തിരുവനന്തപുരം: തോക്കുംവാങ്ങി, ലൈസൻസ് സമ്പാദിച്ചാൽ മാത്രം പോര, അത് കൃത്യമായി ഉപയോഗിക്കാനും അറിയണം. അതിനായി പൊലീസ് ജനങ്ങൾക്ക് വെടിവയ്ക്കുന്നതിന് ഉൾപ്പെടെ പരിശീലനം നൽകും. തോക്ക് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഈ പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധം. കേന്ദ്ര നിർദ്ദേശപ്രകാരമാണിത്. ലൈസൻസ് നേടുന്നതിനുള്ള പരിശീലനം സംബന്ധിച്ച് പ്രത്യേക മാനദണ്ഡം കേന്ദ്ര സർക്കാർ വൈകാതെ പുറത്തിറക്കും. പരിശീലനത്തിനുള്ള ഫീസും സിലബസും നിശ്ചയിച്ച് പൊലീസ് മേധാവി ഉത്തരവിറക്കി.
എട്ട് സായുധ ബറ്റാലിയനുകളിലാകും പരിശീലനം. കാലയളവ് 13 ദിവസം. വിവിധതലങ്ങളിലെ പരിശീലനത്തിന് ഫീസ് 1000 മുതൽ 5000 രൂപവരെ. ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിലെ രണ്ടാം വാരത്തിലാവും പരിശീലനം. 13-ാം ദിവസം സിലബസ് അടിസ്ഥാനമാക്കി എഴുത്തു പരീക്ഷ. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫോം എസ് ഒന്ന് പ്രകാരമുള്ള സർട്ടിഫിക്കറ്റ് നൽകും. കുടുംബവക തോക്കുള്ളവർക്കുംമറ്റും ലൈസൻസ് കൈമാറ്റം ചെയ്തു കിട്ടുമെങ്കിലും അത് സൂക്ഷിക്കാൻ പ്രത്യേകം ലൈസൻസ് നേടണം. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെങ്കിൽ പരിശീലനം നൽകില്ല.
ഫീസ് ഘടന
ഫയറിംഗ് ടെസ്റ്റ്- 5000
എഴുത്തു പരീക്ഷ- 1000
തോക്ക് വൃത്തിയാക്കൽ- 1000
പരിശീലന തയ്യാറെടുപ്പിനും നടപടി ക്രമങ്ങൾക്കും- 1000
പ്രവർത്തനം മനസിലാക്കാൻ- 1000
ആയുധ നിയമത്തെക്കുറിച്ച് ക്ളാസ്- 1000
സുരക്ഷിതമായി കൈകാര്യം ചെയ്യാൻ- 1000
തോക്കും തിരകളും സൂക്ഷിക്കുന്നത് അറിയാൻ- 1000
കേരളത്തിലെ തോക്ക് ലൈസൻസ്
നിയമസഭാ രേഖയിൽ- 8191
കേന്ദ്രസർക്കാർ കണക്കിൽ- 9,459
ലൈസൻസ് ലഭിക്കാൻ
കളക്ടറുടെ മേൽനോട്ടത്തിൽ തോക്കിന്റെ ആവശ്യത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി, ആർ.ഡി.ഒ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ അന്വേഷണം
ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചടക്കം പരിശോധന
മാനസികാരോഗ്യം ഉള്ളവരാണെന്ന റിപ്പോർട്ട്
തോക്ക് സൂക്ഷിക്കാൻ ലോക്കർപോലുള്ള സുരക്ഷിതസംവിധാനം
ലൈസൻസ് കാലാവധി 5 വർഷം, വാർഷികഫീസ് 500 രൂപ
പ്രതിവർഷം അനുവദിക്കുന്നത് 200 ബുള്ളറ്റുകൾ
ഒരുസമയം കൈവശം വയ്ക്കാവുന്നത് നൂറെണ്ണം
ഇവർക്ക് കിട്ടില്ല
ജയിൽശിക്ഷയനുഭവിച്ചവർ, ക്രിമിനൽകേസിൽ പെട്ടവർ, സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചവർ, മാനസികവൈകല്യമുള്ളവർ, പൊലീസ് സംരക്ഷണം കിട്ടുന്നവർ
തോക്ക് ലൈസൻസ്, ജില്ല തിരിച്ച്
തിരുവനന്തപുരം- 310
കൊല്ലം- 190
പത്തനംതിട്ട- 480
ആലപ്പുഴ-126
കോട്ടയം-1603
ഇടുക്കി- 428
എറണാകുളം- 1633
തൃശൂർ- 473
പാലക്കാട്- 83
മലപ്പുറം- 769
കോഴിക്കോട്- 228
വയനാട്- 148
കണ്ണൂർ- 738
കാസർകോട്- 982
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |