ന്യൂയോർക്ക്: ആകാശത്തിലൂടെ പറന്നെത്തുന്ന യന്ത്രം വഴി പാഴ്സൽ ഡെലിവറിയെന്ന ആമസോണിന്റെ ആശയം പത്ത് വർഷം മുമ്പ് പുറത്തുവന്നപ്പോൾ അതിന് സയൻസ് ഫിക്ഷൻ സിനിമയിലെ രംഗത്തിന്റെ പ്രാധാന്യമേ നൽകിയിരുന്നുള്ളൂവെങ്കിലും ഡ്രോൺ ഡെലിവറിയിലൂടെ ഇന്നത് യാഥാർത്ഥ്യമാവുകയാണ്.
യു.എസിൽ കാലിഫോർണിയയിലെ ചെറുപട്ടണമായ ലോക്ക്ഫഡിലാണ് സാങ്കേതിക പ്രശ്നങ്ങളും കർശന നിയമങ്ങളുടെ കടമ്പകളും മറികടന്ന് ഡ്രോൺ വഴി പാഴ്സൽ ഡെലിവറി ആരംഭിക്കുന്നത്. 4000 പേരാണ് ഇവിടെ വസിക്കുന്നത്.
ഈ വർഷം അവസാനത്തോടെ ട്രയൽ ആരംഭിക്കുമെന്നാണ് കമ്പനി നൽകുന്ന വിവരം. ലോക്ക്ഫഡ് നിവാസികൾക്കായിരിക്കും ഡ്രോണിൽ ഡെലിവറി ലഭിക്കുകയെന്ന് തിങ്കളാഴ്ചയാണ് ആമസോൺ അറിയിപ്പ് നൽകിയത്.
രണ്ട് കിലോയിൽ താഴെ ഭാരമുള്ള പാഴ്സലുകൾ ബുക്ക് ചെയ്താൽ ഒരു മണിക്കൂറിനകം ഡ്രോണിൽ എത്തിക്കും. തൊട്ടടുത്ത ആമസോൺ ഡെലിവറി സെന്ററിൽ നിന്ന് 24 കിലോ മീറ്റർ ചുറ്റളവിലായിലിരിക്കും വിതരണം. കസ്റ്റമറുടെ വീടിന്റെ പിന്നാമ്പുറത്ത് എത്തുന്ന ഡ്രോൺ സുരക്ഷിതമായ ഉയരത്തിൽ തങ്ങുമ്പോൾ പാഴ്സൽ സ്വീകരിക്കാം.
ഡ്രോൺ ഡെലിവറിയുമായി ബന്ധപ്പെട്ട് 2020ൽ അധികൃതർ നടത്തിയ സർവേയിൽ ഡ്രോണുകൾക്ക് വഴിയിൽ തടസ്സമായി കണ്ടെത്തിയിട്ടുള്ള വസ്തുക്കളുടെ ഡേറ്റ ലഭ്യമാക്കും. വർഷങ്ങളായി ഇൗ ലക്ഷ്യവുമായി ആമസോൺ രംഗത്തുണ്ടെങ്കിലും ഇപ്പോഴാണ് ഡെലിവറി നടത്താനുള്ള നിയമപരമായ അനുവാദം ലഭിച്ചത്.
ഇതിനായി നടന്ന ട്രയലുകളിൽ ഡ്രോൺ എട്ട് തവണ തകർന്നു വീണിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതരിൽ നിന്നുള്ള അന്തിമ അനുവാദത്തിനുള്ള ശ്രമത്തിലാണ് ആമസോൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |