തിരുവനന്തപുരം: തൃശ്ശൂർ പൂരത്തിന് കണ്ണൂർ ഇന്റർസിറ്റി,കണ്ണൂർ എക്സിക്യൂട്ടീവ്,പാലരുവി,പരശുറാം ട്രെയിനുകൾക്ക് പൂങ്കുന്നം സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.10,11തീയതികളിലാണ് പൂരം.കൂടാതെ തൃശ്ശൂർ,പൂങ്കുന്നം സ്റ്റേഷനുകളിൽ അധിക ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളും ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.പ്രത്യേക അനൗൺസ്മെന്റുകളുമുണ്ടാകും.
പൂരംകണ്ട് മടങ്ങുന്നവർക്കായി തൃശ്ശൂരിലെ ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും രണ്ടാം കവാടത്തിൽ ഒന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും ഉൾപ്പെടെ പതിനൊന്ന് കൗണ്ടറുകളും പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ രണ്ട് കൗണ്ടറുകളും ബുധനാഴ്ച വെളുപ്പിന് 3 മണിമുതൽ രാവിലെ 11 വരെ പ്രവർത്തിക്കും. പൂരനഗരിയിലെ ദിവാൻജി മൂലമുതൽ തൃശ്ശൂർ സ്റ്റേഷനിലേക്ക് കൂടുതൽ ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ പി ശശീന്ദ്രൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ബാലകൃഷ്ണൻ, ചീഫ് ബുക്കിംഗ് സൂപ്പർവൈസർ മീനാംബാൾ, ചീഫ് കൊമ്മേർഷ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ്. കുമാർ, ആർ.പി.എഫ് ഇൻസ്പെക്ടർ കേശവദാസ് എന്നിവർ പൂരനാളുകളിലെ റെയിൽവേസ്റ്റേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |