കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവും അദ്ധ്യാപകനുമായ ഫർസീൻ മജീദിനെ സസ്പെൻഡ് ചെയ്തു. 15 ദിവസത്തേക്കാണ് മട്ടന്നൂർ യുപി സ്കൂളിലെ അദ്ധ്യാപകനായ ഫർസീനിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി കൂടിയാണ് ഫർസീൻ.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ ദിവസം മുതൽ ഫർസീനിനെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ഇന്ന് എസ് എഫ് ഐയും ഡി വൈ എഫ് ഐയും സ്കൂളിലേക്ക് പ്രകടനം നടത്തിയിരുന്നു. ഫർസീൻ മജീദ് ഇനി സ്കൂളിൽ വന്നാൽ അടിച്ച് കാൽ ഒടിക്കുമെന്ന് ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം എം ഷാജർ പറഞ്ഞതായും ആരോപണമുണ്ട്.
സ്കൂളിലേക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രകടനത്തിന് പിന്നാലെ ചില രക്ഷിതാക്കൾ സ്കൂളിൽ എത്തി വിദ്യാർത്ഥികളുടെ ടിസി ആവശ്യപ്പെട്ടതോടെയാണ് അദ്ധ്യാപകനെതിരെ നടപടിയെടുക്കാൻ സ്കൂൾ മാനേജ്മെന്റ് നിർബന്ധിതരായത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറും സ്കൂളിലെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |