തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിലെ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രിഷ്യൻ ഡിവിഷനിലെ ശാസ്ത്രജ്ഞൻ ഡോ. നിലാദ്രി ശേഖർ ചാറ്റർജി, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഏവിയോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി.എസ്. അനൂപ്, എർത്ത് ആൻഡ് സ്പേസ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.എം. റമിയ, പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.ആർ. ജയനാരായണൻ എന്നിവർക്കാണ് പുരസ്കാരം. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയ ഗവേഷണ നേട്ടങ്ങൾ കൈവരിക്കുന്നവർക്കാണ് യുവ ശാസ്ത്രജ്ഞ പുരസ്കാരം നൽകുന്നത്.
50,000 രൂപയുടെ കാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണ മെഡലും നിർദ്ദേശിക്കപ്പെടുന്ന പ്രോജക്ടുകൾക്കായി 50 ലക്ഷം രൂപ വരെയുള്ള ധനസഹായവും അടങ്ങിയതാണ് പുരസ്കാരം. ഒരു അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും നൽകും. ഫെബ്രുവരി 10ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടക്കുന്ന സയൻസ് കോൺഗ്രസിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |