SignIn
Kerala Kaumudi Online
Friday, 20 September 2024 2.31 PM IST

വെള്ളംകുടി മുട്ടിക്കുന്ന കുടിവെള്ള പദ്ധതി

Increase Font Size Decrease Font Size Print Page
thakazhy
തകഴിയിൽ പൊട്ടിയ ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ പൈപ്പിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

പ്രതിദിനം 62 ദശലക്ഷം ലിറ്റർ വെള്ളം ആലപ്പുഴ നഗരത്തിലും, സമീപത്തെ എട്ട് പഞ്ചായത്തുകളിലും എത്തിക്കുന്നതിനായി വിഭാവനം ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതി വ്യത്യസ്ത കാലയളവിലായി വെള്ളംകുടി മുട്ടിച്ചത് ഒന്നരവർഷത്തോളമാണ്. 2017 മേയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ 225 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്തത്. കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റ് കമ്മിഷൻ ചെയ്ത് അഞ്ചാം വർഷത്തിലേക്കെത്തുമ്പോഴും ശുദ്ധജലം തേടിയുള്ള ആലപ്പുഴക്കാരുടെ നെട്ടോട്ടത്തിന് യാതൊരു മാറ്റവുമില്ല. മുടക്കമില്ലാതെ കുടിവെള്ളം ലഭിക്കാൻ ആലപ്പുഴക്കാർ ഇനിയും എത്രനാൾ കാത്തിരിക്കണം?. അരലക്ഷം കുടുംബങ്ങളാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. കമ്മിഷൻ ചെയ്ത് തൊട്ടടുത്ത വർഷം മുതൽ ഇത് വരെ 70 തവണയാണ് കുടിവെള്ള പൈപ്പ് പൊട്ടി പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വന്നത്. ഓരോ തവണ പൊട്ടുമ്പോഴും, അറ്റകുറ്റപ്പണിക്ക് വേണ്ടി പൊളിക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാത. വാട്ടർ അതോറിട്ടിയുടെ വ്യവസ്ഥ പ്രകാരം അംഗീകാരം നൽകിയ പൈപ്പുകൾക്ക് പകരം നിലവാരം കുറഞ്ഞവ ഉപയോഗിച്ചതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. മറ്റ് ബ്രാൻഡുകളെക്കാൾ, ഒരു മീറ്ററിന് ആറായിരം രൂപ കുറവുള്ള പൈപ്പുകൾ ഉപയോഗിച്ചത് വഴി കരാറുകാരന് ലാഭമുണ്ടായതായി കാണിച്ചുള്ള പരാതിയിന്മേൽ വിജിലൻസ് അന്വേഷണം നടന്ന്, കുറ്റം തെളിയിക്കപ്പെട്ടിരുന്നു. ഒന്നരകിലോമീറ്റർ ഭാഗത്ത് നിലവാരം കുറഞ്ഞവയ്ക്ക് പകരം പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. സ്ഥിരം പൈപ്പ് പൊട്ടുന്ന അമ്പലപ്പുഴ കേളമംഗലം മുതൽ തകഴി പാലം വരെയുള്ള 371 മീറ്ററിലെ പൈപ്പ് പുനഃസ്ഥാപിച്ചു. പാലം മുതൽ തകഴി റെയിൽവേക്രോസ് വരെയുള്ള 1060 മീറ്റർ കൂടി പുനഃസ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. അതിന് ഇനിയും ഒരു മാസത്തിലധികം സമയം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. വാട്ടർ അതോറിട്ടിയുടെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ പദ്ധതി നിർവഹണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

ആലപ്പുഴ ശുദ്ധജല പദ്ധതിയിൽ നിന്ന് ജലവിതരണം തടസ്സപ്പെട്ടാൽ പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെ കുഴൽക്കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുകയാണ് പതിവ്. ഈ കുഴൽക്കിണറുകൾ കൂടി തകരാറിലായാൽ ശുദ്ധജലവിതരണം ആകെ താളംതെറ്റും. നിലവിൽ ശതാബ്ദി തികച്ച പൊട്ടൽ പരമ്പരയിൽ കരുമാടി പ്ലാന്റിന്റെ പ്രവർത്തനം മുടങ്ങിയതോടെ നഗരത്തിലെ 12 പമ്പിങ്ങ് സ്റ്റേഷനുകളിലെ കുഴൽക്കിണറുകളുടെ പ്രവർത്തനം 24 മണിക്കൂറാക്കിയിട്ടുണ്ട്. എന്നിട്ടും നഗരത്തിൽ പലയിടത്തും വെള്ളം എത്തുന്നില്ല. താരതമ്യേന ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലും, പൊതു പൈപ്പുകളിലുമാണ് ജലക്ഷാമം രൂക്ഷമാകുന്നത്. ഒരു തവണ പൈപ്പ് പൊട്ടുമ്പോൾ, കുറഞ്ഞത് മൂന്ന് ദിവസമാണ് അറ്റകുറ്റപ്പണിക്ക് വേണ്ടി പമ്പിങ്ങ് നിറുത്തിവെയ്ക്കുന്നത്. പൊതുകിണറുകളടക്കം ശുദ്ധജല സ്രോതസുക്കൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താത്തതിനാൽ, പമ്പിങ്ങ് നിലച്ചാൽ വെള്ളത്തിനായി ക്ഷമയോടെ കാത്തിരിക്കുക മാത്രമാണ് പലർക്കും നിർവാഹം.

