SignIn
Kerala Kaumudi Online
Saturday, 11 May 2024 3.57 AM IST

വെ​ള്ള​വും​ ​ വെ​ളി​ച്ച​വും​ ​ ഗതാഗതവും​ ​സ​മ​ര​മു​ഖ​ത്ത്, ഇടത് സർക്കാരിന് സി.ഐ.ടി.യു പാര

hhh

 ജലം, വൈദ്യുതി, ഗതാഗത വകുപ്പുകളോട് യുദ്ധം

 മൂന്നും ഘടകകക്ഷികൾ ഭരിക്കുന്ന വകുപ്പ്

തിരുവനന്തപുരം: വെള്ളവും വെളിച്ചവും വഴിയും മുടക്കാൻ പ്രേരണയാകുന്ന സി.ഐ.ടി.യു പ്രതിരോധങ്ങൾ നവകേരള സൃഷ്ടിക്കുള്ള രണ്ടാം പിണറായി സർക്കാരിന്റെ കഠിനയത്നങ്ങൾക്ക് പാരയാകുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമവും സർക്കാർ ഓഫീസുകളെ ജനസൗഹൃദവുമാക്കാനുള്ള ശ്രമങ്ങളെ തകിടംമറിക്കുന്ന നിലയിൽ സി.പി.എമ്മിന്റെ വർഗ-ബഹുജന സംഘടനയായ സി.ഐ.ടി.യു തന്നെ രംഗത്തിറങ്ങിയത് ഒന്നാം വാർഷികത്തിലേക്ക് കടക്കുന്ന രണ്ടാം പിണറായി സർക്കാരിന് വെല്ലുവിളിയുമായി.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന, അവശ്യ സർവീസുകളായ ജലം, വൈദ്യുതി, ഗതാഗത വകുപ്പ് മാനേജ്മെന്റുകളോടാണ് സി.ഐ.ടി.യു കൊമ്പുകോർത്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ ശമ്പളനിഷേധമുയർത്തിയാണ് സമരമെങ്കിൽ കെ.എസ്.ഇ.ബിയിൽ മാനേജ്മെന്റ് തലപ്പത്തെ ചില നിലപാടുകളോടാണ് എതിർപ്പ്. അതേസമയം, ജല അതോറിട്ടിയിൽ സ്ഥാപന ശാക്തീകരണവുമായി ബന്ധപ്പെട്ട പുന:സംഘടനാ നീക്കത്തിനെയാണ് എതിർക്കുന്നത്.

സി.ഐ.ടി.യു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ഘടകകക്ഷികൾ ഭരിക്കുന്ന വകുപ്പുകൾക്കെതിരെയാണെന്നതും ശ്രദ്ധേയമാണ്. ഇടതുമുന്നണി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതും ഇതാണ്. മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന പരിഭവം ഘടകകക്ഷികളുയർത്തുന്നു. സി.പി.എമ്മിന്റെ പുതിയ വികസന കാഴ്ചപ്പാടിന് വിരുദ്ധവുമാണ് സമരം. സമരങ്ങൾ മുറുകിയാലത് സർക്കാരിന്റെ വാർഷികാഘോഷങ്ങൾക്ക് മങ്ങലേല്പിക്കുമെന്നുറപ്പ്.

അതേസമയം, ട്രേഡ് യൂണിയൻ സമരങ്ങളിൽ മുഖ്യമന്ത്രി ഇടപെടാതിരിക്കുന്നത് സംഘടനാനേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലടക്കം പ്രവർത്തനം മുടക്കിയുള്ള സംഘടനാപ്രവർത്തനത്തോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നേരത്തേ നടത്തിയ ഇടപെടലുകൾക്കെതിരെ സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രംഗത്ത് വന്നപ്പോഴും ഇതേ നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്.

കെ.എസ്.ആർ.ടി.സി

കെ-സ്വിഫ്റ്റ് കമ്പനി കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് തൊഴിലാളി വിരുദ്ധമെന്ന നിലപാടെടുത്ത സി.ഐ.ടി.യു പിന്നീട് സ്ഥാപനത്തിന്റെ നിലനില്പിനുള്ള വിട്ടുവീഴ്ചയെന്ന നിലയിൽ പിന്മാറി. എന്നാൽ ശമ്പളം മുടങ്ങിയതോടെ രൂക്ഷവിമർശനവുമായി ജനാധിപത്യ കേരള കോൺഗ്രസ് നേതാവായ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വീണ്ടും രംഗത്തെത്തി.

 കെ.എസ്.ഇ.ബി

ചെയർമാനെതിരെ ഓഫീസേഴ്സ് അസോസിയേഷൻ ആരംഭിച്ച തർക്കമിപ്പോൾ മന്ത്രിയും സംഘടനയുമെന്ന നിലയിലേക്കായി. പ്രശ്നത്തിൽ സർക്കാരോ സി.പി.എമ്മോ ഇടപെടുന്നില്ല. ഈഗോ ക്ലാഷ് ആണെന്നും വിലയിരുത്തലുണ്ട്. സസ്പെൻഷൻ പിൻവലിച്ചെങ്കിലും നേതാക്കളെ സ്ഥാലംമാറ്റിയതിനെ ജനതാദൾ-എസ് മന്ത്രി കെ.കൃഷ്ണൻകുട്ടി ന്യായീകരിച്ചത് സി.ഐ.ടി.യുവിനെ ചൊടിപ്പിച്ചു.

ജല വിഭവം

ശാക്തീകരണത്തിന്റെ ഭാഗമായി ജല അതോറിട്ടിയെ പുന:സംഘടിപ്പിക്കാനുള്ള നീക്കം തൊഴിലാളി വിരുദ്ധമാണെന്നാണ് സി.ഐ.ടി.യു ആരോപിക്കുന്നത്. മാനേജ്മെന്റ് നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായി സമരരംഗത്തിറങ്ങുമെന്നാണ് മുന്നറിയിപ്പ്. അത് വകുപ്പ് ഭരിക്കുന്ന കേരള കോൺഗ്രസ്-എമ്മിന്റെ മന്ത്രിയായ റോഷി അഗസ്റ്റിനെയാകും കൂടുതൽ പ്രതിസന്ധിയിലാക്കുക.

സ്ഥാപന വളർച്ച യൂണിയൻ

കടമയെന്ന് സി.പി.എം

കൊച്ചിയിൽ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച് അംഗീകരിച്ച 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് " എന്ന നയരേഖ പൊതുമേഖലയെപ്പറ്റി പറയുന്നതിങ്ങനെ:

1. ശമ്പള നിർണയത്തിൽ ജീവിതച്ചെലവിനോടൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തികശേഷി കൂടി കണക്കിലെടുക്കണം

2. സ്ഥാപനങ്ങൾ കാര്യക്ഷമമായും ലാഭകരമായും നടത്തുന്നതിന് തൊഴിലാളികളെ അണിനിരത്താൻ ട്രേഡ് യൂണിയനുകൾക്കാവണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.