ത് സംസ്ഥാനത്ത് കാട്ടാനാവുമെന്നാണ് പ്രിയങ്കാഗാന്ധിയുടെയും കോൺഗ്രസിന്റെയും പ്രതീക്ഷ. 'ലഡ്കി ഹൂൻ ലഡ് ശക്തി ഹൂൺ' എന്ന മുദ്രാവാക്യം കേന്ദ്രീകരിച്ച് കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് പ്രിയങ്ക ഗാന്ധിയാണ്. പക്ഷേ, സംസ്ഥാനത്ത് സ്ഥാനാർത്ഥിയാവാൻ ആളെ കിട്ടാനില്ലെന്നതാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അവരുടെ പഴയ തീപ്പൊരികളിൽ പലരും ഇപ്പോൾ ബി ജെ പി പാളയത്തിലാണ്.

പ്രധാന പാർട്ടികൾ എല്ലാം അരയും തലയും മുറുക്കി രംഗത്തുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുപോലും ബി എസ് പിയും മായാവതിയും അതൊന്നും അറിഞ്ഞ മട്ടുപോലുമില്ല. എങ്കിലും സംസ്ഥാനത്ത് കുറഞ്ഞത് നൂറുസീറ്റിലെങ്കിലും മത്സരിക്കുമെന്നാണ് മായാവതിയാേടെ അടുപ്പമുള്ളവർ പറയുന്നത്. തിരഞ്ഞെടുപ്പിൽ ബി ജെ പി അടക്കമുള്ള പാർട്ടികളുമായി വിലപേശലിനാണ് ഇതെന്ന് വ്യക്തം. ഇപ്പോൾ അത്ര ആക്ടീവ് അല്ലെങ്കിലും സംസ്ഥാനത്തെ പിന്നാക്കക്കാർക്കിടയിൽ പാർട്ടിക്ക് കാര്യമാത്രമായ സ്വാധീനമുണ്ട്. അത് തുറപ്പുചീട്ടാക്കി സമ്മർദ്ദതന്ത്രം പ്രയോഗിക്കാനാണ് മായാവതിയുടെ പദ്ധതി. പക്ഷേ, ഇത് ആരെങ്കിലും മുഖവിലയ്‌ക്കെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

modi

ജാതി തന്നെ മുഖ്യം

വികസനം വോട്ടാക്കി മാറ്റുമെന്നാണ് ബി ജെ പി പ്രധാനമായും പറയുന്നതെങ്കിലും ഒടുവിൽ പ്രചാരണങ്ങളെല്ലാം ജാതിക്ക് ചുറ്റും വട്ടം കറങ്ങുമെന്നതിന്റെ സൂചനകൾ തുടക്കത്തിലേ ലഭിച്ചുതുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 80 ഉം 20 ഉം തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിച്ചതിലൂടെ ഇതാണ് വ്യക്തമാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സംസ്ഥാനത്തെ ഹിന്ദു-മുസ്ലിം ജനസംഖ്യാ അനുപാതത്തെ സൂചിപ്പിച്ചുകൊണ്ടാണ് പ്രസ്താവനയെന്നാണ് അവർ പറയുന്നത്. എന്നാൽ താൻ പറഞ്ഞതിന് അങ്ങനെയൊരു അർത്ഥമില്ലെന്നാണ് യോഗി പറയുന്നത്. സംസ്ഥാനത്തെ '80 ശതമാനവും ദേശീയത, സദ്ഭരണം, വികസനം എന്നിവയെ പിന്തുണയ്ക്കുന്നവരാണ്. ഇത്തരം ആള്‍ക്കാര്‍ ബിജെപിക്ക് വോട്ട് ചെയ്യും.എന്നാൽ 15 മുതല്‍ 20 ശതമാനം ആളുകള്‍ മാഫിയകളേയും ക്രമിനലുകളേയും പിന്തുണക്കുന്നവരും കര്‍ഷക-ഗ്രാമ വിരുദ്ധരുമാണ്. അവർ മറ്റുള്ള പാർട്ടികൾക്ക് വോട്ടുചെയ്യും എന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UP ELECTION, BJP, SP, CONGRESS, 1ST PHASE CANDIDATES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.