ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 14ൽ നിന്ന് 20ലേക്ക് മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. സിക്ക് ആചാര്യൻ ഗുരു രവിദാസിന്റെ ജൻമദിനാഘോഷം കണക്കിലെടുത്ത് വോട്ടെടുപ്പ് നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ തീയതി പ്രകാരം ജനുവരി 25ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഫെബ്രുവരി ഒന്നുവരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന രണ്ടിന്. നാലുവരെ പത്രിക പിൻവലിക്കാം. ഫെബ്രുവരി 20ന് വോട്ടെടുപ്പും മാർച്ച് 10ന് മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം വോട്ടെണ്ണലും നടക്കും.
ഫെബ്രുവരി 16നാണ് ഗുരു രവിദാസിന്റെ ജൻമദിനാഘോഷം. പഞ്ചാബിലെ ജനസംഖ്യയിൽ 32 ശതമാനം വരുന്ന ദളിത് വിഭാഗക്കാരായ അനുയായികൾ ഗുരു രവിദാസിന്റെ സ്വദേശമായ യു.പിയിലെ വാരാണസിയിൽ നടക്കുന്ന ഒരാഴ്ചത്തെ ജൻമദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുന്നത് കണക്കിലെടുത്ത് വോട്ടെടുപ്പ് ആറു ദിവസത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൻജിത് സിംഗ് ഛന്നി തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി, പഞ്ചാബ് ലോക് കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയകക്ഷികളും ഇതേ ആവശ്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |