ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന എന്ന് ഏറ്റവും ലളിതമായി പറയാം. നമ്മുടെ രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവയാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളുടെ ഭരണഘടനയുടെ സത്തയും ഗുണാംശങ്ങളും നമ്മുടെ ഭരണഘടനയിൽ സ്വാംശീകരിച്ച് ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിയമ നിർമ്മാണം, നിയമനിർവഹണം, നിയമനീതിപാലനം എന്നിങ്ങനെ മൂന്നുഘടകങ്ങൾ ചേരുന്നതാണ് രാഷ്ട്രഭരണസംവിധാനം.
ഭരണഘടനയുടെ പിറവി
1946 ഡിസംബർ 11 ന് ഭരണഘടനാ നിയമനിർമ്മാണസഭയുടെ അദ്ധ്യക്ഷനായി ഡോ. രാജേന്ദ്രപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ബി. ആർ. അംബേദ്കർ അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണഘടനയുടെ കരടിന് രൂപം നൽകിയത്. 1947 ആഗസ്റ്റ് 29 ന് ഈ കരട് സഭയിൽ അവതരിപ്പിച്ചു.
ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് വേണ്ടി 1948 ജനുവരിയിൽ വിജ്ഞാപനം ചെയ്തു. എട്ടുമാസത്തിനുള്ളിൽ 7635 ഭേദഗതികളുടെ നിർദ്ദേശം ഉയർന്നു വന്നു. ഇതിൽ 2473 ഭേദഗതികൾ ചർച്ചയ്ക്കെടുത്തു. 1949 നവംബർ 26 ന് ഡോ. രാജേന്ദ്രപ്രസ് ഒപ്പുവച്ചതോടെ കരട് ഭരണഘടനയുടെ അന്തിമരൂപത്തിന് അംഗീകാരമായി. അതുകൊണ്ടാണ് നവംബർ 26 ഭരണഘടനാദിനം അഥവാ നിയമദിനമായി ആചരിക്കുന്നത്.
എഴുതപ്പെട്ടതും ബൃഹത്തും ഋജുവും ആയ നിയമസംഹിതയാണ് ഇന്ത്യൻ ഭരണഘടന.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായി വിശേഷിക്കപ്പെടുന്നത് ഇന്ത്യൻ ജനതയുടെ പരമാധികാരം, ജനാധിപത്യം, മൗലികപൗരാവകാശങ്ങൾ, രാഷ്ട്രനയനിർദ്ദേശകതത്വങ്ങൾ, മൗലികപൗരധർമ്മങ്ങൾ, ഭരണഘടനയുടെ ഫെഡറൽ സ്വഭാവം, ഭരണഘടനയുടെ പ്രഥമസ്ഥാനം, സ്വതന്ത്രനീതിന്യായവ്യവസ്ഥ, കാബിനറ്റ് ഭരണക്രമം, പാർലമെന്ററി സമ്പ്രദായം, പ്രായപൂർത്തി വോട്ടവകാശം, അധികാരവികേന്ദ്രീകരണവ്യവസ്ഥ, അന്താരാഷ്ട്ര തത്വങ്ങളുടെ അംഗീകരണവും പ്രാബല്യവും എന്നിവ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളാണ്.
താക്കോലാകുന്ന
മുഖവാചകം
ഭരണഘടന നമുക്ക് നൽകുന്ന അവകാശങ്ങളുടെ സംഗ്രഹിതരൂപമാണ്. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരതത്തിലെ ജനങ്ങൾ"" എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ഈ ആമുഖം എങ്കിലും ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൗഢമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. ഭരണഘടനയുടെ ആമുഖം അതിന്റെ ശില്പികളുടെ മനസിന്റെ താക്കോലാണെന്ന് പറയപ്പെടുന്നു. അതിന്റെ വ്യവസ്ഥകളുടെ അർത്ഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാനശിലകളായ തത്ത്വങ്ങൾ മനസിലാക്കുവാനും ആമുഖത്തിനുള്ള സ്ഥാനം ചെറുതല്ല.
ജനങ്ങളാൽ നിർമ്മിക്കപ്പെട്ട് ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ പ്രാവർത്തികമാക്കുന്നതാണ് നമ്മുടെ ഭരണഘടനയെന്ന് മുഖവാചകം പ്രഖ്യാപിക്കുന്നു. സ്വാതന്ത്യത്തിനുള്ള അവകാശം,സംസാരിക്കുന്നതിനും അഭിപ്രായപ്രകടനത്തിനും സ്വപ്രകാശത്തിനുമുള്ള സ്വാതന്ത്ര്യം, ആയുധരഹിതരായും സമാധാനപൂർവമായും സംഘം ചേരാനുള്ള സ്വാതന്ത്ര്യം, യൂണിയനുകളും അസോസിയേഷനുകളും ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം, ഇന്ത്യൻ പ്രദേശത്തെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, ഇന്ത്യൻ പ്രദേശത്തെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം, വാണിജ്യം, വ്യാപാരം, സംരംഭം ഉൾപ്പെടെ തൊഴിലോ ഏതെങ്കിലും അതിജീവനമാർഗമോ അവലംബിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |