SignIn
Kerala Kaumudi Online
Saturday, 27 April 2024 8.09 AM IST

ഹൈവേയിൽ എത്ര അടി മുമ്പേ ഇൻഡിക്കേറ്റർ ഇടണം, ഇൻഡിക്കേറ്റർ ഇട്ടതു കൊണ്ട് മാത്രം യൂടേൺ എടുക്കാൻ സാധിക്കുമോ? മോട്ടോർ വാഹന നിയമത്തിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ അറിയാം

indicator-

ഒരു വാഹനത്തിലെ ഏറ്റവും ആവശ്യമുള്ളതും എന്നാൽ പലരും ഉപയോഗിക്കാൻ മടിക്കുന്നതുമായ കാര്യമാണ് ഇൻഡിക്കേറ്റർ ലൈറ്റുകൾ. വാഹനം വളയ്ക്കുന്നതിന് മുമ്പായിപിന്നിൽ നിന്നും മുന്നിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് സൂചന നൽകുന്ന സൗകര്യമാണ് ഇൻഡിക്കേറ്ററുകൾ. എന്നാൽ പലരും ഇതൊന്നും ഉപയോഗിക്കാതെ വെറുതേ വണ്ടി വളയ്ക്കുകയാണ് ചെയ്യുന്നത്. ചിലർ വണ്ടി വളവ് തിരിഞ്ഞു കഴിഞ്ഞാൽ പിന്നെ ഇൻഡിക്കേറ്ററിന്റെ കാര്യം മറക്കും. ഫലമോ പിന്നിൽ നിന്ന് വരുന്ന വണ്ടികളിലെ യാത്രക്കാർ ഈ വാഹനം എപ്പോൾ തിരിയും എന്നറിയാതെ ആശയകുഴപ്പത്തിലാകും.

യഥാർത്ഥത്തിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നതിന് കൃത്യമായ നിർദ്ദേശങ്ങൾ മോട്ടോർ വാഹന നിയമത്തിൽ ഉണ്ടെന്നതാണ് വസ്തുത. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതിനെകുറിച്ചുള്ള വിശദവിവരങ്ങൾ വ്യക്തമാക്കിയത്. തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇൻഡിക്കേറ്റർ ഇടേണ്ടത്. സാധാരണ റോഡിൽ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം. ഹൈവേയിലാണെങ്കിൽ ഏകദേശം 900 അടി മുമ്പ് വേണം. തിരിഞ്ഞശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ഹൈവേയിൽ ലൈൻ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോഴും ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം. യു ടേൺ എടുക്കുമ്പോൾ കുറഞ്ഞത് 30 മീറ്റർ മുമ്പെങ്കിലും ഇൻഡിക്കേറ്റർ ഇടണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിർദ്ദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പൊകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. നേരത്തെ ഹാൻഡ് സിഗ്നലുകൾ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇൻഡിക്കേറ്റർ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇൻഡിക്കേറ്റർ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇൻഡിക്കേറ്റർ ഇട്ടിരിക്കും.
തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇൻഡികേറ്റർ ഇടേണ്ടത്. സാധാരണ റോഡിൽ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം. ഹൈവേയിലാണെങ്കിൽ ഏകദേശം 900 അടി മുമ്പ് വേണം. തിരിഞ്ഞശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഹൈവേയിൽ ലൈൻ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോഴും ശരിയായ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. യു ടേൺ എടുക്കുമ്പോൾ 30 മീറ്റർ മുമ്പെങ്കിലും ഇൻഡിക്കേറ്റർ ഇടുക. ഇൻഡിക്കേറ്റർ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാൻ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എതിർ ദിശയിൽ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ. റിയർ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.
ലൈൻ മാറി ഓവർടേക്ക് ചെയ്യുമ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കുക. കൂടാതെ റൗൺഡ് എബൗട്ടിലും ഇൻഡിക്കേറ്റർ ഉപയോഗിക്കണം. ഒരിക്കലും ബ്രൈറ്റ് ലൈറ്റ് പ്രവർത്തിപ്പിച്ചുകൊണ്ട് ഇൻഡിക്കേറ്റർ ഇടരുത് കാരണം എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല. മറ്റൊരു വാഹനത്തിന് ഓവർടേക്ക് ചെയ്യാനുള്ള അനുമതി നൽകുന്നതിനായി യാതൊരു കാരണവശാലും വലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടരുത്. ഹാൻഡ് സിഗ്നൽ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കിൽ ഇടത് വശത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടുക. നിങ്ങൾ സൈഡ് ചേർക്കുകയാണെന്ന് ധാരയോടെ പിന്നിലുള്ള വാഹനം ഓവർടേക്ക് ചെയ്യും.
വാഹനത്തിന്റെ നാല് ഇൻഡിക്കേറ്ററും കൂടി ഒരുമിച്ച് ഇട്ടാൽ നേരെ പോകാം എന്നല്ല. ഹസാഡ് സിഗ്നൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, INDICATOR, VEHICLE, LIGHTS, TRAFFIC
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.