SignIn
Kerala Kaumudi Online
Saturday, 21 September 2024 12.14 AM IST

സുനിയുടെ മൊഴിയുടെ പേരിൽ ദിലീപിനെ ശിക്ഷിക്കാൻ വകുപ്പില്ല, ഈ സാഹചര്യത്തിൽ ദിലീപിനെ ശിക്ഷിക്കാൻ ഇനിയെന്താണ് മാർഗം ? കോടതിയുടെ വാക്കുകളെ വിശ്വസിക്കുന്നുവെന്ന്  ശ്രീജിത്ത് പണിക്കർ

Increase Font Size Decrease Font Size Print Page
dileep-

നടിയെ ആക്രമിച്ച കേസിൽ വിചാരണ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പ്രതിപ്പട്ടികയിലുള്ള ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം കേരള സമൂഹം നടിയെ ആക്രമിച്ച കേസിൽ പൊതു ചർച്ചകൾ നടത്തുമ്പോൾ ഇപ്പോഴുണ്ടായ സംഭവങ്ങൾ കേസിനെ ബാധിക്കുന്നത് എങ്ങനെയാകുമെന്നും, എന്ത് കൊണ്ട് കോടതിയുടെ

വാക്കുകളെ വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദിലീപ് കേസ്.

ആക്രമണത്തെ അതിജീവിച്ച നടിയ്ക്കൊപ്പമാണ് ഞാനും. കുറ്റം ചെയ്തത് ദിലീപിന്റെ നിർദ്ദേശപ്രകാരം ആണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടണമെന്നതിൽ തർക്കമില്ല. ദിലീപാണ് കുറ്റവാളിയെന്ന് നടി ആരോപിച്ചതായി അറിവില്ല. ആണെന്ന് ദിലീപ് സമ്മതിച്ചിട്ടുമില്ല. ആണെന്നു പറഞ്ഞത് പൾസർ സുനിയാണ്.

ഈ സാഹചര്യത്തിൽ ദിലീപിനെ ശിക്ഷിക്കാൻ ഇനിയെന്താണ് മാർഗം?

സുനിയുടെ മൊഴിയുടെ പേരിൽ ദിലീപിനെ ശിക്ഷിക്കാൻ വകുപ്പില്ല. വാർത്തകളുടെ പേരിൽ ശിക്ഷിക്കാനും വകുപ്പില്ല. പൊതുസമൂഹത്തിന്റെ രോഷം മുൻനിർത്തിയും ശിക്ഷിക്കാൻ വകുപ്പില്ല.

അവശേഷിക്കുന്ന ഒരേയൊരു മാർഗം, കുറ്റം ചെയ്തത് ദിലീപ് ആണെന്ന് കോടതിയിൽ തെളിയിക്കപ്പെടണം എന്നതു മാത്രമാണ്. അഞ്ചാം വർഷത്തിലേക്ക് കടന്ന കേസിൽ വാദിഭാഗത്തിന് ദിലീപിനെതിരെ തെളിവ് നൽകി സുനിയുടെ മൊഴി കോടതിയെ ബോധിപ്പിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. അതു മാത്രമാണ് പ്രധാനം.

ജനഹിതം നോക്കി ഒരാളെയും ശിക്ഷിക്കാൻ കഴിയില്ല. അങ്ങനെ ആയിരുന്നെങ്കിൽ കോടതി നടപടികളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ. ന്യായമായ അവസരം വാദിഭാഗത്തിനും പ്രതിഭാഗത്തിനും കിട്ടണം. നീതിപൂർവമായ വിചാരണ നടക്കണം. ഗൂഢാലോചന നടത്തി നടിയെ ആക്രമിക്കാൻ ഏർപ്പെടുത്തിയത് ആരെന്ന് അന്വേഷണസംഘവും പ്രോസിക്യൂഷനും തെളിയിക്കണം.

സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ കാണുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സംശയമുണ്ട്. നമുക്ക് വേണ്ടതെന്താണ്? നടിക്ക് നീതി ലഭിക്കുക എന്നതാണോ, അതോ ദിലീപ് ശിക്ഷിക്കപ്പെടുക എന്നതാണോ?

എന്റെ ആഗ്രഹം നടിക്ക് നീതി ലഭിക്കുക എന്നതാണ്. അവരെ ക്രൂരമായി ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവരും, ആക്രമിക്കാൻ ഏർപ്പാട് ചെയ്തവരും, ആക്രമിച്ചവരും ശിക്ഷ അർഹിക്കുന്നുണ്ട്. ഹീനമായ ആക്രമണം ആസൂത്രണം ചെയ്ത മുഖ്യ കുറ്റവാളിക്ക് തൂക്കുകയർ തന്നെ ലഭിക്കണം; അത് ദിലീപെങ്കിൽ ദിലീപിന്, ദിലീപല്ലെങ്കിൽ മറ്റൊരാൾക്ക്.

താനല്ല കുറ്റവാളിയെന്ന് ഒരാൾ പറയുമ്പോൾ, ഇനി മറ്റാരെങ്കിലുമാണോ കുറ്റം ചെയ്തത് എന്നും അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ടാവും എന്നു കരുതുന്നു.

'നടിക്ക് നീതി, ദിലീപിന് ശിക്ഷ' എന്ന പൊതുസമൂഹത്തിന്റെ ചിന്തയ്ക്കപ്പുറം 'നടിക്ക് നീതി, കുറ്റവാളിക്ക് ശിക്ഷ' എന്നതാണ് കോടതിയുടെ സമീപനം. ദിലീപ് പ്രതിയാണ്, സംശയത്തിന്റെ നിഴലിലാണ്. എന്നാൽ ദിലീപിനെ കുറ്റവാളിയെന്ന കളത്തിലേക്ക് കൊണ്ടുവരേണ്ടത് പ്രോസിക്യൂഷന്റെ ജോലിയാണ്. ദിലീപിന്റെ വാദത്തെ തോല്പിച്ച്, അതവർ തെളിയിക്കേണ്ടത് കോടതിമുറിയിലും.

അതാണ് നിയമവ്യവസ്ഥ. ഞാൻ വിശ്വസിക്കുന്നതും ആ നിയമവ്യവസ്ഥയിലാണ്. അടച്ചിട്ട മുറിയിലെ വിചാരണയെ കുറിച്ച് നമുക്ക് ബോധ്യമില്ലല്ലോ. അതിനാൽ കോടതിയെ വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. ഒഴുക്കിനൊപ്പം നീന്തുന്നതിൽ അർത്ഥമില്ലല്ലോ.

[ഈ കേസിനെ സമീപകാലത്തെ മറ്റുചില കേസുകളുമായി താരതമ്യം ചെയ്തുനോക്കൂ. വേണ്ടത്ര യോഗ്യതയില്ലാത്ത സ്വപ്നാ സുരേഷിന് ഉയർന്ന തസ്തികയിൽ ജോലി നൽകിയതിൽ ശിവശങ്കറിന്റെ ഭാഗത്ത് ക്രമക്കേടുണ്ടെന്ന് സർക്കാർ പാനൽ തന്നെ കണ്ടെത്തിയതു കൊണ്ടാണ് പിന്നീടുള്ള കാര്യങ്ങളിലും ശിവശങ്കറിന്റെ സാന്നിധ്യം സംശയിക്കപ്പെടുന്നത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഒരു ഫോണിന്റെയും ശിവശങ്കറിന്റെ ഒരു ഫോണിന്റെയും IMEI നമ്പർ ഒന്നാണെന്നതു കൊണ്ടാണ് ലൈഫ് മിഷൻ കേസിലെ അദ്ദേഹത്തിന്റെ പങ്കും സംശയിക്കപ്പെടുന്നത്. തെളിവാണ് പ്രധാനം.]

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DILEEP, SREEJITH PANICKAR, COURT, PULSAR, PULSAR SUNI, COURTORDER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.