ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ കലാപങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇന്നലെ ആദ്യ ശിക്ഷ വിധിച്ചു. ഡൽഹി ഗോകുൽപുരിയിലെ മനോരി എന്ന 73 കാരിയുടെ വീട് കത്തിച്ചതിനും കൊള്ളയടിച്ചതിനും ദിനേഷ് യാദവ് എന്ന മൈക്കിളിനെ അഞ്ച് വർഷം കഠിന തടവിന് ഡൽഹി അഡിഷണൽ സെഷൻസ് ജഡ്ജ് വീരേന്ദ്ര ഭട്ട് ശിക്ഷിച്ചു.
2021 ഡിസം. 6 ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്നലെ ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങളുമായി കലാപം, വീട്ടിൽ അതിക്രമിച്ച് കവർച്ച, തീവെച്ച് വീട് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിയുടെ മേൽ ചുമത്തിയത്. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിച്ചു. കലാപം നടത്തിയ 200 ഓളം വരുന്ന സംഘത്തിലെ പ്രധാനിയാണ് ദിനേശ് യാദവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.