SignIn
Kerala Kaumudi Online
Monday, 21 September 2026 9.10 AM IST

കല്ലുപാലത്തിലെ കള്ളക്കളി... ക്ഷമിക്കുന്നതിനും പരിധിയുണ്ട്...

t
കല്ലുപാലം നിർമ്മാണ പുരോഗതി നിലവിൽ

കൊല്ലം: കല്ലുപാലം പുനർനി​ർമ്മാണത്തി​ൽ കള്ളക്കളി​ നടത്തുന്ന കരാറുകാരൻ തിരുവനന്തപുരം സ്വദേശി ജോർജ്ജിനെ കരാറിൽ നിന്നൊഴിവാക്കി കരിമ്പട്ടികയിലാക്കണമെന്ന് ആവശ്യപ്പെട്ട് എം. മുകേഷ് എം.എൽ.എ ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി. പാലം പണി​ എത്രയും വേഗം പൂർത്തി​യാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുവർഷത്തിനിടെ എം.എൽ.എയുടെ നേതൃത്വത്തിൽ 19 തവണയാണ് കരാറുകാരനും വകുപ്പ് അധികൃതരും കൂടിക്കാഴ്ച നടത്തിയത്. യാതൊരു ഗുണവും ഉണ്ടായില്ലെന്ന് മാത്രമല്ല പണി എന്ന് പൂർത്തീകരിക്കുമെന്നതിലും വ്യക്തതയും ഉണ്ടായി​ല്ല. നിർമ്മാണ പ്രവർത്തനങ്ങളിൽ മനപൂർവം ഉദാസീനത വരുത്തിയ കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരമടക്കം ഈടാക്കണമെന്നുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്.

നാലു വർഷത്തോളം മുമ്പാണ് പാലം പുനർനിർമ്മാണം ആരംഭിച്ചത്. ഒരു വർഷത്തെ കരാർ കാലാവധിയിൽ തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ മേൽനോട്ടത്തിലാണ് ജോർജ് എന്ന കരാറുകാരൻ പാലത്തിൽ കൈവച്ചത്. പഴയപാലം പൊളിച്ചതോടെ ഇരുകരകളിലെയും വ്യാപാരികൾ വെള്ളത്തിലായി. കച്ചവടം ഇടിഞ്ഞതോടെ പലരും കടപൂട്ടി. പ്രദേശവാസികളും ദുരിതത്തിലായി. എന്നിട്ടും നിർമ്മാണം വേഗത്തിലാക്കാൻ കരാറുകാരന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായില്ല.

# ചരിത്രമുള്ള കല്ലുപാലം


തിരുവിതാംകൂർ രാജഭരണകാലത്ത് റാണി ഗൗരി പാർവതീഭായി റീജന്റായിരിക്കെ 1820ലാണ് കരിങ്കല്ലുകൾ ഉപയോഗിച്ച് കല്ലുപാലം നിർമ്മിച്ചത്. കൊല്ലം തോട്ടിലൂടെ എത്തുന്ന വള്ളങ്ങളിൽ നിന്ന് കമ്പോളത്തിലേക്കുള്ള ചരക്കുകൾ ഇറക്കാൻ പാലത്തോടു ചേർന്ന് കൽപ്പടവുകളും നിർമ്മിച്ചു. രാജകുടുംബത്തിന്റെ അടയാളമായ ശംഖുമുദ്റയും പാലത്തിലുണ്ടായിരുന്നു. കൊല്ലം തോടിന്റെ ഭാഗമായി അന്ന് കല്ലുപാലത്തിനും ഇരുമ്പ് പാലത്തിനുമൊപ്പം കൊച്ചുപിലാംമൂട്, താമരക്കുളം, പള്ളിത്തോട്ടം എന്നിവിടങ്ങളിൽ തടിപ്പാലവും നിർമ്മിച്ചിരുന്നു. ഊഴിയംവേല എന്നറിയപ്പെട്ടിരുന്ന അടിമ സമ്പ്രദായത്തിലാണ് നിർമ്മാണ പ്രവൃത്തികൾ നടന്നതെന്നും ചരിത്ര രേഖകളിലുണ്ട്.

 നീളം: 22 മീ​റ്റർ
 വീതി: 7.5 മീ​റ്റർ
 നടപ്പാത: 1.5 മീ​റ്റർ (ഇരുവശവും)

 ജലനിരപ്പിൽ നിന്നുള്ള ഉയരം: 5 മീ​റ്റർ

 ജലനിരപ്പിനോട് ചേർന്നുള്ള നീളം: 15 മീ​റ്റർ

 പഴയപാലം പൊളിച്ചുനീക്കിയത്: 2019 സെപ്തംബർ

 പുനർനിർമ്മാണം ആരംഭിച്ചത്: 2019 ഒക്ടോബർ

 കരാർ കാലാവധി: ഒരു വർഷം

 നിർവഹണ ഏജൻസി: ഉൾനാടൻ ജലഗതാഗത വകുപ്പ്

ഇനി പൂർത്തിയാകാൻ: സംരക്ഷണ ഭിത്തി, അപ്പ്രോച്ച് റോഡ്, ഫുട്പാത്ത്, ഭാരപരിശോധന

കരാറുകാരൻ: ജോർജ്ജ്, ഹെതർ ഇൻഫ്രാസ്ട്രക്ച്ർ, തിരുവനന്തപുരം

മുൻപരിചയം: ബഹുനില കെട്ടിട നിർമ്മാണം മാത്രം

കല്ലുപാലം നിർമ്മാണം അക്ഷരാർത്ഥത്തിൽ കല്ലുകടിയായി മാറിയിരിക്കുകയാണ്. നിരവധി തവണ കരാറുകാരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കരാറുകാരനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു കരാറുകാരനെ ഏൽപ്പിച്ച് തുടർപ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കും

എം. മുകേഷ് എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL