ആലപ്പുഴ : റേഷൻ കാർഡുകൾ സ്മാർട്ടാക്കുമ്പോൾ പലർക്കും മൊബൈൽ ഫോണിൽ ഒ.ടി.പി ലഭിക്കുന്നില്ലെന്ന് പരാതി. കാർഡുമായി നേരത്തെ ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ ഉപയോഗിക്കാത്തവരാണ് ഒ.ടി.പി ലഭിക്കാൻ പ്രയാസം നേരിടുന്നത്. അക്ഷയകേന്ദ്രങ്ങൾ വഴി സ്മാർട്ട് കാർഡിനായി അപേക്ഷിക്കുമ്പോൾ ലിങ്ക് ചെയ്യേണ്ട മൊബൈൽ നമ്പർ കൂടി നൽകിയാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.
കാർഡ് സ്മാർട്ടായാലും, പുസ്തക രൂപത്തിലുള്ള കാർഡിന്റെ സാധുത നിലനിൽക്കും. അതിനാൽ ഒ.ടി.പി ലഭിക്കാത്ത കാരണത്താൽ റേഷൻ മുടങ്ങില്ലെന്ന് അധികൃതർ പറഞ്ഞു. പുസ്തക മോഡൽ കാർഡുപേക്ഷിച്ച് സ്മാർട്ട് കാർഡിലേക്ക് മാറാൻ താരതമ്യേന തണുപ്പൻ പ്രതികരണമാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ളത്. കാർഡ് ന്യൂജെനാകുമ്പോൾ എ.ടി.എം കാർഡ് മാതൃകയിൽ പി.വി.സി കാർഡ് വേണമെന്നാണ് നിബന്ധനയെങ്കിലും ചില അക്ഷയകേന്ദ്രങ്ങൾ ലാമിനേഷൻ കാർഡുകൾ ഉപഭോക്താക്കൾക്ക് നൽകുന്നതായി പരാതി ഉയരുന്നുണ്ട്.
പാസ് വേഡ് ലഭ്യമായില്ലെങ്കിൽ
അപേക്ഷകന്റെ ആവശ്യപ്രകാരം താലൂക്ക്, സിറ്റി റേഷനിംഗ് ഓഫീസർമാരുടെ ലോഗിനിലുള്ള സെർച്ച് പാസ് വേഡ് പേജിൽ റേഷൻകാർഡ് നമ്പർ നൽകിയാൽ പാസ് വേഡ് ലഭ്യമാകും. റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ വിവരങ്ങളുമായി ഒത്തുനോക്കിയശേഷം പാസ്വേഡ് നൽകണമെന്നും അനാവശ്യമായി കാർഡുടമയെയോ അപേക്ഷകനെയോ ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തരുതെന്നുമുള്ള സർക്കാർ ഉത്തരവ് നിലവിലുണ്ട്.
പി.വി.സി കാർഡ് വേണം
1.അക്ഷയ ലോഗിനിലുള്ള പ്രിന്റ് ഓപ്ഷനിൽ പി.വി.സി കാർഡ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക
2.റേഷൻ കാർഡിന്റെ ബാർകോഡ് നമ്പർ ടൈപ്പ് ചെയ്ത ശേഷം പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
3.പി.ഡി.എഫ് ഡൗൺലോഡ് ചെയ്യുമ്പോൾ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ പാസ്വേഡ് ലഭ്യമാകും
4.കാർഡ് രൂപത്തിൽ പ്രിന്റെടുക്കാൻ സർവീസ് ചാർജും പ്രിന്റിംഗ് ചാർജുമുൾപ്പെടെ 65 രൂപ അക്ഷയ കേന്ദ്രത്തിൽ നൽകണം
സ്മാർട്ടായാൽ
തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം
നിലവിലുള്ള കാർഡിന്റെ അതേ നിറം
മുൻവശത്ത് കാർഡുടമയുടെ ഫോട്ടോ, പേര്, ബാർകോഡ്
കാർഡ് സ്മാർട്ടാക്കുന്നതിനോട് ജില്ലയിൽ പൊതുവേ തണുപ്പൻ സമീപനമാണ്. സ്മാർട്ടാകുന്നത് വരെ പുസ്തക രൂപത്തിലുള്ള കാർഡുപയോഗിച്ച് റേഷൻ വാങ്ങാവുന്നതിനാൽ ജനങ്ങൾ മെനക്കെടാൻ തയാറാകുന്നില്ല. പി.വി.സി കാർഡിന് പകരം ലാമിനേഷൻ കാർഡ് പ്രിന്റെടുത്ത് നൽകുന്ന പ്രവണത അവസാനിപ്പിക്കണം
- എൻ.ഷിജീർ, ഓർഗനൈസിംഗ് സെക്രട്ടറി,
റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |