SignIn
Kerala Kaumudi Online
Wednesday, 25 September 2024 3.56 PM IST

21-ാം വയസിൽ നാല് വർഷം കൊണ്ട് 12 ലക്ഷം രൂപ മിച്ചം പിടിച്ച എത്രപേർ നിങ്ങളുടെ ചുറ്റിലുമുണ്ടാകും, മടങ്ങിയെത്തിയാൽ സർക്കാർ ജോലിയിൽ മുൻഗണന: അഗ്നിപഥ് പദ്ധതിയുടെ ഗുണങ്ങൾ നിരത്തി സന്ദീപ്

Increase Font Size Decrease Font Size Print Page
agnipath

സായുധ സേനയിലേക്ക് യൂവാക്കളെ ആകർഷിക്കാനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയാണ്. പലയിടത്തും പ്രതിഷേധക്കാർ അക്രമാസക്തരാവുകയും ട്രെയിൻ അടക്കമുള്ള തീവച്ച് നശിപ്പിക്കുകയും ചെയ‌്തു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും, യുവാക്കൾക്ക് ഏറ്റവും പ്രയോജനപ്രദമായ പദ്ധതിയാണ് അഗ്നിപഥ് എന്നുമാണ് ബിജെപി പ്രതിരോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വചസ്‌‌പതിയുടെ വാക്കുകൾ ഇങ്ങനെ-

'അഗ്നിപഥ് പദ്ധതിയുടെ പേരിൽ അഗ്നി പടർത്തുന്നവരോട്...

17.5 നും 21 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരെ സൈനിക സേവനത്തിലേക്ക് ആകർഷിക്കാനും അത് വഴി സൈന്യത്തിന് പുതുരക്തം നൽകാനും ഉദ്യേശിച്ചുള്ള പദ്ധതിയാണ് അഗ്നിപഥ്. അല്ലാതെ രാജ്യത്തെ എല്ലാ ചെറുപ്പക്കാരെയും പിടിച്ചു കെട്ടി സൈനികനാക്കാനുള്ള നീക്കമല്ല. ജീവിതത്തിന്‍റെ ഒരു ഭാഗം രാഷ്ട്ര സേവനത്തിനായി നീക്കിവെക്കാൻ മനസുള്ളവരെ ആകർഷിക്കാനാണ് ഈ പദ്ധതി. ഇങ്ങനെ തയ്യാറാകുന്നവർക്ക് മാന്യമായ ശമ്പളവും അംഗീകാരവും രാഷ്ട്രം നൽകുകയും ചെയ്യും. അല്ലാതെ ആരും സൗജന്യമായി പോകേണ്ടതില്ല. 4 വർഷത്തെ സൈനിക സേവനത്തിന് പ്രതിമാസം 30,000 രൂപ മുതൽ 40,000 രൂപ വരെ ശമ്പളവും മടങ്ങിയെത്തുമ്പോൾ 11.75 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും കിട്ടും. (ഇത് നികുതി പരിധിയിൽ വരില്ല). 21-ാം വയസിൽ, 4 വർഷം കൊണ്ട്, 12 ലക്ഷം രൂപ മിച്ചം പിടിച്ച എത്രപേർ നിങ്ങളുടെ ചുറ്റിലുമുണ്ടെന്ന് പരിശോധിക്കണം. താമസം, ഭക്ഷണം എന്നിവയ്ക്കൊന്നും ചെലവില്ലാതെ ഒന്നാം വർഷം 30,000 രൂപ, രണ്ടാം 36,000, മൂന്നാം വർഷം 36,500, നാലാം വർഷം 40,000 രൂപ പ്രതിമാസ ശമ്പളവും കിട്ടും. ശമ്പളത്തിന്‍റെ നല്ലൊരു ഭാഗവും മിച്ചം പിടിക്കാൻ സാധിക്കും.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പദ്ധതിയിൽ ചേരാം. കര-നാവിക-വ്യോമ സേനകളിൽ അഗ്നിവീർ ആയി പ്രവേശിക്കാവുന്നതാണ്. 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അഗ്നിവീറിന് ലഭിക്കും. 6 മാസത്തെ പരിശീലനത്തിന് ശേഷം 3.5 വർഷമാണ് ജോലി ചെയ്യാവുന്നത്. കഴിവിന്‍റേയും ശാരീരിക ക്ഷമതയുടേയും അടിസ്ഥാനത്തിൽ 25% ആൾക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നതും അവർക്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതുമാണ്. മാത്രവുമല്ല 10-ാം ക്ലാസ് യോഗ്യതയുമായി അഗ്നിവീറായി പ്രവേശിക്കുന്നയാൾ തിരികെ എത്തുന്നത് 12-ാം ക്ലാസ് യോഗ്യതയുമായാണ്. അതേ പോലെ 12-ാം ക്ലാസുകാരൻ തിരികെയെത്തുക ഡിഗ്രികാരനായിട്ടായിരിക്കും. ഇനി മടങ്ങിയെത്തിയാലും രാജ്യത്തിന്‍റെ കരുതൽ നിങ്ങൾക്കൊപ്പമുണ്ടായിരിക്കും.

21-ാം വയസിൽ തിരികെ എത്തുന്ന അഗ്നിവീറിന് സർക്കാർ ജോലികളിൽ മുൻഗണന, സ്വയംതൊഴിൽ കണ്ടെത്താൻ സർക്കാർ സഹായം. ഇതിലെല്ലാം ഉപരി 4 വർഷത്തെ പട്ടാള ജീവിതം നൽകുന്ന ആത്മവിശ്വാസവും അച്ചടക്കവും. സംസ്ഥാന പൊലീസ് ഉൾപ്പടെയുള്ള ജോലികൾക്ക് അഗ്നിവീറിനായിരിക്കും ഇനി മുൻഗണന കിട്ടുക. ഇത് സംസ്ഥാന സർക്കാരുകൾക്കും ലാഭമുള്ള കാര്യമാണ്. 4 വർഷത്തെ സൈനിക പരിശീലനം കിട്ടിയ അഗ്നിവീറിനെ നേരിട്ട് പൊലീസിലേക്കും മറ്റ് സേനാവിഭാഗങ്ങളിലേക്കും നിയമിക്കാവുന്നതാണ്. അതായത് കേന്ദ്ര സർക്കാർ ചെലവിൽ സംസ്ഥാന പൊലീസ് പരിശീലനം നടക്കുമെന്ന് ചുരുക്കം. ഈ പദ്ധതി ഉള്ളതു കൊണ്ട് സാധാരണ ഗതിയിലുള്ള സൈനിക നിയമനം നിർത്തലാക്കില്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.

പിന്നെന്തിനാണ് പ്രതിഷേധം? ആരാണ് പ്രതിഷേധക്കാർ? ബിജെപിയെയും നരേന്ദ്രമോദിയേയും എങ്ങനെ താഴെയിറക്കാം എന്ന് ഗവേഷണം നടത്തുന്ന വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരും രാജ്യത്തെ ഛിന്നഭിന്നമാക്കാൻ നടക്കുന്ന ഊച്ചാളികളും കൈകോർത്തതാണ് കാണുന്നത്. അവരുടെ പ്രചരണത്തിൽ യുവാക്കൾ ആകൃഷ്ടരാകരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. പൊതുമുതൽ തീവെച്ചും തകർത്തും ക്രിമിനൽ കേസിൽ പ്രതികളാകുന്നവർക്ക് പിന്നീട് സർക്കാർ ജോലി കിട്ടാക്കനിയാകുമെന്ന് മനസിലാക്കുക. രാജ്യസേവനം ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യദ്രോഹികളാകാനാവില്ല. ബീഹാർ മാതൃകയിൽ കേരളത്തിലും പ്രതിഷേധത്തിന് യുവാക്കളെ തയ്യാറെടുപ്പിക്കാൻ ചില തത്പരകക്ഷികൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. അവരുടെ വലയിൽ വീണ് ഭാവി നഷ്ടമാക്കരുതെന്നാണ് അഭ്യര്‍ത്ഥന. അച്ചടക്കമുള്ള, കരുത്തുള്ള, ആത്മവിശ്വാസമുള്ള ഒരു തലമുറ വളർന്നു വരുന്നതിൽ അമർഷവും ഭയവുമുള്ളവരാണ് പ്രതിഷേധവുമായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരെ ചെറുത്ത് തോൽപ്പിക്കേണ്ടത് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പൗരന്മാരുടേയും കർത്തവ്യമാണ്. അതല്ല മോദി വിരോധം മാത്രമാണ് നിങ്ങളുടെ കൈമുതലെങ്കിൽ തെരുവിലിറങ്ങി അഗ്നി പടർത്താവുന്നതാണ്'.

അഗ്നിപഥ് പദ്ധതിയുടെ പേരിൽ അഗ്നി പടർത്തുന്നവരോട്... 17.5 നും 21 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരെ സൈനിക സേവനത്തിലേക്ക്...

Posted by Sandeep Vachaspati on Thursday, 16 June 2022

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AGNIPATH, AGNIPATH PROJECT, SANDEEP VACHASPATHI, INDIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.