കടപ്ര പഞ്ചായത്തിലെ സൈക്കിൾ മുക്കിൽ നിന്ന് ശേഖരിക്കുന്ന വെള്ളം കരുമാടി ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. അതേസമയം കുഴൽക്കിണറുകളിൽ നിന്നുള്ള ജലശുദ്ധീകരണ സംവിധാനം പൂർണമല്ല. ബീച്ചിങ്ങ് പൗഡർ കലക്കിയൊഴിക്കുന്നതായിരുന്നു പതിവ്. പിന്നീട് ക്ലോറിൻ സിലിണ്ടറുകൾ സ്ഥാപിച്ചെങ്കിലും അറ്റകുറ്റപ്പണികളില്ലാതെ അവയും പ്രവർത്തനരഹിതമായി. 100 മീറ്റർ താഴ്ചയിൽ നിന്ന് വരുന്നതിനാൽ കുഴൽക്കിണർ ജലത്തിന് ശുദ്ധീകരണത്തിന്റെ ആവശ്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കരുമാടിയിലെ പമ്പിങ്ങ് നിർത്തുമ്പോൾ, പല പൈപ്പ് ലൈനുകളിലും ദുർഗന്ധത്തോടെയുള്ള കലക്കവെള്ളം ലഭിക്കുന്നതും പതിവാണ്. പൈപ്പുകളിലോ ചോർച്ചയോ, അനധികൃതമായി ലൈനിൽ നിന്ന് മോട്ടോർ സ്ഥാപിച്ച് വെള്ളം വലിക്കുന്നതോ ആവാം പ്രശ്നകാരണമെന്നാണ് അനുമാനം. വെള്ളം ചോർത്തി എടുക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്ന് അധികൃതർ സ്ഥിരമായി പറയുന്നതല്ലാതെ യാതൊരു പരിശോധനകളും നടന്നിട്ടില്ല. പെട്രോളിനും, മണ്ണെണ്ണയ്ക്കും സമാനമായ ഗന്ധമുള്ള വെള്ളമാണ് പലയിടത്തും ചില ദിവസങ്ങളിൽ ലഭിക്കുന്നത്.

കോടികൾ മുടക്കിയ പദ്ധതി സ്ഥിരമായി പണിമുടക്കുന്നതോടെ, കുടിവെള്ളത്തിന് വേണ്ടി ആയിരങ്ങളാണ് ആലപ്പുഴക്കാ‌ർക്ക് ചെലവഴിക്കേണ്ടിവരുന്നത്. ആർ.ഒ പ്ലാന്റുകളിൽ നിന്നും മറ്റും വിലയ്ക്ക് വാങ്ങുന്ന ജലമാണ് കുടിക്കാനും പാചകത്തിനും ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. കുഴിൽക്കിണർ വെള്ളം പോലും ലഭിക്കാത്ത പ്രദേശങ്ങളുണ്ട്. വെള്ളം ലഭിക്കുന്ന പ്രദേശത്തെ വീടുകളിൽ പോയാണ് പലരും പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കുന്നത്. സ്ഥിരമായ അറ്റകുറ്റപ്പണികൾ മൂലം അമ്പലപ്പുഴ - തിരുവല്ല പാതയുടെ അടിഭാഗം പൂർണമായും ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇതോടെ വിലയ വാഹനങ്ങൾക്കടക്കം നിയന്ത്രണമേർപ്പെടുത്തുന്നതും പതിവാണ്.

ഫ്ലൂറൈഡും കോളിഫോം ബാക്ടീരിയയും നിറഞ്ഞ വെള്ളത്തിൽ നിന്നുള്ള മുക്തിയാണ് കുടിവെള്ള പദ്ധതിയോടെ ആലപ്പുഴക്കാർ പ്രതീക്ഷിച്ചിരുന്നത്. എക്കാലവും ആലപ്പുഴ നഗരത്തിന്റെ അതിരൂക്ഷമായ പ്രശ്നമാണ് കുടിവെള്ളം. നൂറ്റാണ്ടുകളായി ഭൂജലത്തെയാണ് നഗരവാസികൾ ആശ്രയിച്ചിരുന്നത്. കുഴൽക്കിണറുകൾ സ്ഥാപിച്ച് വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഓവർഹെഡ് ടാങ്കുകളിൽ വെള്ളം നിറച്ചാണ് വിതരണം ചെയ്തിരുന്നത്. അമിതമായ ഫ്ലൂറൈഡ് അടങ്ങിയതാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്ന വെള്ളം. സ്ഥിരമായ ഉപയോഗം മൂലം കുട്ടികളിലടക്കം ദന്തക്ഷയവും അസ്ഥികളിലെ ബലക്കുറവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യവും വലിയ വെല്ലുവിളി ഉയർത്തിയ കാലത്താണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായത്. എന്നാൽ അഞ്ച് വർഷം പിന്നിടുമ്പോഴും, പൂർണതോതിൽ പ്രയോജനം നൽകാൻ പദ്ധതിക്ക് സാധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.