ലോസ്ആഞ്ചലസ് : പോപ് ഗായിക ബ്രിട്നി സ്പിയേഴ്സും ( 40 ) നടനും പേഴ്സണൽ ട്രെയിനറുമായ സാം അസ്ഗറിയും ( 28 ) വിവാഹിതരായി. ബ്രിട്നിയുടെ മൂന്നാം വിവാഹമാണിത്. വ്യാഴാഴ്ച കാലിഫോർണിയയിലെ റിസോർട്ടിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അതിനിടെ, ബ്രിട്നിയുടെ വിവാഹചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ച ആദ്യ ഭർത്താവ് ജേസൺ അലക്സാണ്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് തൊട്ടുമുമ്പ് വേദിയിലേക്ക് അതിക്രമിച്ച് കയറിയ ജേസൺ " ബ്രിട്നി എന്റെ ആദ്യ ഭാര്യ, എന്റെ ഒരോയൊരു ഭാര്യ, ഞാൻ അവരുടെ ആദ്യ ഭർത്താവാണ്. ഈ കല്യാണം ഞാൻ മുടക്കും " എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ജേസൺ തന്നെ ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 2004 ജനുവരിയിലായിരുന്നു ജേസൺ - ബ്രിട്നി വിവാഹം. വെറും 55 മണിക്കൂറിനുള്ളിൽ ബാല്യകാല സുഹൃത്ത് കൂടിയായ ജേസണുമായുള്ള ബന്ധം വേർപെടുത്തിയ ബ്രിട്നി അതേ വർഷം സെപ്റ്റംബറിൽ ഗായകൻ കെവിൻ ഫെഡെർലൈനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. 2007ൽ ഇരുവരും വേർപിരിഞ്ഞു. തന്റെ രക്ഷാകർത്തൃഭരണം ഏറ്റെടുത്ത പിതാവ് ജാമി സ്പിയേഴ്സിന്റെ നിയന്ത്രണത്തിൽ നിന്ന് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ നവംബറിൽ ബ്രിട്നി മോചിതയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |