കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലത്തിൽ 139.930 കിലോമീറ്റർ ദേശീയപാതയുടെ വികസനത്തിന് 7745 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശിച്ച് ദേശീയപാത അതോറിറ്റി.
ദേശീയപാത 66 ലെ പാക്കേജ് 3 ൽ ഉൾപ്പെട്ടെ 14.080 കിലോമീറ്റർ റോഡ് വികസനത്തിന് 665 കോടി, പാക്കേജ് 4 ലെ 31.25 കിലോമീറ്റർ വികസനത്തിന് 1385 കോടി, ദേശീയപാത 744 ൽ 49.8 കിലോമീറ്റർ വികസനത്തിന് 2808.52 കോടി, തിരുവനന്തപുരം - അങ്കമാലി എൻ.എച്ച് ഗ്രീൻഫീൽഡ് ഹൈവേ കൊല്ലം മണ്ഡലത്തിൽ 44.84 കിലോമീറ്റർ വികസനത്തിന് 2887 കോടി എന്നിങ്ങനെയാണ് പദ്ധതിക്കായി തുക വിലയിരുത്തിയിരിക്കുന്നതെന്ന് എം.പി വ്യക്തമാക്കി.
പുതിയ ഗ്രീൻഫീൽഡ്
ദേശീയപാത 744 ആര്യങ്കാവിൽ നിന്നാരംഭിച്ച് തെന്മല, പത്തടി, ചടയമംഗലം, പള്ളിക്കൽ വഴി ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്ത് എത്തിച്ചേരുന്ന പുതിയ ഗ്രീൻഫീൽഡ് നാഷണൽ ഹൈവേയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
സമാന്തരമായി ഗ്രീൻഫീൽഡ് ദേശീയപാത കൊല്ലം മണ്ഡലത്തിൽ 44.84 കിലോമീറ്റർ ദൂരം കടന്നുപോകും. പുതിയ പാതയുടെ അലൈൻമെന്റ് നടപടികൾ പുരോഗമിക്കുകയാണ്. 23.5 മീറ്റർ വീതിയിൽ 4 വരിപാതയും 7 മീറ്റർ വീതിയിൽ സർവീസ് റോഡുമാണ് നിർമ്മിക്കുന്നത്.
ദേശീയപാത 183
കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച് ഭരണിക്കാവ് വഴി തേനി വരെയുള്ള ദേശീയപാതയുടെ അലൈൻമെന്റ് നടപടികൾ പുരോഗമിക്കുന്നു. ഈ പാതയിൽ ചെമ്മക്കാട് റെയിൽവേ ഓവർ ബ്രിഡ്ജ് കഴിഞ്ഞ് ഭരണിക്കാവിലേയ്ക്ക് ഗ്രീൻഫീൽഡ് ബൈപ്പാസ് പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ദേശീയപാത 183 എ
ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് ഭരണിക്കാവിൽ 183 മായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിർദ്ദേശവും പരിഗണനയിലാണ്. ഈ പദ്ധതി എൻ.എച്ച് 183 ന്റെ ഭാഗമാക്കിമാറ്റാനുള്ള നിർദ്ദേശം മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ദേശീയപാത 66
ദേശീയപാത 66 ൽ കന്നേറ്റി മുതൽ കാവനാട് വരെയുള്ള ഭാഗം പാക്കേജ് 3ലും, കാവനാട് മുതൽ കടമ്പാട്ടുകോണം വരെ പാക്കേജ് 4 ലുമാണ് ഉൾപ്പെടുത്തിരിക്കുന്നത്. നാഷണൽ ഹൈവേ 66 ലെ പാക്കേജ് 3 ൽ ഉൾപ്പെട്ടെ 14.080 കിലോമീറ്റർ റോഡ് വികസനത്തിന് 665 കോടി, പാക്കേജ് 4 ലെ 31.25 കിലോമീറ്റർ വികസനത്തിന് 1385 കോടി രൂപയുമാണ് ചെലവ്. പാക്കേജ് 4ലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിലിൽ ആരംഭിക്കും.
''''
സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തീകരിച്ച് കൊല്ലം ബൈപ്പാസ് ആറുവരി പാതയാക്കുന്ന നിർമ്മാണ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കും. ദേശീയപാത വികസനത്തിൽ നിഥിൻ ഗഡ്ഗരി വലിയ പിന്തുണയാണ് നൽകുന്നത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |