അമേതി: സ്മൃതി ഇറാനിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻപന്തിയിലുണ്ടായിരുന്ന ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ. പ്രാദേശിക നേതാവായ സുരേന്ദ്ര സിംഗ്(50) ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിൽവച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഉടൻതന്നെ ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആക്രമണത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു. കുറ്റക്കാരാണെന്ന് സംശയിക്കുന്ന കുറച്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വ്യക്തിപരമായോ രാഷ്ട്രീയ പരമായോയുള്ള എന്തെങ്കിലും തർക്കമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ പങ്കാളിയായിരുന്നു സുരേന്ദ്ര സിംഗ്. അമേതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച സ്മൃതി ഇറാനി 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |