വിവാദങ്ങളാൽ പുകയുകയാണ് മലയാള സിനിമ. സൂക്ഷിച്ചും കണ്ടും സോഷ്യൽ മീഡിയ കൈകാര്യം ചെയ്തില്ലെങ്കിൽ തൊടുന്നതെല്ലാം വിവാദം ആകുന്ന ഒരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. താരങ്ങളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. കാര്യമായ വിവാദങ്ങളിൽ ഒന്നും പെടാതെ അഭിനയം മാത്രമായി ഒതുങ്ങി നിൽക്കുന്ന സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ.എന്നാൽ വേണ്ടിടത്ത് വേണ്ടപോലെ പ്രതികരിക്കാൻ താരം മടി കാണിക്കാറില്ല. മനസാവാചാ അറിയാതെ ഒരു വിവാദത്തിൽ ചെന്ന് പെട്ടിരിക്കുകയാണ് താരമിപ്പോൾ! സ്വന്തം സിനിമയോ മറ്റുള്ളവരുടെ ചിത്രമോ എന്തുമായിക്കൊള്ളട്ടെ നല്ലതിനെ പ്രോത്സാഹിപ്പിക്കാൻ മടി കാണിക്കാത്ത നടിയാണ് നമ്മുടെ മഞ്ജു വാര്യർ. അതുകൊണ്ട് തന്നെ താരം ഇപ്പോൾ മേപ്പടിയാന്റെ ഒരു പോസ്റ്റർ ഷെയർ ചെയ്ത് പുലിവാൽ പിടിച്ചിരിക്കുകയാണ്.
മേപ്പടിയാൻ ടീമിനോ മറ്റുള്ള താരങ്ങൾക്കോ ഇല്ലാത്ത പ്രശ്നമാണ് സോഷ്യൽ മീഡിയയിൽ ചിലർക്കുള്ളത് എന്നാണ് മേപ്പടിയാൻ ടീമിൽ നിന്നും മഞ്ജു വാര്യരുമായി അടുത്തുനിൽക്കുന്നവരിൽ നിന്നും കിട്ടുന്ന വിവരം.
സംഭവം ഇങ്ങനെ
'സിനിമയുടെ പ്രമോഷന്റെ ഭാഗമായി മേപ്പടിയാൻ ചിത്രത്തിന്റെ ഒരു പോസ്റ്റർ മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. മുൻകാലങ്ങളിൽ അവരുടെ സോഷ്യൽ മീഡിയ പിന്തുടരുന്നവർക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് പ്രൊമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകൾ കുറച്ചു ദിവസത്തിന് ശേഷം അവർ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റാറുണ്ടെന്ന്.
'ബ്രോ ഡാഡി" അനൗൺസ് ചെയ്തപ്പോൾ തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്ത പോസ്റ്ററും ഇതുപോലെ തന്നെ പിന്നീട് അവർ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്യുകയുണ്ടായി. മേപ്പടിയാൻ സിനിമയിൽ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നത് കൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തത് എന്നാണ് വിമർശകർ പറയുന്നത്.
മഞ്ജു വാര്യർക്ക് എതിരെ കമന്റുകൾ ഇട്ട് പ്രതിഷേധിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ചില പ്രത്യേക താത്പര്യം മുൻനിർത്തി പലരും ഗൂഢ ഉദ്ദേശം വച്ച് അവർക്കെതിരെ പ്രവർത്തിക്കുകയാണെന്നും ഉണ്ണി മുകുന്ദനില്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക് ഉള്ളതെന്നുമാണ് നടനുമായി അടുത്തുനിൽക്കുന്നവർ ചോദിക്കുന്നത്. ചില നിലപാടുകൾ മൂലം മഞ്ജു വാര്യർക്കെതിരെ സൈബർ ആക്രമണം നടത്താൻ ഒരു വിഭാഗം ആളുകളെ ചട്ടം കെട്ടിയത് പോലെയാണ് തോന്നുന്നതെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നല്ല ഉദ്ദേശം മാത്രം ആണ് ലക്ഷ്യം, എങ്കിലും ആളുകൾ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുമ്പോൾ അതിനിരയാകുന്ന വ്യക്തിയുടെ മാനസിക അവസ്ഥകൂടി കണക്കിലെടുക്കാൻ കമന്റ് ചെയ്യുന്നവർ തയ്യാറാകണം.
സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ആണ് ഉണ്ണി മുകുന്ദനും മഞ്ജു വാര്യരും പറയുന്നത്. എന്തായാലും മഞ്ജു വാര്യരും ഉണ്ണി മുകുന്ദനും അടുത്ത സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. വിമർശകരുടെ വായടപ്പിക്കാൻ ഇതിലും നല്ലൊരു മറുപടി വേറെ വേണ്ടല്ലോ. അതേസമയം വിവാദങ്ങൾ തുടരുമ്പോഴും മികച്ച പ്രേക്ഷക പിന്തുയോടെ മേപ്പടിയാൻ പ്രദർശനം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |